...
Home News Kerala വിഡി സതീശൻ ചെയ്തുകൊണ്ടിരിക്കുന്ന ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ട

വിഡി സതീശൻ ചെയ്തുകൊണ്ടിരിക്കുന്ന ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ട

സ്വാതന്ത്രത്തിന് ശേഷം മോസ്‌കോയിൽ മഴ പെയ്യുമ്പോൾ ഇവിടെ കുട പിടിക്കാൻ മുന്നിലുണ്ടായിരുന്നത് കോൺഗ്രസ് ഭരണാധികാരികൾ തന്നെയായിരുന്നു. നെഹ്‌റുവിന്റെ കാലം തൊട്ട് ഇങ്ങോട്ട് ഇന്ത്യയുടെ ഉറ്റ ചങ്ങാതിയായിരുന്നു സോവിയറ്റ് റഷ്യ.

248

| ശ്രീകാന്ത് പികെ

വി.ഡി സതീശൻ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്, അല്ലെങ്കിൽ അദ്ദേഹത്തെ ഏൽപ്പിച്ചവർ അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നത് ഒരു ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ടയാണ്. ഒരു ഭാഗത്ത് കമ്യൂണിസ്റ്റ് പാർടിയെ അതിന്റെ ചരിത്ര പോരാട്ടങ്ങളെ, വർത്തമാന രാഷ്ട്രീയത്തെ അപ്രസക്തമാക്കി കേരള പൊതുസമൂഹത്തെ കുറിച്ച് പൊതുവെ പറയുന്ന ഇടതുപക്ഷ അവബോധത്തെ ഇല്ലാതാക്കുകയും മറു ഭാഗത്ത് അനിയന്ത്രിത സ്വകാര്യവൽക്കരണങ്ങളിലൂടെ കേരളത്തിന്റെ സർവ്വ മേഖലകളിലും കോർപ്പറേറ്റ് താല്പര്യങ്ങൾക്കായി വിട്ടു കൊടുക്കുകയും ചെയ്യുന്ന ഒരു ലാർജർ പ്രൊജക്റ്റാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ഏറ്റെടുത്തിരിക്കുന്നത്.

സോവിയറ്റ് റഷ്യ മുതൽ ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ കമ്യൂണിസ്റ്റുകാരെ വരെ കള്ളങ്ങളാൽ അപനിർമ്മിക്കാൻ വലിയ വായനക്കാരൻ എന്നവകാശപ്പെടുന്ന സതീശൻ ഇപ്പോൾ പരിശ്രമിക്കുന്നത് കേവല രാഷ്ട്രീയ തർക്ക – വിതർക്കങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതല്ല.

ശിപായി ലഹള എന്നറിയപ്പെട്ട 1857 – ലെ ഒന്നാം സ്വാതന്ത്ര സമരത്തെ തുടർന്ന് അപകടം മണത്ത ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെയുള്ള വികാരം തണുപ്പിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള ഒരു ഡയലോഗ് പ്ലാറ്റ്ഫോം പോലെ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ അതി സമ്പന്നന്മാരായ അപ്പർ കാസ്റ്റ് – അപ്പർ ക്ലാസ് ഫ്യൂഡൽ ഭൂ പ്രഭുക്കന്മാരെയും റിട്ടയേഡ് ഉദ്യോഗസ്ഥരേയുമൊക്കെ ഉൾപ്പെടുത്തി ഉണ്ടാക്കിയ ഒരു ക്ലബ് സെറ്റ് അപ്പായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

ഇത് കേവലം രാഷ്ട്രീയ ആരോപണമല്ല, പാർടി സ്ഥാപകനും ബ്രിട്ടീഷ് സിവിൽ സർവെന്റ് ഉദ്യോഗസ്ഥനുമായ എ. ഒ ഹ്യൂമിന്റെ കത്തിൽ തന്നെ ഇമ്പീരിയൽ ബ്രിട്ടനെതിരെയുള്ള ജനങളുടെ ആഗ്രഷൻ തണുപ്പിക്കാനുള്ള ‘സേഫ്റ്റി വാൾവായി’ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണത്തെ കുറിച്ച് പറയുന്നുണ്ട്.

