| പിജി പ്രേംലാൽ
ഇടതുപക്ഷത്തിന് ഇനിയും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളെ ഈ തിരഞ്ഞെടുപ്പുഫലം മന്നോട്ടുവയ്ക്കുന്നുണ്ട്. കേരളത്തിൽ ബിജെപി അനങ്ങിയനങ്ങിവരുന്നത് ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ആ പാർട്ടിക്ക് സ്വീകാര്യത കൂടിവരുന്നതു കൊണ്ടു മാത്രമല്ല. അതിനേക്കാൾ പ്രധാനമായും തിരിച്ചറിയേണ്ട കാര്യം ഈഴവരും മറ്റ് പിന്നാക്ക വിഭാഗങ്ങളും, ഒപ്പം പട്ടികജാതി വിഭാഗങ്ങളും ഉൾപ്പെടുന്ന ഇടതുപക്ഷത്തിൻ്റെ സ്ഥിരം വോട്ടുകളിൽ നിന്ന് കൈക്കുമ്പിളിൽ നിന്ന് വെള്ളം പോലെയെന്ന വിധത്തിൽ ചോർച്ച തുടർന്നുകൊണ്ടിരിക്കുന്നു എന്നതാണ്.
കേരളത്തിൽ ഉടനീളം ഗ്രാമപഞ്ചായത്തുകളിലും ജില്ലാപഞ്ചായത്തുകളിലും ഇടതിനേറ്റ വൻതിരിച്ചടിയുടെ അടിസ്ഥാനകാരണങ്ങളിലൊന്ന് മേല്പറഞ്ഞതാകുന്നു. കൊല്ലം കോർപ്പറേഷൻ പോലെയുള്ള ഇടതു കോട്ടകളിൽ സംഭവിച്ച ഗതികേടൻ പരാജയങ്ങളും ഒപ്പം ചേർത്തുവായിക്കാം. അതായത് .. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേയ്ക്കുള്ള കേരളത്തിലെ വോട്ടുയാത്ര അതിൻ്റെ അവസാനലാപ്പ് പിന്നിട്ടുകൊണ്ടിരിക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ വോട്ടുചോർച്ചായാത്ര മാരത്തോൺ പോലെ മെല്ലെ മെല്ലെ ഓടിക്കൊണ്ടേയിരിപ്പാണ്.
എന്താണ് ഇടതുപക്ഷത്തിനകത്ത് പിന്നാക്കവിഭാഗങ്ങളിൽ സംഭവിക്കുന്നത് ? ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യയാഥാർത്ഥ്യമായ ജാതിയെ അഭിസംബോധന ചെയ്യുന്നതിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ വരുത്തിയ ഉപേക്ഷയും നവോത്ഥാനമുന്നേറ്റങ്ങളുടെ തിരസ്ക്കരണവും തന്നെയാണ് ഇന്ത്യയിലെമ്പാടുമുള്ള ഇന്നത്തെ ഇടത് അപചയത്തിൻ്റെ അടിസ്ഥാനകാരണം, കേരളത്തിലെയും. ഒരു മുന്നാക്കക്കാരന് സമൂഹത്തിൽ ജാതി പറയേണ്ടതില്ല. അയാളുടെ കാലിൽ കെട്ടിയിട്ട ചരടിലെ പാട്ട പോലെ അത് കൂടെ ചെല്ലും, അവസരമായും അധികാരമായും സാമൂഹ്യാംഗീകാരമായും സമ്പത്തായും .
എന്നാൽ ഒരു പിന്നാക്കക്കാരന് പ്രാതിനിധ്യപരമായ പങ്കാളിത്തം ലഭിക്കാതെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തികാധികാരം നേടാനാകില്ല. അതാണ് ഇന്ത്യൻ സാമൂഹ്യാവസ്ഥയും മനോഭാവവും. കേന്ദ്രക്കമ്മിറ്റി അംഗമായിട്ടു പോലും കെ. രാധാകൃഷ്ണനെ പോലൊരു ജനകീയ നേതാവിനും എ കെ ബാലനുമൊക്കെ മത്സരിക്കണമെങ്കിൽ സംവരണമണ്ഡലം ഉണ്ടായേ പറ്റൂ എന്ന സിപിഎമ്മിലെത്തന്നെ അവസ്ഥ ആലോചിച്ചാൽ കാര്യം കൃത്യമായി മനസ്സിലാകും. പറഞ്ഞുവന്നത് ഒരു പിന്നാക്കക്കാരൻ അയാളുടെ പ്രാതിനിധ്യത്തിനായി ശബ്ദമുയർത്തുമ്പോൾ ‘അയ്യോ, സ്വത്വവാദമുയർത്തുന്നേ’ എന്ന് വിലപിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ യഥാർത്ഥത്തിൽ മുന്നാക്കക്കാരൻ്റെ ഇന്നത്തെ സമ്പത്തും അധികാരവും സംരക്ഷിച്ചു നിർത്താനുള്ള പ്രവർത്തനത്തിലാണ് ഏർപ്പെടുന്നത്.
