...
Home News International ‘ഡാർക്ക് പ്രിൻസ്’ യുഗം; ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രി പദത്തിലേക്ക്

‘ഡാർക്ക് പ്രിൻസ്’ യുഗം; ബംഗ്ലാദേശിൽ താരിഖ് റഹ്‌മാൻ പ്രധാനമന്ത്രി പദത്തിലേക്ക്

താരിഖ് പുലർത്തിയ കൃത്യത ബിഎൻപിയുടെ വിജയത്തിൽ നിർണായകമായി മാറിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്

294

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) പൊതുതിരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കി അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. മുന്നൂറംഗ ജാതീയ സൻസദിൽ (ബംഗ്ലാദേശ് പാർലമെന്റ്) ഇരുനൂറിലധികം സീറ്റുകൾ നേടിയാണ് ബിഎൻപി തങ്ങളുടെ കരുത്ത് തെളിയിച്ചത്. പാർട്ടിയുടെ ആക്ടിങ് ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാൻ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. വോട്ടെണ്ണൽ ചിലയിടങ്ങളിൽ പൂർത്തിയാകാൻ ബാക്കിയുണ്ടെങ്കിലും ബിഎൻപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കി കഴിഞ്ഞു.

‘ഡാർക്ക് പ്രിൻസ്’ എന്ന വിളിപ്പേരുള്ള താരിഖ് റഹ്‌മാൻ്റെ നാടകീയമായ രാഷ്ട്രീയ തിരിച്ചുവരവാണ് ഈ വിജയത്തോടെ പൂർത്തിയായിരിക്കുന്നത്. ഖാലിദ സിയയുടെ രണ്ടാം ഭരണകാലത്ത് (2001-06) രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്ന താരിഖ്, അഴിമതി കേസുകളെയും വധശ്രമ ഗൂഢാലോചന കേസുകളെയും തുടർന്ന് 17 വർഷത്തോളം ലണ്ടനിൽ വിദേശ വാസത്തിലായിരുന്നു. 2025 ഡിസംബറിൽ മടങ്ങിയെത്തിയ അദ്ദേഹത്തിന്, ഭരണമാറ്റത്തിന് പിന്നാലെ പഴയ കേസുകളിൽ നിന്ന് വിമുക്തനാക്കപ്പെട്ടത് രാഷ്ട്രീയ പ്രവർത്തനത്തിന് വലിയ മുതൽക്കൂട്ടായി.

ഷേയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ, ബിഎൻപിയും ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന മുന്നണിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം നടന്നത്. ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി), ജമാഅത്തെ ഇസ്‌ലാമി സഖ്യത്തിൻ്റെ പ്രധാന ഭാഗമായിരുന്നു. രാജ്യത്ത് ആദ്യ ഇസ്‌ലാമിക ഭരണനേതൃത്വം കൊണ്ടുവരാനുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യങ്ങളെ മറികടന്നാണ് ബിഎൻപി ഈ വലിയ മുന്നേറ്റം നടത്തിയത്.

ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ അതികായ ആയിരുന്ന ഖാലിദ സിയയുടെ മരണശേഷം താരിഖ് റഹ്‌മാൻ പാർട്ടിയുടെ പൂർണ സാരഥ്യം ഏറ്റെടുക്കുകയായിരുന്നു. 2025 ഡിസംബറിൽ മകൻ തിരിച്ചെത്തി അഞ്ചാം ദിവസം ഖാലിദ സിയ വിടവാങ്ങി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും സഖ്യസാധ്യതകൾ പഠിച്ച് നടപ്പിലാക്കുന്നതിലും താരിഖ് പുലർത്തിയ കൃത്യത ബിഎൻപിയുടെ വിജയത്തിൽ നിർണായകമായി മാറിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.