ആ കോൺഗ്രസ് പാർടി ഇരുപതാം നൂറ്റാണ്ടിലേക്ക് കടന്നതിന് ശേഷം മാത്രം ലോകത്ത് പല ഭാഗങ്ങളിൽ ഉയർന്നു വന്ന കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ആശയമുൾക്കൊണ്ടാണ് സ്വാതന്ത്രത്തെ കുറിച്ച് കാര്യമായി ചിന്തിച്ചത് തന്നെ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒന്നാം ലോക യുദ്ധാനന്തരം സംഭവിച്ച മഹത്തായ ഒക്ടോബർ വിപ്ലവവും സോവിയറ്റ് യൂണിയന്റെ രൂപീകരണവും. സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് വിപ്ലവവും ലോകത്തെ അനേകം കോളനി രാജ്യങ്ങളിലെ യുവാക്കളെയും സ്വാതന്ത്ര പോരാളികൾക്കും അടങ്ങാത്ത ഊർജ്ജം നൽകി. ബോൾഷെവിക്കുകളുടെ നേതൃത്വത്തിൽ റഷ്യയിൽ ചക്രവർത്തി – ഭൂ പ്രഭു വർഗ്ഗത്തിനെതിരെ വിപ്ലവം നടത്തി അധികാരം പിടിച്ചതിൽ ഏറ്റവും ആകൃഷ്ടനായ വ്യക്തികളിൽ ഒരാളുടെ പേര് ഭഗത് സിംഗ് എന്നാണ്.

സ്വാതന്ത്ര സമരം നടക്കുന്ന കാലത്തും സ്വാതന്ത്രം കിട്ടുന്ന വേളയിലുമൊക്കെ കോൺഗ്രസ് നേതാക്കൾക്ക് ബ്രിട്ടീഷ് ഗവൺമെന്റുമായി നല്ല ബന്ധമായിരുന്നു. ഒരു മേശക്കിപ്പുറവും അപ്പുറവും ഇരുന്ന് ചായ കുടിച്ച് കൊണ്ട് ഡയലോഗിലേർപ്പെടാനുള്ള സാഹചര്യം കോൺഗ്രസ് നേതാക്കൾക്കും പാർടിക്കുമുണ്ടായിരുന്നു. അത് മുസ്ലീം ലീഗിനുമുണ്ടായിരുന്നു. ഈ നേതാക്കളെ സ്പോൺസർ ചെയ്യാനും അവരുടെ ചെലവുകൾ വഹിക്കാനും അന്നത്തെ ഇന്ത്യയിലെ വലിയ ധനാഡ്യന്മാരായ വ്യവസായ കുടുംബങ്ങളും – ബാരിസ്റ്റർ കുടുംബങ്ങളുമുണ്ടായിരുന്നു.

എന്നാൽ കമ്യൂണിസ്റ്റ് പാർടി ഒരു മുഴു പാർടിയായി രൂപം കൊള്ളുന്നതിന് മുന്നേ തന്നെ നിരോധിക്കപ്പെട്ട ആശയമായി, കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വധ ശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. ഒളിവിൽ നിന്നല്ലാതെ ഭൂരിഭാഗം കാലത്തും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾക്ക് പ്രവർത്തനം പോലും സാധിച്ചിരുന്നില്ല. കോൺഗ്രസ് എന്നറിയപ്പെടുന്നത് പ്രിവിലേജായിരുന്ന കാലത്തെ കുറിച്ചാണ് സതീശനൊക്കെ കമ്യൂണിസ്റ്റ് പാർടിയുടെ സ്വാതന്ത്ര സമര ഇടപെടലൊക്കെ പുച്ഛിക്കാൻ തോന്നുന്നത്. ആന്റമാൻ ജയിലിലെ ചുവരിൽ പതിഞ്ഞ പേരുകൾ പറയും സ്വാതന്ത്ര സമര കാലത്തെ കമ്യൂണിസ്റ്റുകാരെ കുറിച്ച്. സി.പി.ഐ.എമ്മിന്റെ ആദ്യ പോളിറ്റ് ബ്യൂറോയിലെ മുഴുവൻ പേരിലും സ്വാതന്ത്ര സമര പോരാട്ടം നയിച്ചതിന് ജയിലിൽ കിടക്കാത്ത ഒരാളുമുണ്ടായിരുന്നില്ല.

