...
Home News Kerala നീതി ബോധത്തിൻ്റെ വിശപ്പുമായി.., അരങ്ങിൽ ‘ചിരിക്കുന്ന മനുഷ്യൻ’

നീതി ബോധത്തിൻ്റെ വിശപ്പുമായി.., അരങ്ങിൽ ‘ചിരിക്കുന്ന മനുഷ്യൻ’

നാടകവും നൃത്തവും സമന്വിയിപ്പിച്ച് നൂറോളം കലാകാരന്മാർ ചിരിക്കുന്ന മനുഷ്യനിൽ അരങ്ങിലെത്തി

366

പീതാംബരൻ |

കുളിരണിഞ്ഞ നവംബറിൻ്റെ സന്ധ്യയിൽ ‘ചിരിക്കുന്ന മനുഷ്യൻ’ നൃത്ത നാടക രംഗാവിഷ്‌കാരം കാണികളിൽ നീതിബോധത്തിൻ്റെ തീ ആളിക്കത്തിച്ചു. സാമൂഹിക പരിഷ്‌കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യ കഥാപാത്രമായ ഗ്വിൻപ്ലെയിൻ്റെ ശ്രമങ്ങളെ, ‘ഗ്വിൻപ്ലെയിൻ്റെ ചിരിക്കുന്ന മുഖം’ അട്ടിമറിക്കുന്ന രീതി വിശ്വസനീയവും ശക്തവുമായ പ്രതീകാത്മകമായി അവതരിപ്പിച്ചു.

വിശ്വ സാഹിത്യകാരൻ വിക്ടർ ഹ്യൂഗോയുടെ ‘ദി മാൻ ഹു ലാഫ്‌സ്’ ലോക ക്ലാസിക്കിൽ നിന്നുള്ള സൺഡേ തിയറ്ററിൻ്റെ പുതിയ രംഗാവിഷ്‌കാരം ചിന്തകളെ ഉദാത്തമായ ആസ്വാദന തലത്തിലേക്ക് ഉയർത്തുന്നു.

കാസർകോട്‌ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുറ്റിക്കോലിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ സൺഡേ തിയേറ്ററും നെരൂദ ഗ്രന്ഥാലയവും ഒരുക്കിയ മലയാളത്തിൽ ഏറ്റവും വലിയ നൃത്ത നാടക രൂപമാണ് ഞായറാഴ്‌ച അരങ്ങുവാണത്. നാടകവും നൃത്തവും സമന്വിയിപ്പിച്ച് കുട്ടികൾ ഉൾപ്പെടെ നൂറോളം കലാകാരന്മാർ ചിരിക്കുന്ന മനുഷ്യനിലൂടെ അരങ്ങിലെത്തി.

ശൈശവ അവസ്ഥയിൽ മുഖം വികൃതമാക്കപ്പെട്ടതിനാൽ ‘ഗ്വിൻപ്ലെയിൻ’ എപ്പോഴും ഭയങ്കരമായി ചിരിക്കുന്നതായി തോന്നും. ‘കോംപ്രാച്ചിക്കോസ്’ എന്നറിയപ്പെടുന്ന കുട്ടികളെ വാങ്ങുന്നവർ അംഗഭംഗം വരുത്തി ഉപേക്ഷിച്ച കുട്ടിയായ ഗ്വിൻപ്ലെയിൻ മഞ്ഞിലൂടെ അലഞ്ഞു നടക്കുന്നു. മരിച്ചുപോയ ഒരു അമ്മയുടെ കൈകളിൽ നിന്നും പിഞ്ചു കുഞ്ഞിനെ കണ്ടെത്തുന്നു. ആ കുഞ്ഞിനെ രക്ഷിക്കുന്നു.., ഒടുവിൽ ദയയുള്ള ഒരു മൗണ്ട്ബാങ്ക്, ഉർസസ്, അവൻ്റെ മെരുക്കിയ ചെന്നായ, ഹോമോ എന്നിവർ അവരെ കൂടെകൂട്ടുന്നു.

മഞ്ഞിൽ മരവിപ്പ് മൂലം അന്ധയായ ‘ഡിയ’ എന്ന കുഞ്ഞ് ഗ്വിൻപ്ലെയ്‌നിനെ സ്നേഹിക്കുന്നു… വളരെക്കാലമായി മറഞ്ഞിരിക്കുന്ന ഒരു രഹസ്യം ഗ്വിൻപ്ലെയ്‌നിൻ്റെ ഭാഗ്യത്തെ അപ്രതീക്ഷിതമായ രീതിയിൽ പരിവർത്തനം ചെയ്യുന്നു. സഞ്ചാര കലാകാരന്മാരുടെ സംഘത്തിൻ്റെ യാത്രകൾ… കഥ പല തലങ്ങളിലൂടെ പ്രേക്ഷകരെ അസ്വസ്ഥമാക്കി കടന്നുപോകുന്നു…

പ്രഭുക്കന്മാർ ദരിദ്രർക്ക് വരുത്തുന്ന ദുരിതത്തോടുള്ള അന്ധതയിലാണ് കഥയും രംഗാവിഷ്‌കാരവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേകിച്ച് പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിലെ ബ്രിട്ടീഷ് നിയമത്തിൻ്റെ വിചിത്രമായ അനീതിയെയാണ് പരാമർശിക്കുന്നത് എങ്കിലും അത് ലോകമാകെയുള്ള അനീതികൾക്ക് എതിരെ ശബ്‌ദിക്കുന്നു. അതാണ് ‘ചിരിക്കുന്ന മനുഷ്യൻ’ പ്രമേയത്തിൻ്റെ ശക്തിയും.

നാടക -സിനിമ സംവിധായകൻ ഗോപി കുറ്റിക്കോൽ രചനയും സംവിധാനവും നിർവഹിച്ചു. മണിപ്രസാദ്‌ അസോസിയേറ്റ് സംവിധാനവും ജി.സതീഷ് ബാബു, സുധാകരൻ കാടകം ദീപ സംവിധാനവും കെ.വി കുമാരൻ, മണികണ്ഠൻ കലാസംവിധാനവും ഒരുക്കി. കലാമണ്ഡലം ശ്രുതി നൃത്ത സംവിധാനവും രജിത, ആര്യ വസ്ത്രാലങ്കാരവും ശിൽപ്പ രാജൻ അവതാരികയുമായി. ചരിത്ര ഡോക്യൂമെൻ്റെറി സുനിൽ യാദവും കോർഡിനേറ്ററായി അഭിലാഷ്, ശ്രീജിത്ത്, തുടങ്ങിയവരും പ്രവർത്തിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.