ആചാര്യന്മാർ മുതൽ പ്രകാശ് കാരാട്ട് വരെയുള്ള പാർട്ടി ചിന്തകന്മാർ അത്തരത്തിൽ ഒന്നാന്തരം ‘പരോക്ഷ സവർണ്ണസ്വത്വവാദി’കളാണ് എന്നതാണ് വാസ്തവം. അതുകൊണ്ടാണ്, ശ്രീനാരായണഗുരുവും അയ്യങ്കാളിയും ആറാട്ടുപുഴ വേലായുധപ്പണിക്കരുമൊക്കെ പലവിധത്തിൽ രൂപപ്പെടുത്തിയെടുത്ത നവോത്ഥാനമുന്നേറ്റ പരിശ്രമങ്ങളെ 1957-ൽ അധികാരത്തിലേറിയ ഇഎംഎസ് സർക്കാർ മുതൽ ഇങ്ങോട്ടുള്ള ഇടതുസർക്കാരുകൾ എടുത്ത് ചവറ്റുകൊട്ടയിലിട്ടത്. തൊലിയുടെ നിറത്തെ മുൻനിർത്തിയുള്ള വിവേചനത്തിനെതിരെയുള്ള പോരാട്ടം നടത്തിയാലേ വർഗ്ഗസമരം വിജയിക്കൂവെന്ന സാക്ഷാൽ കാൾമാർക്സിൻ്റെ നിലപാട് (മൂലധനം, ദി എത്നോളജിക്കൽ നോട്ട്ബുക്ക്സ്) ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ വിഴുങ്ങി.
വർഗ്ഗസമരം നടന്നാൽ ബോണസ് പോലെ ജാതിവിവേചനം ഇല്ലാതായിക്കൊള്ളുമെന്ന തങ്ങളുടെ ഐഡിയ അവർ മാർക്സിൻ്റെ ഐഡിയോളജിയിൽ കലർത്തി . അങ്ങനെയാണ് 80% ത്തോളം വരുന്ന ദരിദ്രരായ ഇന്ത്യൻ ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യർ തങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളോട് മുഖം തിരിച്ചു നിന്ന കമ്മ്യൂണിസത്തെ പുറത്താക്കി വാതിലടച്ചുകളഞ്ഞത്. കേരളത്തിൽ കമ്മ്യൂണിസത്തോടുള്ള അനുഭാവം ഇന്നും തുടരുന്നുണ്ട്. അതിന് നവോത്ഥാനനായകരോടും മിഷനറിമാർ പകർന്ന സാർവ്വത്രികവിദ്യാഭ്യാസത്തോടും പരിമിതികളോടെയെങ്കിലും ഭൂപരിഷ്ക്കരണത്തോടും ഇടത് സർക്കാരുകൾ ആരോഗ്യ-വിദ്യാഭ്യാസമേഖലകളിൽ കൈ കൊണ്ട നയങ്ങളോടും ഗൾഫ് കുടിയേറ്റത്തോടുമൊക്കെക്കൂടി കേരളം കടപ്പെട്ടിട്ടുണ്ട്.
