...
Home Business ജിദ്ദ ടവർ 2028ൽ പൂർത്തിയാക്കും; ഒരു കിലോമീറ്ററിലധികം ഉയരമുള്ള അംബരചുംബി

ജിദ്ദ ടവർ 2028ൽ പൂർത്തിയാക്കും; ഒരു കിലോമീറ്ററിലധികം ഉയരമുള്ള അംബരചുംബി

സൗദിയെ റിയൽ എസ്റ്റേറ്റ് വികസനം, വാസ്‌തുവിദ്യ എന്നിവയിൽ ആഗോള തലത്തിൽ ഒരു പ്രധാന കേന്ദ്രമായി ഉയർത്തുമെന്ന് കരുതപ്പെടുന്നു

214

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ജിദ്ദ ടവറിന്‍റെ നിർമാണം, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ പുനരാരംഭിച്ചു. കിങ്‌ഡം ഹോൾഡിങ് കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ജിദ്ദ ഇക്കണോമിക് കമ്പനി ആണ് നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചത്. 2028ൽ ടവർ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു കിലോമീറ്ററിലധികം ഉയരമുള്ള ഈ അംബരചുംബി, സൗദി അറേബ്യയുടെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു.

2013ൽ ആരംഭിച്ച നിർമാണത്തിൽ 157 നിലകളിലായി പടുത്തുയർത്തപ്പെടുന്ന ടവർ കോംപ്ലക്സിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ, റസിഡൻഷ്യൽ യൂനിറ്റുകൾ, ഷോപ്പിങ് മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിരീക്ഷണ ഗോപുരം, വിനോദ കേന്ദ്രങ്ങൾ എന്നിവ ഉണ്ടാകും. 63 നിലകളുടെ നിർമാണം ഇതിനകം പൂർത്തിയായി. 59 എലിവേറ്ററുകളും 12 എസ്‌കലേറ്ററുകളും സ്ഥാപിച്ചുകഴിഞ്ഞു. 80 ടൺ സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച മുന്നിലെ ഗ്ലാസ് ഭാഗങ്ങളും എനർജി ഇൻസുലേറ്റിംഗ് സാങ്കേതിക വിദ്യയും ഇതിനകം പൂർത്തിയാക്കപ്പെട്ടു.

നിർമാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് ടവറുകളിൽ രണ്ടെണ്ണം സൗദി അറേബ്യയിലായിരിക്കും. 601 മീറ്റർ ഉയരമുള്ള മക്കയിലെ ക്ലോക്ക് ടവറിന് പിന്നാലെ, ഒരു കിലോമീറ്റർ ഉയരമുള്ള ജിദ്ദ ടവറുമായിരിക്കും ഈ നേട്ടം.

ഈ ടവർ പൂർത്തിയാക്കുന്നത്തോടെ സൗദിയെ റിയൽ എസ്റ്റേറ്റ് വികസനം, വാസ്‌തുവിദ്യ എന്നിവയിൽ ആഗോള തലത്തിൽ ഒരു പ്രധാന കേന്ദ്രമായി ഉയർത്തുമെന്ന് കരുതപ്പെടുന്നു. പ്രോജക്റ്റിൽ കുറഞ്ഞ താപ ശേഷിയുള്ള ഗ്ലാസ് മുഖങ്ങൾ, പ്രകൃതിദത്ത വായു പ്രവാഹം മെച്ചപ്പെടുത്തൽ, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള സുസ്ഥിര നിർമാണ സാമഗ്രികൾ, ഊർജ ഉപഭോഗം കുറയ്ക്കാനുള്ള നൂതന സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ലോകത്തിലെ ഉന്നതമായ ടവറുകൾ രൂപകല്പന ചെയ്‌ത അമേരിക്കൻ വസ്‌തു ശില്പിയായ അഡ്രിയാൻ സ്‌മിത്താണ് ടവറിന്‍റെ രൂപകൽപന നിർവഹിച്ചത്. ദുബൈയിലെ ബുർജ് ഖലീഫ, അദ്ദേഹത്തിൻ്റെ മുൻകാലത്തെ പ്രസിദ്ധമായ പദ്ധതികളിൽ ഒന്നാണ്. 720 കോടി റിയാൽ മുടക്കിൽ പടുത്തുയർത്തപ്പെടുന്ന ഈ പദ്ധതിക്കായി കിങ്‌ഡം ഹോൾഡിങ് കമ്പനി ബിൻലാദിൻ ഗ്രൂപ്പുമായി കരാർ ഒപ്പുവെച്ചിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.