...
Home News Kerala രാജീവ് ചന്ദ്രശേഖറിന്റെയും മുഹമ്മദ് റിയാസിന്റെയും രാഷ്ട്രീയ ജീവിതം

രാജീവ് ചന്ദ്രശേഖറിന്റെയും മുഹമ്മദ് റിയാസിന്റെയും രാഷ്ട്രീയ ജീവിതം

301

| ശ്രീകാന്ത് പികെ

2005, 2006 എന്നീ വർഷങ്ങൾ രാജീവ്‌ ചന്ദ്രശേഖർ എന്ന ഇന്നത്തെ ബിജെപി കേരള സംസ്ഥാന പ്രസിഡന്റിന്റെ ജീവിതത്തിൽ വളരെ പ്രധാന്യമുള്ള രണ്ട് വർഷങ്ങളാണ്. 2005 – ലാണ് ഭാര്യപിതാവും ബിപിഎൽ ഗ്രൂപ്പ് ചെയർമാനുമായിരുന്ന ടിപിജി നമ്പ്യാർ സ്ഥാപിച്ച ബിപിഎൽ ഗ്രൂപ്പിന്റെ കീഴിലെ ബിപിഎൽ മൊബൈൽസ് കമ്പനിയുടെ 64% ഷെയർ ‘മരുമകൻ’ രാജീവ്‌ ചന്ദ്രശേഖർ എസ്സാർ ഗ്രൂപ്പിന് വിൽക്കുകയും, അങ്ങനെ സമാഹരിച്ച പണം കൊണ്ട് ഇന്നത്തെ ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന ബിസിനസ് സാമ്രാജ്യം ആരംഭിക്കുകയും ചെയ്തത്.

2006- ലാണ് രാജീവ്‌ ചന്ദ്രശേഖറിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2006 -ൽ ബിജെപി സ്വതന്ത്രനെന്ന ലാബലിൽ കർണ്ണാടകയിൽ നിന്ന് രാജ്യസഭയിലേക്ക്. വിജയ് മല്യ അടക്കം കൈയ്യിൽ നാല് പുത്തനുള്ള ആർക്കും രാഷ്ട്രീയ ഭേദമന്യേ ഐക്യകണ്ഠേന അകമഴിഞ്ഞ് രാജ്യസഭാ സീറ്റ് നൽകി ആദരിക്കുന്ന കർണ്ണാടക രാഷ്ട്രീയം രാജീവ്‌ ചന്ദ്രശേഖരനെയും രാജ്യസഭയിലയച്ചു. അതേ വർഷം ബിജെപി മെമ്പർഷിപ്പ് കൂടി എടുത്ത രാജീവ്‌ ചന്ദ്രശേഖർ പിന്നീട് 2024 വരെ തുടർച്ചയായി ബിജെപി ടിക്കറ്റിൽ രാജ്യസഭാ അംഗമാവുകയും, 2021 മുതൽ 2024 വരെ യൂണിയൻ സഹമന്ത്രിയുമായി. 2025 മുതൽ ബിജെപിയുടെ കേരള സംസ്ഥാന അധ്യക്ഷനും.

ഒരു അപ്പർ ക്ലാസ് കുടുംബത്തിൽ ജനിച്ച് ഇന്ത്യയിലും അമേരിക്കയുമിലുമായി എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസം പൂർത്തിയാക്കി മൂന്ന് വർഷം അമേരിക്കയിൽ ഇന്റലിൽ ജോലി ചെയ്ത് പോന്നിരുന്ന രാജീവ്‌ ചന്ദ്രശേഖർ എന്ന ചെറുപ്പക്കാരന്റെ സാദാരണ ജീവിതം മാറി മറഞ്ഞത്, 1991-ൽ അപ്പോഴേക്കും ഒരു ആഗോള ബ്രാന്റായി മാറിയ ബിപിഎൽ ഉടമയുടെ മരുമോനായി മാറിയത് കൊണ്ടാണെന്നത് വ്യക്തം. രാജീവ്‌ ചന്ദ്രശേഖർ എന്ന തന്റെ മരുമകനെ കുറിച്ച് നമ്പ്യാർ പിന്നീട് പറഞ്ഞ തുറന്ന് പറച്ചിലുകൾ പൊതുസമക്ഷം തന്നെ വന്നു.