രണ്ടാം ലോകയുദ്ധത്തിലെ സോവിയറ്റ് യൂണിയന് മാത്രം നഷ്ടപെട്ടത് രണ്ട് കോടിയിലധികം മനുഷ്യ ജീവനുകളായിരുന്നു. ആത്മഹത്യ ചെയ്ത നാത്സി നേതാവ് അഡോൾഫ് ഹിറ്റ്ലറിന്റെ ബർലിനിൽ യുദ്ധ വിജയത്തിന്റെ ചെങ്കൊടി നാട്ടുകയും ഫാഷിസ്റ്റ് പാർടി നേതാവ് ബെനെറ്റോ മുസോളിനിയെ കൊന്ന് മിലാനിലെ തെരുവ് വിളക്കിൽ തല കീഴായി കെട്ടി തൂക്കുകയും ചെയ്ത കമ്യൂണിസ്റ്റ് ഗറില്ലകളുടെ പോരാട്ടത്തെയുമൊക്കെയാണ് മണി ചെയിനിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തി വന്ന നേതാവ് അളക്കാൻ നിൽക്കുന്നത്.

ആ സോവിയറ്റ് യൂണിയന്റേയും മഹാനായ സ്റ്റാലിന്റെയും നേതൃനിരയാണ് ലോകമെമ്പാടുമുള്ള കോളനി രാജ്യങ്ങൾക്ക് സ്വാതന്ത്രത്തിന്റെ ഊർജ്ജം നൽകിയത്. ഇങ്ങ് കൊച്ചു കേരളത്തിൽ പോലും തൊഴിലാളി – കർഷക തൊഴിലാളി മനുഷ്യർക്ക് ചെങ്കൊടി പിടിക്കാനുള്ള ഊർജ്ജം പകർന്നത്.

സ്വാതന്ത്രത്തിന് ശേഷം മോസ്‌കോയിൽ മഴ പെയ്യുമ്പോൾ ഇവിടെ കുട പിടിക്കാൻ മുന്നിലുണ്ടായിരുന്നത് കോൺഗ്രസ് ഭരണാധികാരികൾ തന്നെയായിരുന്നു. നെഹ്‌റുവിന്റെ കാലം തൊട്ട് ഇങ്ങോട്ട് ഇന്ത്യയുടെ ഉറ്റ ചങ്ങാതിയായിരുന്നു സോവിയറ്റ് റഷ്യ. ഇന്ത്യയുടെ ഊർജ്ജ – വിവര സാങ്കേതിക – സൈനിക വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച രാജ്യം. തിരിച്ച് ഐക്യരാഷ്ട്ര സഭയിലടക്കം സോവിയറ്റ് റഷ്യക്ക്‌ പിന്തുണയുമായി എന്നും നിന്നത് ഇന്ത്യയായിരുന്നു. 1971-ൽ ഇന്ദിരാ ഗാന്ധി സോവിയറ്റ് യൂണിയനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ബലമുണ്ടായിരുന്നില്ലെങ്കിൽ അമേരിക്കയും പാകിസ്ഥാനും കൂടെ മൊത്തത്തിൽ മാന്തി എടുത്തേനെ.

സോവിയറ്റ്‌ യൂണിയൻ തകരുകയും ലോകം മുതലാളിത്ത ലോകക്രമത്തിൽ മാത്രം സഞ്ചരിക്കുകയും കോൺഗ്രസ് നിയോ ലിബറൽ രാഷ്ട്രീയത്തിലെ കുളിക്കാനും തുടങ്ങിയപ്പോൾ തകർന്നത് കോൺഗ്രസ് പാർടി കൂടിയാണ്.