എന്നാൽ മുന്നാക്കവിഭാഗത്തെ പ്രീണിപ്പിക്കാനും ആ വോട്ടുകൾ പിടിച്ചെടുക്കാനുമുള്ള അധാർമ്മികമായ നിലപാടുകൾ ഇടതുപക്ഷം കൂടുതൽ കൂടുതൽ ശക്തമാക്കുന്നതാണ് പിണറായി സർക്കാരുകളുടെ കാലത്ത് കണ്ടത്. ഇന്ത്യയിലാദ്യമായി മുന്നാക്കസംവരണം ഏർപ്പെടുത്തിയ സർക്കാരായി പിണറായി സർക്കാർ മാറി. പിന്നാക്കക്കാരനും മുന്നാക്കക്കാരനും സംവരണത്തിന് അർഹരാകാൻ വ്യത്യസ്ത മാനദണ്ഡങ്ങൾ നിലവിൽ വന്നതും നാം കണ്ടു. ഹിന്ദുക്കളിലെ വെറും 20-25% വരുന്ന മുന്നാക്കക്കാരെ സന്തോഷിപ്പിക്കാൻ ശബരിമലയിലും ഗുരുവായൂരിലും പിന്നാക്കക്കാർ ശാന്തിക്കാരാവുന്നില്ല എന്ന് ഇടതുസർക്കാർ ഇന്നും ഉറപ്പുവരുത്തുന്നു. ഹിന്ദുക്കളിൽ 75 % വരുന്ന പിന്നാക്കക്കാർ ഇതൊക്കെ എത്രയൊക്കെ കണ്ടാലും, പരമ്പരാഗതമായി തങ്ങൾക്കു തന്നെ വോട്ടുചെയ്യുന്ന സമ്പ്രദായം തുടരുമെന്ന് മാർക്സിസ്റ്റ് കമ്മിറ്റികൾ ഉറച്ചുവിശ്വസിച്ചു.
ആ വിശ്വാസത്തിൻ്റെ നെടുങ്കോട്ടയിലാണ് യാഥാർത്ഥ്യം ഇന്ന് വലിയ വിള്ളലുകൾ വീഴ്ത്തിയിരിക്കുന്നത്.
പിന്നാക്കക്കാർ കമ്മ്യൂണിസത്തോടൊപ്പം തുടരുന്നത് ‘സമത്വം’ എന്ന ചിന്തയോട് സമരസപ്പെട്ടാണ്. ആ ബോധം പകർന്നുനൽകിയ പഴയ കാലത്തെ രാഷ്ട്രീയവിദ്യാഭ്യാസപരമായ ഇടപഴകലുകൾ ഇടതുപക്ഷം വഴിയിലുപേക്ഷിച്ചിട്ട് കാലം കുറേയായി, മുതലാളിമാർ വന്നപ്പോൾ ബക്കറ്റ് പിരിവ് ഉപേക്ഷിച്ചതുപോലെ . പണ്ടത്തെ രാഷ്ട്രീയ വിദ്യാഭ്യാസത്തിൻ്റെ പലിശയിന്മേലാണ് പിന്നാക്കജനത ഇടതുപക്ഷത്തോടൊപ്പം ഇന്നും നില്ക്കുന്നത്. എന്നാൽ പലിശയുടെ മുകളിൽ ഇനി ആ വണ്ടി ഓടില്ല. അതിന് പ്രായോഗികതലത്തിലുള്ള തെറ്റുകൾ തിരിച്ചറിഞ്ഞ്, പ്രകാശ് കാരാട്ടുമാരെ മാറ്റിനിർത്തി പകരം മാർക്സിനെ ഉൾക്കൊണ്ട്, നവോത്ഥാനസ്പർശിയായ, സമത്വസംബന്ധിയായ രാഷ്ട്രീയവിദ്യാഭ്യാസത്തിൻ്റെയും പ്രവർത്തനങ്ങളുടെയും മുതൽമുടക്ക് ഇടതുപക്ഷം നിർവ്വഹിച്ചേ മതിയാകൂ.
മിനിമം, “ഇന്ത്യൻ വർഗ്ഗസമരത്തിന് സാമ്പത്തിക ചൂഷണത്തിനെതിരായ പോരാട്ടം, സാമൂഹികമായ അടിച്ചമർത്തലുകൾക്കെതിരെയുള്ള പോരാട്ടം എന്നിങ്ങനെ രണ്ട് ഘടകങ്ങളുണ്ട്. സ്വത്വവാദരാഷ്ട്രീയം അതുകൊണ്ടുതന്നെ മാർക്സിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വിഘാതമല്ല” എന്ന സീതാറാം യെച്ചൂരിയുടെ നിലപാടുകളെ ഏറ്റെടുക്കാനെങ്കിലും ഇടതുപക്ഷത്തിന് പ്രത്യേകിച്ച്, മാർക്സിസ്റ്റ് പാർട്ടിക്ക് കഴിയേണ്ടതുണ്ട്.
സംഘടനാ തലത്തിലുള്ള ദൗർബ്ബല്യവും ദീർഘവീക്ഷണമില്ലായ്മയും സർവ്വോപരി അലസതയും കഴിഞ്ഞ ഏതാനും വർഷങ്ങളായി CPM അടക്കമുള്ള ഇടതുപാർട്ടികളിൽ വളരെ പ്രകടമാണ്.