ഇനി ഈ കാലത്ത് പി. എ മുഹമ്മദ്‌ റിയാസ് എന്ന, രാജീവ്‌ ചന്ദ്രശേഖരൻ ‘മരുമകനെന്ന്’ വിളിച്ച് പരിഹസിച്ച പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി എന്ത് ചെയ്യുകയായിരുന്നു? 91-ൽ ബിപിഎൽ കുടുംബത്തിൽ മരുമോനായി ചെന്ന് കേറി ആ സാമ്രാജ്യം കൈക്കലാക്കാനുള്ള ശകുനി പണികൾ രാജീവ്‌ ചന്ദ്രശേഖർ ചെയ്യുന്ന കാലത്ത് 1994- ൽ മുഹമ്മദ്‌ റിയാസ് ഫാറൂഖ് കോളേജിലെ എസ്‌.എഫ്‌.ഐയുടെ യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത സമ്മേളനത്തിൽ അദ്ദേഹം യൂണിറ്റിന്റെ സെക്രട്ടറിയായും മാറി. ഫാറൂഖ് കോളേജിലെ എസ്‌.എഫ്.ഐക്കാരൻ എന്ന് കേട്ടാൽ തന്നെ എത്ര തല്ല് വാങ്ങി എന്നാണ് തിരിച്ചുള്ള ചോദ്യം. അങ്ങനെയൊരു ക്യാമ്പസ് കാലഘട്ടത്തിൽ വലതു പക്ഷ വിദ്യാർത്ഥി സംഘടനകളുടെയും പോലീസിന്റെയും തല്ല് ഒരുപോലെ വാങ്ങിക്കൊണ്ട് റിയാസ് ഫാറൂഖ് കോളേജിൽ നിന്ന് യു.യു.സിയായി വിജയിച്ചു. 1998- ൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായ മുഹമ്മദ്‌ റിയാസ് പിന്നീട് എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തിലേക്ക് വന്നു.

അതേ സമയം തന്നെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ ജില്ലാ – സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിച്ച മുഹമ്മദ്‌ റിയാസ് സംസ്ഥാന വൈസ് പ്രസിഡന്റും പിന്നീട് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുമായി മാറി.

ഐ.ടി പണിക്കാരനായിരുന്ന രാജീവ്‌ ചന്ദ്രശേഖർ ബിപിഎൽ മുതലാളിയുടെ മകളെ കല്യാണം കഴിച്ച് സ്വർണ്ണത്തളികയിൽ സ്പെഗാട്ടി വലിച്ച് കഴിച്ച് പുത്തൻ മരുമകനായി വിലസി നടന്നിരുന്ന കാലം, 93-ൽ മുഹമ്മദ്‌ റിയാസിന് തന്റെ 18- ആം വയസ്സിൽ സി.പി.ഐ.എമ്മിന്റെ പാർടി മെമ്പർഷിപ്പ് ലഭിച്ചു. പിന്നീട് കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ കമ്യൂണിസ്റ്റ് പാർടിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾക്കിടയിൽ ഇടപെട്ടു കൊണ്ട് അദ്ദേഹം പടിപടിയായി ഉയർന്ന് പാർടി ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റിലും ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു.

2006-ൽ കൈയ്യിലുള്ള ചെമ്പിന്റെ ബലത്തിൽ രാജീവ്‌ ചന്ദ്രശേഖരൻ ജനങ്ങളുടെ തെരഞ്ഞെടുപ്പ് ബൈപ്പാസ് ചെയ്ത് കൊണ്ട് കർണ്ണാടകയിൽ നിന്ന് രാജ്യസഭ കണ്ടു. അതിന് മൂന്ന് വർഷങ്ങൾക്കുള്ളിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ ജനവിധി തേടിയ മുഹമ്മദ് റിയാസ് അന്ന് പരാജയപ്പെട്ടത് വെറും ആയിരത്തിൽ താഴെ വോട്ടുകൾക്കാണ്. പിന്നീട് 2021-ൽ അതേ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ നിന്ന് പി. എ മുഹമ്മദ്‌ റിയാസ് നിയമ സഭാ സമാജികനാകുന്നത് മുപ്പതിനായിരത്തോളം വോട്ടുകൾക്ക് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന്.

