പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം. ഇതൊരു ന്യായമായ ആവശ്യമാണെന്നും എല്‍ഡിഎഫിൻ്റെ പ്രധാന ഘടകക്ഷിയാണ് സിപിഐ എന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ നേതാക്കളില്‍ നിന്ന് ചര്‍ച്ചയുടെ പുരോഗതി തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎം- സിപിഐ ഭിന്നത പരിഹരിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡി രാജ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഐയുമായി ചര്‍ച്ചകള്‍ നടത്താനിരിക്കുകയാണ്.
പിണറായി വിജയന്‍ സിപിഐ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കുന്നതോടെ അവര്‍ വഴങ്ങിയേക്കും എന്നാണ് സിപിഐഎം നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ ഇതൊരു അഭിമാന പ്രശ്‌നമായി സിപിഐ നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ എന്ത് തീരുമാനമെടുക്കുമെന്ന് പ്രവചിക്കാനാകില്ല.