വാർഡുകൾ തോറും ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് വോട്ടർമാരിൽ ‘സ്വന്തം ‘ എന്ന ബോധമുണ്ടാക്കിയ കമ്യൂണിസ്റ്റുകാർ എന്നത് ഇപ്പോഴൊരു പഴയകാല ഓർമ്മ മാത്രമാണ്! വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള പുതുതലമുറക്കാരുടെ കാര്യം അന്വേഷിക്കാനോ ഓർമ്മിപ്പിക്കാനോ പോലും, ഈ SIR കാലത്തുപോലും, കമ്മ്യൂണിസ്റ്റുകാരെ ഞാനെൻ്റെ വാർഡിൻ്റെ ഏഴയലത്തു കണ്ടിട്ടില്ല. കേരളത്തിൻ്റെ പല ഭാഗത്തും അതാണവസ്ഥ .
കേരളത്തിൽ മുസ്ലീങ്ങൾക്കെതിരായ വിദ്വേഷപരമായ ഒരു മനോഭാവം ക്രിസ്ത്യാനികളിൽ വളർത്തിയെടുക്കുന്നതിൽ ബിജെപിയും സംഘപരിവാറും അനുദിനം വിജയിച്ചുകൊണ്ടിരിക്കുകയാണ്. കാഴ്ച കണ്ടുനില്ക്കുന്നതല്ലാതെ അതിനെതിരായി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല.ഇടയ്ക്ക് കുറച്ചുകാലം മുസ്ലീം വോട്ടുകൾ തങ്ങളുടെ വഴിയേ വരുന്നതുകണ്ടപ്പോൾ അത് സ്ഥിരമായിവരുമെന്ന് കരുതിയതും അബദ്ധമായി മാറി. സംഘപരിവാറിനെതിരെയുള്ള ചില നിലപാടുകളിലൂന്നി മുസ്ലീങ്ങളിലൊരു വിഭാഗത്തിൻ്റെ പിന്തുണ നേടാൻ കഴിഞ്ഞെങ്കിലും പിഎംശ്രീ അടക്കമുള്ള വിഷയങ്ങളിലെ നിലപാടില്ലായ്മ ആ വോട്ടുകൾ തിരികെ യുഡിഎഫിലേയ്ക്ക് പോകാൻ കാരണമായിട്ടുണ്ട്.
സ്ക്കൂളുകളിൽ പ്രൈമറി തലം മുതല്ക്കേ കുട്ടികളിൽ വർഗ്ഗീയത കുത്തിവയ്ക്കപ്പെടുകയാണ്. കലാ സാംസ്കാരിക സാഹിത്യരംഗത്തെ പ്രഗത്ഭരെ ഉൾപ്പെടുത്തി പാനലുകൾ ഉണ്ടാക്കി സ്ക്കൂളുകളിൽ വിദ്യാർത്ഥികളോടും രക്ഷകർത്താക്കളോടും സംവാദപരമായ സെഷനുകൾ രൂപകല്പന ചെയ്ത്, അവ പാഠ്യപദ്ധതിയുടെ തന്നെ ഭാഗമായി അവതരിപ്പിക്കുന്നതടക്കമുള്ള സാദ്ധ്യതകളൊന്നും ഉപയോഗിക്കപ്പെടുന്നില്ല. രാഷ്ട്രീയവിദ്യാഭ്യാസം ഇല്ലാതാകുന്ന തലച്ചോറുകളിൽ മതവും വർഗ്ഗീയതയും എളുപ്പം ചേക്കേറുമെന്നത് ഇടതുപാർട്ടികൾ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. കൈരളി ചാനൽ പോലൊരു രാഷ്ട്രീയസാദ്ധ്യത ഇപ്പോഴും ‘വല്യേട്ടൻ’ പ്രദർശിപ്പിച്ച് നേരം കളയുന്നത് ഓർമ്മിക്കുക !
ഇനി…. ആശയങ്ങളെ വിട്ട് പ്രായോഗിക തലത്തിൽ പറയാനുള്ള ചില പോയിൻ്റുകൾ പറയാതെ പോകാനാവില്ല.
