വിശാഖപട്ടണത്തെ തിരമാലകൾക്കിടയിൽ ഒരു നിഗൂഢ രൂപം ഉയർത്തെഴുന്നേൽക്കുന്നു. അതൊരു വെറും വാക്കല്ല, മറിച്ച് ഇന്ത്യയുടെ കരുത്തിന്റെ അടയാളമാണ്… ഐഎൻഎസ് അരിദമൻ. ‘ശത്രുവിനെ നശിപ്പിക്കുന്നവൻ’ എന്ന് അർത്ഥമുള്ള ഈ സംസ്‌കൃത നാമം അന്വർത്ഥമാക്കിക്കൊണ്ട്, രാജ്യത്തിന്റെ മൂന്നാമത്തെ ആണവ അന്തർവാഹിനി (SSBN) നാവികസേനയുടെ ഭാഗമാവുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് വെച്ച് ഈ അത്യാധുനിക യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്യുമ്പോൾ, കടലിന്റെ ആഴങ്ങളിൽ ഇന്ത്യയുടെ പുതിയൊരു അധ്യായം കുറിക്കപ്പെടുകയാണ്.
7,000 ടൺ ഭാരമുള്ള ഈ ഭീമാകാരൻ തന്റെ മുൻഗാമികളായ ഐഎൻഎസ് അരിഹന്തിനേക്കാളും ഐഎൻഎസ് അരിഘാതിനേക്കാളും വലുപ്പത്തിലും കരുത്തിലും ഒരുപടി മുന്നിലാണ്. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ അതീവ രഹസ്യമായ അഡ്വാൻസ്ഡ് ടെക്‌നോളജി വെസൽ (ATV) പദ്ധതിക്ക് കീഴിലാണ് അരിദമൻ രൂപം കൊണ്ടത്. ശത്രുവിന്റെ കണ്ണിൽപ്പെടാതെ കടലിനടിയിലൂടെ 24 നോട്ട് വരെ വേഗതയിൽ കുതിച്ചുപായുന്ന ഈ അന്തർവാഹിനി ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയുടെ ഉത്തമ ഉദാഹരണമാണ്.
ഈ ‘ആഴക്കടൽ ഭീകരന്റെ’ ഹൃദയം 83 മെഗാവാട്ടിന്റെ ഒരു കംപാക്ട് ലൈറ്റ് വാട്ടർ റിയാക്ടറാണ് (CLWR). ഇതിന് കരുത്ത് നൽകുന്നതിനൊപ്പം, കടലിനടിയിൽ ശബ്ദം തീരെ കുറച്ചു സഞ്ചരിക്കാൻ സഹായിക്കുന്ന ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യയും അരിദമനെ വേറിട്ടു നിർത്തുന്നു. ശത്രുവിന്റെ ചലനങ്ങൾ ഒപ്പിയെടുക്കാൻ ഇന്ത്യ തന്നെ വികസിപ്പിച്ചെടുത്ത ‘ഉഷസ്’ (USHUS), ‘പഞ്ചേന്ദ്രിയ’ (Panchendriya) എന്നീ സോണാർ സംവിധാനങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആഴക്കടലിലെ ഈ കണ്ണ് വെട്ടിച്ചു കടന്നുപോവുക എന്നത് ഏതൊരു ശത്രുവിനും അസാധ്യമാണ്.
അരിദമന്റെ ആയുധശേഖരം ഏതൊരു വൻശക്തിയെയും ഭയപ്പെടുത്തുന്നതാണ്. സമുദ്രത്തിനടിയിൽ നിന്ന് ലംബമായി മിസൈലുകൾ തൊടുക്കാൻ കഴിയുന്ന എട്ട് വെർട്ടിക്കൽ ലോഞ്ച് സിസ്റ്റം (VLS) ട്യൂബുകൾ ഇതിലുണ്ട്. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള എട്ട് കെ-4 മിസൈലുകളോ അല്ലെങ്കിൽ 750 കിലോമീറ്റർ പരിധിയുള്ള 24 കെ-15 സാാഗരിക മിസൈലുകളോ ഒരേസമയം വഹിക്കാൻ ഇതിന് ശേഷിയുണ്ട്. ഭാവിയിൽ 6,000 കിലോമീറ്റർ ദൂരെയുള്ള ശത്രുവിനെ തകർക്കാൻ കെ-5 മിസൈലുകളും ഇതിൽ സജ്ജമാക്കാൻ സാധിക്കും.
ഇന്ത്യയുടെ ‘സെക്കൻഡ് സ്‌ട്രൈക്ക്’ (Second-strike) ശേഷിയെ ഈ അന്തർവാഹിനി പുതിയ തലത്തിലേക്ക് എത്തിക്കുന്നു. ഒരു ആണവാക്രമണമുണ്ടായാൽ കരയിലെ ലോഞ്ചറുകൾ തകർക്കപ്പെട്ടാലും, കടലിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന അരിദമന് തിരിച്ചടി നൽകാൻ സാധിക്കും. ഏത് നിമിഷവും സമുദ്രത്തിന്റെ ഏത് കോണിൽ നിന്നും ശത്രുവിന് നേരെ മിസൈലുകൾ തൊടുത്ത് വൻ നാശനഷ്ടങ്ങൾ വരുത്താൻ ഈ സംവിധാനം സഹായിക്കുന്നു. കടലിൽ എപ്പോഴും ഒരു ആണവ കാവൽ ഉറപ്പാക്കുന്ന ‘കണ്ടിന്യൂസ് അറ്റ്-സീ ഡിറ്ററൻസ്’ എന്ന ഇന്ത്യയുടെ ലക്ഷ്യം ഇതോടെ സഫലമാവുകയാണ്.
വിശാഖപട്ടണത്തിന് സമീപമുള്ള അതീവ സുരക്ഷാ കേന്ദ്രമായ ‘പ്രോജക്ട് വർഷ’യിലായിരിക്കും അരിദമൻ തന്റെ താവളം ഒരുക്കുക. ഐഎൻഎസ് ചക്ര കകക ഉൾപ്പെടെയുള്ള പുതിയ കരാറുകൾക്കൊപ്പം അരിദമന്റെ വരവ് ഇന്ത്യൻ സമുദ്രമേഖലയിലെ ശക്തിസമവാക്യങ്ങളെ പാടെ മാറ്റിയെഴുതും. ഇനി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ നീലിമയിൽ ഒരു അദൃശ്യ ശത്രു കാവലുണ്ടാകും, ശത്രുവിന്റെ ഉറക്കം കെടുത്തുന്ന, ഇന്ത്യയുടെ രക്ഷകനായ അരിദമൻ.



