| എമ്മെസ് ഷൈജു
ശ്രീകണ്ഠൻ നായർ മികച്ച ഒരു അവതാരകനാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പക്ഷേ അദ്ദേഹം ഒരു ജേർണലിസ്റ്റല്ല. അദ്ദേഹത്തിൻ്റെ ഫീൽഡ് അതല്ല. അദ്ദേഹം സംരംഭക ബോധമുള്ള നല്ലൊരു എൻ്റർടെയ്നറാണ്. പുള്ളി വെടിപ്പായി ആ പണി ചെയ്യുകയും ചെയ്യും. ഫ്ലവേഴ്‌സ് എന്ന ഒരു വിനോദ ചാനൽ മികച്ച നിലയിൽ നടത്തിക്കൊണ്ട് നേടിയെടുത്ത മൂലധനത്തിലാണ് ട്വൻ്റി ഫോർ എന്ന പേരിൽ ഒരു ന്യൂസ് ചാനൽ ശ്രീകണ്ഠൻ നായർ ആരംഭിക്കുന്നത്.
ഒന്നാമതാകുക എന്നത് അയാളുടെ വാശിയാണ്. അതിനായി അയാളും അയാളുടെ ടീമും എന്തും ചെയ്യും. അയാളുടെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയ എല്ലാവരോടും അയാൾക്ക് വൈരാഗ്യമുണ്ട്. കിട്ടുന്നേടത്ത് വെച്ച് അയാൾ അതിൻ്റെ കണക്ക് തീർക്കുകയും ചെയ്യും. റിപ്പോർട്ടർ ടിവിക്കെതിരെ മനോരമക്കൊപ്പം മുന്നിൽ നിന്ന് മാധ്യമ യുദ്ധം നയിച്ചത് ശ്രീകണ്ഠൻ നായരും ടീമുമായിരുന്നു. ഒന്നാം സ്ഥാനത്ത് നിന്ന് പിന്നിലേക്കായിപ്പോയ ട്വൻ്റി ഫോറിനെ മുന്നോട്ട് കുതിപ്പിക്കാൻ പറ്റിയ ഒരു കണ്ടൻ്റായാണ് അയാൾ എവിടെ നിന്നോ കിട്ടിയ കുറുപ്പ് വാർത്തയെ കണ്ടത്.
കുറുപ്പ് വാർത്ത അയാൾ കണ്ണും പൂട്ടി എറിഞ്ഞ ഒരു എറിയാണെന്നാണ് മനസിലാക്കുന്നത്. ഇനി വാർത്ത ശരിയല്ലെങ്കിൽ പോലും ചില സംശയങ്ങളെ നില നിർത്തി അതങ്ങ് അവസാനിച്ച് പോകുമെന്നാകണം അയാൾ കണക്ക് കൂട്ടിയത്. അതിനിടയിൽ ട്വൻ്റി ഫോറിൻ്റെ വ്യൂവർഷിപ്പ് കൂട്ടി നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയും ചെയ്യാം. ഈ കണക്ക് കൂട്ടൽ തെറ്റിപ്പോയതാണ് ട്വൻ്റി ഫോറിന് ഇപ്പോൾ പറ്റിയ ദുരവസ്ഥക്ക് കാരണം.
ശ്രീകണ്ഠൻ നായർ ഇതൊക്കെ അതിജയിക്കും. പക്ഷേ ഹാഷ്മി ഇതെങ്ങനെ തരണം ചെയ്യും? വല്ലവരും ഫീൽഡിൽ നിന്ന് കൊടുക്കുന്നതിനെ മുന്നും പിന്നും നോക്കാതെ ഫ്ലോറിൽ ഇരുന്ന് എടുത്ത് വീശുന്ന പണി മാത്രമേ അയാൾക്കറിയൂ എന്ന വിമർശകരുടെ അഭിപ്രായങ്ങളെ അക്ഷരം പ്രതി അംഗീകരിക്കുന്ന ഒരവസ്ഥയിലാണ് ഇപ്പോഴയാൾ നിൽക്കുന്നത്. ഈ വാർത്തയിൽ യാതൊരു ജേർണലിസ്റ്റിക് സെൻസും അയാളുടെ ഭാഗത്ത് നിന്നുണ്ടായില്ല. അത് കൊണ്ട് അൾട്ടിമേറ്റിലി കുറുപ്പ് വാർത്താ വിവാദം നഷ്ടമുണ്ടാക്കുന്നത് ശ്രീകണ്ഠൻ നായർക്കല്ല, ഹാഷ്മിയുടെ കരിയറിനായിരിക്കും.


