...
Home News Kerala ‘പൊലീസ് ജീപ്പ് പുറകിലോട്ട് എടുത്ത് പോകാന്‍ ശ്രമിച്ചപ്പോഴാണ് പിന്നില്‍ പോയി തടഞ്ഞത്: മറുപടിയുമായി എംഎല്‍ അശ്വിനി

‘പൊലീസ് ജീപ്പ് പുറകിലോട്ട് എടുത്ത് പോകാന്‍ ശ്രമിച്ചപ്പോഴാണ് പിന്നില്‍ പോയി തടഞ്ഞത്: മറുപടിയുമായി എംഎല്‍ അശ്വിനി

സംസാരരീതിയെയും മലയാളം ഉച്ചാരണത്തെയും പരിഹസിച്ച് വരുന്ന ട്രോളുകൾക്കും അശ്വിനി മറുപടി നൽകി. താനൊരു കണാടകക്കാരിയാണെന്ന കാര്യം അവർ ഓർമ്മിപ്പിച്ചു

7

സാമൂഹ്യമാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന ട്രോളുകൾക്കെതിരെയും വിമർശനങ്ങൾക്കെതിരെയും തുറന്ന പ്രതികരണവുമായി ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി. ട്രോളുകളെല്ലാം താൻ കണ്ടിട്ടുണ്ടെന്നും അതെല്ലാം വെറും കോമഡിയായി മാത്രമാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി. ട്വന്റിഫോർ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?

കാസർഗോഡ് കുമ്പളയിൽ സവർക്കർ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് വാഹനം തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വീഡിയോ വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നിലെ യാഥാർത്ഥ്യം അശ്വിനി വിശദീകരിച്ചു:

  • പകുതി വീഡിയോ മാത്രം: മാധ്യമങ്ങൾ മുഴുവൻ വീഡിയോയും നൽകുന്നതിന് പകരം പകുതി ഭാഗം മാത്രമാണ് പ്രചരിപ്പിച്ചത്.
  • നടന്നത് ഇതാണ്: “ഞാൻ ആദ്യം മുന്നിലേക്ക് നടന്നു. പിന്നാലെ ഞങ്ങളുടെ പ്രവർത്തകരും അങ്ങോട്ടേക്ക് എത്തി. അതിനിടയിൽ പൊലീസ് ജീപ്പ് പിന്നിലേക്ക് എടുത്തു. ജീപ്പ് പിന്നിലേക്ക് എടുത്തപ്പോൾ, മറ്റു പ്രവർത്തകർ മുന്നിലുണ്ടല്ലോ എന്ന് കരുതി ഞാനും പിറകോട്ട് നടന്നു. ഞാൻ പിറകോട്ട് പോയപ്പോൾ എന്റെ പ്രവർത്തകരും എന്നോടൊപ്പം പിന്നിലേക്ക് വന്നു. പിന്നീട് ജീപ്പ് മുന്നോട്ട് എടുത്ത് പോയി. ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.”
  • പ്രവർത്തകരെ പിന്തുണച്ച് അശ്വിനി: ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എവിടെയാണോ നിൽക്കുന്നത്, അവിടെ തങ്ങളും കൂടെയുണ്ടാകണം എന്ന ചിന്ത മാത്രമാണ് പ്രവർത്തകരുടെ മനസ്സിലുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് അവർ പിന്നാലെ വന്നതെന്നും അശ്വിനി വ്യക്തമാക്കി.
  • ട്രോളുകളെ കുറിച്ച്: “ട്രോളന്മാർക്ക് നല്ലൊരു കണ്ടന്റ് കിട്ടി. അതുവഴി അവർക്ക് കുറച്ച് റീച്ചും ലൈക്കും ലഭിച്ചു. ട്രോളുകളെല്ലാം ഞാനും ആസ്വദിച്ചു. ഒരു വിഷമവുമില്ല, ഇനിയും ട്രോളുകൾ ഉണ്ടാകട്ടെ!”

മലയാള ഭാഷാ ഉപയോഗവും ട്രോളുകളും

സംസാരരീതിയെയും മലയാളം ഉച്ചാരണത്തെയും പരിഹസിച്ച് വരുന്ന ട്രോളുകൾക്കും അശ്വിനി മറുപടി നൽകി. താനൊരു കണാടകക്കാരിയാണെന്ന കാര്യം അവർ ഓർമ്മിപ്പിച്ചു.

  • പശ്ചാത്തലം: ബെംഗളൂരുവിൽ ജനിച്ച് വളർന്ന താൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. വിവാഹശേഷം എത്തിയ വീട്ടിലും മലയാളം സംസാരിക്കുന്നവരായിരുന്നില്ല, പകരം എല്ലാവരും തുളു ഭാഷയാണ് സംസാരിച്ചിരുന്നത്.
  • രാഷ്ട്രീയത്തിലേക്ക് വന്ന ശേഷം: പൊതുരംഗത്തിറങ്ങിയ ശേഷവും മാധ്യമങ്ങളെ കാണാൻ വേണ്ടി മാത്രമാണ് താൻ മലയാളം പഠിച്ചെടുത്തത്.
  • വിമർശകർക്ക് വെല്ലുവിളി: “ഇത്തരം വിമർശനങ്ങളിൽ എനിക്ക് യാതൊരു വിഷമവുമില്ല. ഇത്രയെങ്കിലും മലയാളം സംസാരിക്കാൻ കഴിയുന്നുണ്ടല്ലോ എന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്റെ പോസ്റ്റുകൾക്ക് താഴെ ആളുകൾ മലയാളത്തിലാണ് കമന്റുകൾ ഇടുന്നത്. അതെനിക്ക് വായിക്കാൻ അറിയാറില്ല. എനിക്ക് വായിക്കണമെങ്കിൽ ഒന്നുകിൽ ഇംഗ്ലീഷിലോ അല്ലെങ്കിൽ കന്നഡയിലോ കമന്റ് ഇടണം. പറ്റുമെങ്കിൽ എന്നെപ്പോലെ കന്നഡ സംസാരിച്ചു കാണിക്കൂ!”

പ്രതിഷേധവും പൊലീസിൻ്റെ നടപടിയും

സമരത്തിന്റെ അന്ന് സമാധാനപരമായ പ്രതിഷേധമാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നുവെന്നും അശ്വിനി വ്യക്തമാക്കി.

സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാകാൻ കാരണം മുസ്ലീം ലീഗ് പ്രവർത്തകരാണെന്നും അവരെ ഭയന്നാണ് പൊലീസ് തങ്ങളുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്നും അവർ ആരോപിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും തന്റെ പ്രവർത്തകരുടെ കൂടെത്തന്നെ താനുണ്ടാവുമെന്നും അവരുടെ ജീവൻ കൊടുത്തും താൻ സംരക്ഷിക്കുമെന്നും എം.എൽ. അശ്വിനി കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.