സാമ്പത്തിക തട്ടിപ്പ് നടത്തി 11 വർഷം മുമ്പ് ഒളിവിൽ പോയ മുൻ പബ്ളിക്ക് പ്രോസിക്യൂട്ടർ പൊലീസ് പിടിയിലായി. തൊടുപുഴ മുട്ടം മരിയൻ മയിലാടിയിൽ എം.എം ജെയിംസ് ആണ് അറസ്റ്റിലായത്. ജെയിംസിനെ മരിച്ചതായി കണക്കാക്കി സാമ്പത്തിക ബാധ്യത എഴുതിത്തള്ളമെന്ന് ആപേക്ഷിച്ച് ഇയാളുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു.
11 വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരിൽ നിന്നും 90 ലക്ഷത്തോളം രൂപ പറ്റിച്ച് മുങ്ങിയ ജെയിംസിനെ കോഴിക്കോട്ടെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. വയനാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഡൈവിംഗ് ലൈസൻസ് പുതുക്കിയതാണ് ഇയാൾക്ക് വിനയായത്. തൊടുപുഴ ജില്ലാ സെഷൻസ് കോടതിയിലെ പ്രോസിക്യൂട്ടറായിരുന്ന ജെയിംസ് രണ്ട് തവണ പബ്ളിക്ക് പ്രോസിക്യൂട്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ബിസിനെസിനെന്നു പറഞ്ഞ് നാട്ടുകാരിൽ നിന്നും പണം വാങ്ങിയ ഇയാൾ 2013ലാണ് നാടുവിട്ടത്. മേപ്പാടി വനമേഖലയോട് ചേർന്ന് ജെയിംസ് എന്ന പേരിൽ തന്നെയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. 2019ൽ ഇയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലിസ് കേസ് രജിസ്റ്റർ ചെയ്‌തു. കേസിൻ്റെ ആന്വേഷണം വഴിമുട്ടിയെന്ന്കരുതി ലൈസൻസ് പുതുക്കിയതാണ് ജെയിംസിനെ കുടുക്കിയത്. തിരോധാനം വീട്ടുകാരുടെ ഒത്താശയോടെയാണോ എന്നും പൊലീസ് സംശയിക്കുന്നു.
സാമ്പത്തിക ബാധ്യത എഴുതിത്തള്ളണമെന്ന കുടുംബത്തിൻ്റെ ആവശ്യം പണം നഷ്ടപ്പെട്ടവർ കോടതിയിൽ എതിർത്തിരുന്നു. തുടർന്ന് ജെയിംസ് ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെയും നിയമിച്ചു.
പഴയ മൊബൈൽ നമ്പരുകൾ ഉപയോഗിച്ച് ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചെങ്കിലും എല്ലാം ഉപയോഗത്തിലില്ലാത്തവ ആയിരുന്നു. തുടർന്ന് എറണാകുളം തോപ്പുംപടിയുലുള്ള സ്വകാര്യ ബാങ്കിൽ ഇയാൾ അടുത്തിടെ പണമിടപാട് നടത്തിയത് ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചു. ലൈസൻസ് പുതുക്കാനുപയോഗിച്ച ഫോൺ നമ്പരും മേൽവിലാസവും മേപ്പാടിയിലേതായിരുന്നെങ്കിലും അവിടെ നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താനായില്ല. പുതിയ നമ്പരിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലൊക്കേഷൻ കോഴിക്കോടാണെന്ന് മനസിലാക്കുകയും ബന്ധുവീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ തൊടുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.