അതായത് ….2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി വന്നുവെങ്കിലും തിരഞ്ഞെടുപ്പിൽ 93 വയസ്സുകാരനായ വി.എസ്.അച്യുതാനന്ദൻ്റെ തോളിലേറിയായിരുന്നു ഇടതുപക്ഷം വോട്ടുകൾ പിടിച്ചത് എന്ന യാഥാർത്ഥ്യം നിലനില്ക്കുന്നുണ്ട്. എന്നാൽ 2026 ആകുമ്പോൾ അത്തരത്തിൽ ഇടതുപക്ഷത്തിനെ തോളിലേറ്റാനുള്ള കെല്പോ പ്രതിച്ഛായയോ പിണറായി വിജയനില്ല . 2021-ൽ അതിനു കഴിഞ്ഞ പിണറായി വിജയൻ പക്ഷേ സ്വന്തം അണികളെ മാറ്റിനിർത്തിയാൽ ജനകീയതയുടെ കാര്യത്തിൽ ഇന്നു ദുർബ്ബലമായ നേതൃമുഖമാണ്. പുതിയ നേതൃവ്യക്തിത്വങ്ങളെ മുൻപിലേയ്ക്ക് നീക്കിനിർത്തിക്കൊണ്ടല്ലാതെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ സിപിഎമ്മും ഇടതുപക്ഷവും നേരിട്ടാൽ അത് ആത്മഹത്യാപരമായിരിക്കും.
കേരളത്തിന്പുറത്ത് ജനക്കൂട്ടങ്ങളെ ആകർഷിക്കാൻ ശേഷിയില്ലാത്ത രാഹുൽഗാന്ധിയെ ദേശീയതലത്തിൽ കോൺഗ്രസ്സിൻ്റെ മുഖമായി നിലനിർത്തിക്കൊണ്ട് കോൺഗ്രസ്സ് നേരിടുന്ന തുടർച്ചയായ വൻപരാജയങ്ങളെ ഓർമ്മിക്കുക. തീർച്ചയായും പിണറായി സർക്കാരിന് പറയാൻ വികസനത്തിൻ്റെ സ്ഥിതിവിവരക്കണക്കുകളുണ്ട്. കമ്മ്യൂണിസ്റ്റ് പ്രവർത്തകരെയും അനുഭാവികളെയും ഇന്നും ആരവങ്ങളിലേയ്ക്ക് നിറയ്ക്കാൻ പിണറായി വിജയനു കഴിയുകയും ചെയ്യും. പക്ഷേ തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ അതിൻ്റെ ഇരട്ടി ആളുകൾ കൂടി അനുകൂലമായി വോട്ടുചെയ്യണം. ആ വിഭാഗം മനുഷ്യരെ ആകർഷിക്കുന്ന വ്യക്തിപ്രഭാവം ഇന്ന് പിണറായിവിജയനില്ല.
കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ അതിൻ്റെ വ്യക്തമായ ദൃഷ്ടാന്തമുണ്ടായിരുന്നെങ്കിലും, ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ച കേരളജനത കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് വോട്ടു ചെയ്തുവെന്ന് പറഞ്ഞ് ഇടതുനേതൃത്വം അണികളെ ആശ്വസിപ്പിക്കുകയും സ്വയം ആശ്വസിക്കുകയും ചെയ്തു. പക്ഷേ, ഇന്നത്തെ ഈ തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനുശേഷം, ഇനി അങ്ങനെ ആശ്വസിക്കാൻ സമയമില്ല. കേവലം 3 -4 മാസങ്ങൾക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പാണ്.
2021-ൽ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജനപ്രിയരായ,തലപ്പൊക്കമുള്ള മറ്റു നേതാക്കളെയെല്ലാം ഒഴിവാക്കിക്കൊണ്ട് തൻ്റെ സ്വരത്തിന് എതിർവായില്ലാത്ത ഒരു മന്ത്രിസഭയുണ്ടാക്കുകയാണ് പിണറായി വിജയൻ ചെയ്തത്. ഒരു വ്യക്തിയുടെ നിക്ഷിപ്തതാല്പര്യങ്ങൾക്കു വേണ്ടി കൈക്കൊള്ളപ്പെട്ട, പാർട്ടിക്കും സർക്കാരിനും ദോഷം മാത്രം ചെയ്ത തീരുമാനമായിരുന്നു അത്. ഇത് ശരിയല്ലെന്നു പറയാൻ സെക്രട്ടറിയോ പാർട്ടി ഉന്നതക്കമ്മിറ്റിഅംഗങ്ങളോ, ആരുമുണ്ടായില്ല . പ്രതിച്ഛായയും ജനാഭിമുഖ്യവും ഉള്ള നേതാക്കൾ നേതൃമുഖങ്ങളായി വരട്ടെ. വ്യക്തിയേക്കാൾ വലുത് പാർട്ടിയാണെന്ന പിണറായി വിജയൻ്റെ പഴയ പ്രസ്താവന ഇപ്പോഴും മൂല്യവത്താണ് .