ഇടത് പക്ഷമെന്നാൽ – കമ്യൂണിസമെന്നാൽ സി.പി.ഐ.എമ്മല്ലെന്നൊക്കെ റെട്ടറിക്കടിക്കുന്ന ഏതേലുമൊരുത്തൻ സതീശൻ ഈ പോരാട്ട ചരിത്രങ്ങളെ റദ്ദ് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്തേലും പ്രതികരിക്കുന്നുണ്ടോ നോക്കൂ. പേരിൽ കമ്യൂണിസ്റ്റും സോഷ്യലിസവുമൊക്കെയുള്ള നാലഞ്ച് പാർടികൾ യുഡിഎഫിലുണ്ട്, രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മന്ത്രി താനാണെന്ന് അഭിമാനം പറഞ്ഞ സി.പി ജോണിനൊക്കെ കമ്യൂണിസ്റ്റ് പാർടിയുടെ സ്വാതന്ത്ര സമര ചരിത്രത്തെ കുറിച്ചും സോവിയറ്റ് യൂണിയനെ കുറിച്ചുമൊക്കെ സതീശന്റെ അതേ അഭിപ്രായം തന്നെയാണോ എന്ന് പത്രക്കാർക്ക് പോലും ചോദിക്കേണ്ട.

കേരളത്തിന് ഇനിയും പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ലാത്ത ഫാഷിസ്റ്റ് വിരുദ്ധ – സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയ സത്തയാണ് ഇന്നോളം മലയാളികളെ കുറിച്ച് അഭിമാനപൂർവ്വം പറയപ്പെടുന്ന രാഷ്ട്രീയ സാക്ഷരതയുടെ നട്ടെല്ല്. അതിനെ വെള്ളവും വളവും കൊടുത്ത് നിലനിർത്തുന്നത് ഇവിടത്തെ സംഘടിത കമ്യൂണിസ്റ്റ് പാർടികളുടെ രാഷ്ട്രീയ വിദ്യാഭ്യാസവും റെവല്യൂഷണറി സ്പിരിറ്റുമാണ്. എന്നാൽ ആ സംഘടിത ലെഫ്റ്റിനെ ഇല്ലാതാക്കി വെസ്റ്റേൺ രാജ്യങ്ങളിൽ കാണുന്നത് പോലെ കുറേ ഐഡന്റിറ്റി പൊളിറ്റിക്സും -ഗ്രീൻ പൊളിറ്റിക്സുമൊക്കെയായി നിഴലിനോട് യുദ്ധം ചെയ്യുന്ന കോമാളി കൂട്ടമാക്കി ഇവിടത്തെ ഇടതു പക്ഷത്തെയും മാറ്റണം.

ഫാഷിസത്തിനെതിരെയുള്ള സമരമെന്നാൽ തന്നെ കാപ്പിറ്റലിസിത്തിനെതിരെയുള്ള സമരമാണ്. ഇപ്പോൾ തന്നെ ദ്രുത ഗതിയിൽ അരാഷ്ട്രീയ വൽക്കരിച്ചു കൊണ്ടിരിക്കുന്ന യുവജനങ്ങളെ എളുപ്പത്തിൽ കാപ്പിറ്റലിസ്റ്റ് അപ്പോളജിസ്റ്റുകളായ ആൾക്കൂട്ടം മാത്രമാക്കി മാറ്റണം.

ആരോഗ്യവും വിദ്യാഭ്യാസവും എനർജി സെക്ടറുമെല്ലാം സ്വകാര്യ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന സമയത്ത് അതിന് വിഘാതമായി നിൽക്കുന്ന ആശയപരിസരത്തെ കൂടി ഇല്ലാതാക്കാനുള്ള ലാർജർ കാപ്പിറ്റലിസ്റ്റ് അജണ്ട കൂടിയാണ് വി. ഡി സതീശനിൽ നിക്ഷിപ്തമായിരിക്കുന്നത്. അത് ഇന്നത്തെ കേരളത്തെ തന്നെ ഇല്ലാതാക്കാനുള്ള ഒരു പ്രോജക്റ്റാണ്. മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് ഈ നാട്ടിലെ ഇടത് രാഷ്ട്രീയ മനുഷ്യർ ഒന്നിച്ച് നിൽക്കേണ്ട സന്ദർഭമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.