കാനഡയിലെ നോവ സ്കോട്ടിയയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ തെക്കുകിഴക്കായി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സാബിൾ ദ്വീപ് പ്രകൃതിയുടെ അപൂർവ അത്ഭുതങ്ങളിലൊന്നാണ്. മനുഷ്യവാസമോ റോഡുകളോ സ്ഥിരം ജനവാസ കേന്ദ്രങ്ങളോ ഇല്ലാത്ത ഈ മണൽദ്വീപിൽ ഏകദേശം 500 കാട്ടുകുതിരകളാണ് സ്വതന്ത്രമായി ജീവിക്കുന്നത്.
42 കിലോമീറ്റർ നീളവും 1.5 കിലോമീറ്ററിൽ താഴെ വീതിയുമുള്ള സാബിൾ ദ്വീപ് നേർത്ത ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽപ്രദേശമാണ്. ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം ദ്വീപിന്റെ രൂപം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഇടതൂർന്ന മൂടൽമഞ്ഞും അപകടകരമായ കാലാവസ്ഥയും കാരണം ഇവിടെ 350ലധികം കപ്പലുകൾ തകർന്നിട്ടുണ്ട്. ഇതുകൊണ്ടാണ് സാബിൾ ദ്വീപിന് ‘അറ്റ്ലാന്റിക് ശ്മശാനം’ എന്ന വിശേഷണം ലഭിച്ചത്.
ഇത്രയും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നൂറ്റാണ്ടുകളായി കാട്ടുകുതിരകൾ ഇവിടെ അതിജീവിക്കുന്നത് ശാസ്ത്രജ്ഞരെയും ഗവേഷകരെയും ആകർഷിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ കോളനിക്കാർ കൊണ്ടുവന്ന് ഉപേക്ഷിച്ച ചില കുതിരകളാണ് ഇന്നത്തെ കൂട്ടത്തിന്റെ പൂർവികരെന്നാണ് കരുതപ്പെടുന്നത്.
ദ്വീപിലെ കുതിരകൾ പൂർണമായും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മനുഷ്യർ ഇവയ്ക്ക് ഭക്ഷണമോ വൈദ്യസഹായമോ നൽകുന്നില്ല. ദ്വീപിലെ പുല്ലുകളും പ്രകൃതിദത്ത ജലസ്രോതസ്സുകളുമാണ് ഇവയുടെ പ്രധാന ആശ്രയം. കഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെട്ട ഇവയ്ക്ക് സാധാരണ കുതിരകളേക്കാൾ ചെറിയ ശരീരവും ശക്തമായ ഘടനയും കട്ടിയുള്ള രോമവുമുണ്ട്.
കാട്ടുകുതിരകൾക്ക് പുറമെ നിരവധി അപൂർവ ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് സാബിൾ ദ്വീപ്. ലോകത്തിലെ പ്രധാന ഗ്രേ സീൽ പ്രജനന കേന്ദ്രങ്ങളിലൊന്നായ ഇവിടെ ഓരോ വർഷവും ആയിരക്കണക്കിന് സീൽ കുഞ്ഞുങ്ങൾ ജനിക്കുന്നു. തിമിംഗലങ്ങൾ, ഡോൾഫിനുകൾ, ഹാർബർ സീലുകൾ, ദേശാടന പക്ഷികൾ എന്നിവയ്ക്കും ദ്വീപ് പ്രധാന ആവാസമേഖലയാണ്.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാനഡ സർക്കാർ സാബിൾ ദ്വീപിനെ ‘സാബിൾ ഐലൻഡ് നാഷണൽ പാർക്ക് റിസർവ്’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ദ്വീപിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, തീരദേശ മണ്ണൊലിപ്പ്, ജീവജാലങ്ങളുടെ അതിജീവനം തുടങ്ങിയ വിഷയങ്ങളിൽ പഠനം നടത്തുന്ന പ്രകൃതിദത്ത ഗവേഷണ കേന്ദ്രമായും സാബിൾ ദ്വീപ് മാറിയിട്ടുണ്ട്.
മനുഷ്യ ഇടപെടലുകൾ പരമാവധി കുറച്ച് ഈ അപൂർവ പ്രകൃതി സമ്പത്തിനെ സംരക്ഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.


