സംസ്ഥാനത്തെ ഗോത്രവർഗത്തിന്റെ തനതായ ഔഷധകലവറ ഇനി നാട്ടിലേക്കും എത്തുന്നു . ഇടുക്കിയിലെ കോവിൽമല രാജാവ് രാമൻ രാജമന്നന്റെ നേതൃത്വത്തിൽ ‘ഫോറസ്റ്റ് ഗോഡസ്സ്’ എന്ന സംരംഭത്തിന് തുടക്കമായതോടെയാണ് ഇത് സംഭവിക്കുന്നത്. ‘ഫോറസ്റ്റ് ഗോഡസ്സ് ട്രൈബൽ ഹെർബൽ ഓയിൽ’ , ‘മൈഗ്രൈൻ റിലീഫ് ഓയിൽ’ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഫോറസ്റ്റ് ഗോഡസ്സ് വിപണിയിൽ എത്തിക്കും.
രാമൻ രാജമന്നന്റെ അടുത്ത സുഹൃത്തും പ്രമുഖ വ്യവസായിയുമായ ഫോറസ്റ്റ് ഗോഡസ്സ് എം ഡി ശരത് മോഹനാണ് ഒരു ബ്രാൻഡായി കാട്ടിലെ പച്ചമരുന്നുകൾ ഉപയോഗിച്ചുള്ള ഹെയർ ഓയിൽ നാട്ടിലേക്കെത്തിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് മുൻകൈ എടുത്തത്.
ഈ ഉൽപ്പന്നങ്ങൾക്കായി കാട്ടിൽ നിന്ന് പച്ചമരുന്നുകൾ ശേഖരിക്കുന്നതും എണ്ണ ഉൽപ്പാദിപ്പിക്കുന്നതും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ഓരോ ഉൽപ്പന്നത്തിന്റെയും ഉൽപ്പാദനം നടക്കുന്നത് ഇടുക്കി കോവിൽമല ആദിവാസി ഊരിലാണ്. ഇതിനായി അവിടെ യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഇടുക്കി കോവിൽ മലയിൽ നിന്ന് ആദിവാസി മരുന്നുകൾ ഇനി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തും.
ഏകദേശം 700 വർഷത്തെ പാരമ്പര്യമാണ് ഫോറസ്റ്റ് ഗോഡസ്സ് ഹെയർ ഓയിലിന് ഉള്ളതെന്ന് കോവിൽമല രാജാവ് രാമൻ രാജമന്നൻ പറയുന്നു. പരമ്പരാഗത ഗോത്രസമൂഹത്തിൽ നിന്നുള്ള ഉത്പന്നമായതുകൊണ്ട് തന്നെ ഈ ഹെയർ ഓയിലിന് അതിന്റെതായ പരിശുദ്ധിയും ഫലവും ഉണ്ട് . ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമായ ട്രൈബൽ ഹെയർ ഓയിൽ തയ്യാറാക്കുന്നതും വനമേഖലയിൽ നിന്നു തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.



