...
Home News Kerala കെ.എം. മാണി പഠിപ്പിച്ച വഴിയിലൂടെ സഞ്ചരിക്കുന്ന പാർട്ടി; മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ് (എം)

കെ.എം. മാണി പഠിപ്പിച്ച വഴിയിലൂടെ സഞ്ചരിക്കുന്ന പാർട്ടി; മുന്നണി മാറില്ലെന്ന് കേരള കോൺഗ്രസ് (എം)

ഏതോ ചില സ്ഥാപിത താൽപ്പര്യക്കാരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും, ഇതിന് പിന്നിൽ യുഡിഎഫ് കേന്ദ്രങ്ങളാവാമെന്നും അദ്ദേഹം ആരോപിച്ചു.

290

കേരള കോൺഗ്രസ് (എം) മുന്നണി മാറുന്നു എന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തകൾ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം പൂർണ്ണമായും തള്ളി. മുന്നണി മാറ്റം എന്നത് ഇതുവരെ തുറക്കാത്ത ഒരു പുസ്തകമാണെന്നും, ആരെങ്കിലും ആ പുസ്തകം തുറന്നിട്ടുണ്ടെങ്കിൽ അവരത് വായിച്ചിട്ട് അടച്ചോളൂ എന്നുമാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്.

പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന വാർത്തകൾക്കിടെ, തങ്ങൾ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കാൻ ജോസ് കെ മാണിയും എം.എൽ.എമാരും മറ്റ് പ്രമുഖ നേതാക്കളും പാർട്ടി ഓഫീസിന് ഏതാണ്ട് 50 മീറ്റർ അകലെ വാഹനം നിർത്തി ഒന്നിച്ച് നടന്നാണ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലേക്ക് എത്തിയത്. പാർട്ടിയുടെ നിലപാട് ‘കോൺക്രീറ്റ്’ ആണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

നിലവിൽ കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ പ്രധാന അജണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുക എന്നതാണ്. മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിയുടെ അജണ്ടയിൽ പോലുമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ഏതോ ചില സ്ഥാപിത താൽപ്പര്യക്കാരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും, ഇതിന് പിന്നിൽ യുഡിഎഫ് കേന്ദ്രങ്ങളാവാമെന്നും അദ്ദേഹം ആരോപിച്ചു.

മുന്നണി മാറാൻ ഒരിടത്തുനിന്നും സമ്മർദ്ദമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കെ.എം. മാണി പഠിപ്പിച്ച വഴിയിലൂടെ സഞ്ചരിക്കുന്ന പാർട്ടിയാണിതെന്നും നിലപാടുകളിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.