പാർടി ഏൽപ്പിച്ച പൊതുമരാമത്ത് – ടൂറിസം മന്ത്രി എന്ന ഉത്തരവാദിത്തം ഏറ്റവും മികച്ച നിലയിൽ കൈകാര്യം ചെയ്ത അദ്ദേഹം കഴിഞ്ഞ 5 വർഷക്കാലയളവിനുള്ളിൽ മികച്ച മന്ത്രിമാരുടെ കൂട്ടത്തിൽ എതിരാളികളെ കൊണ്ട് പോലും തന്റെ പേരും എഴുതിപ്പിച്ചു. കുപ്രസിദ്ധമായിരുന്ന കേരളത്തിലെ റോഡുകളും – പാലങ്ങളും ഇന്ന് അന്താരാഷ്ട്ര വ്ലോഗർമാർ പോലും വാഴ്ത്തുന്നതും, ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ പേര് പലകുറി എഴുതി ചേർത്ത് അസംഖ്യം അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കിയതും പി. എ മുഹമ്മദ്‌ റിയാസിന്റെ കാലത്താണ്.

തന്റെ ജീവിതത്തിൽ ഇന്നേവരെ ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പോലും ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ടില്ലാത്ത, യാതൊരു ജനാധിപത്യ സ്ഥാനങ്ങളും വഹിക്കാത്ത രാജീവ്‌ ചന്ദ്രശേഖരൻ ദേശീയ പാതാ ഉദ്ഘാടന വേളയിൽ ‘കുമ്മനടിച്ച്’ കൊണ്ട്, ജനപ്രതിനിധിയും സംസ്ഥാന മന്ത്രിയുമായ മുഹമ്മദ്‌ റിയാസിനെ പരിഹസിക്കാൻ ശ്രമിക്കുന്നു എന്നതാണ് വലിയ തമാശ.

ടിപിജി നമ്പ്യാരുടെ മകളെ കല്യാണം കഴിച്ച് ബിപിഎൽ കുടുംബത്തിന്റെ മരുമോനായി മാറി, പിന്നീട് അതേ അമ്മായി അച്ഛനെ വലിപ്പിച്ച കാശെറിഞ്ഞ് പൊളിറ്റിക്കൽ കരിയറുണ്ടാക്കിയത് കൊണ്ട് മാത്രം ഇന്ന് നാലാളറിയുന്ന നേതാവായി മാറിയ രാജീവ്‌ ചന്ദ്രശേഖരനാണ് എട്ടാം ക്ലാസിൽ സെന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളിലെ എസ്‌.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായി പൊതു പ്രവർത്തനം തുടങ്ങിയ മുഹമ്മദ്‌ റിയാസിനെ മരുമോനെന്ന് വിളിച്ച് ആക്ഷേപിക്കാൻ നോക്കുന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയും രാജീവ്‌ ചന്ദ്രശേഖരനും കൂടി രാജീവിന്റെ മക്കളുടെയോ കൊച്ചുമക്കളുടെയോ നൂല് കെട്ടോ, കല്യാണമോ, ചോറൂണോ ഒക്കെയാണ് നടത്തുന്നതെങ്കിൽ മുഖ്യമന്ത്രിയുടെ മരുമകനെ മാത്രമല്ല മുഖ്യമന്ത്രിയെ പോലും വിളിക്കേണ്ട കാര്യമില്ല. പക്ഷേ രാജ്യത്ത് മറ്റെവിടെയുമില്ലാത്ത വണ്ണം സ്ഥലമേറ്റെടുപ്പിന് അയ്യായിരത്തിലധികം കോടി സംസ്ഥാന സർക്കാർ മുടക്കി, നന്ദിഗ്രാമിലെ മണ്ണും, വയൽക്കിളിയും, സമരവും സത്യാഗ്രഹവുമൊക്കെയായി പദ്ധതിയെ തകർക്കാൻ കൈയ്യും മെയ്യും നടന്ന് പോരാടിയവരെ വക വെക്കാതെ സംസ്ഥാന സർക്കാരിന്റെ ഒറ്റ ഇച്ഛാശക്തിയുടെ ഫലത്തിൽ പടുത്തുയർത്തിയ ഈ ദേശീയ പതയുടെ ഉദ്ഘാടനത്തിന് സംസ്ഥാന മുഖ്യമന്ത്രിയെ മാത്രമല്ല, ആ ദേശീയ പാതാ നിർമ്മാണത്തിന്റെ സംസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന് നേതൃത്വം വഹിച്ച പൊതുമരാമത്ത് മന്ത്രിയും ക്ഷണിക്കപ്പെടണം. പ്രോട്ടോക്കോളിനപ്പുറം അന്തസ്സുള്ള മനുഷ്യർക്കുള്ള മര്യാദ എന്ന് കൂടി പറയും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.