...
Home News Kerala “പോറ്റിയെ കേറ്റിയേ” എന്ന പാട്ട് വിവാദവും അത് പോകുന്ന ദിശയും

“പോറ്റിയെ കേറ്റിയേ” എന്ന പാട്ട് വിവാദവും അത് പോകുന്ന ദിശയും

ഈ പാട്ട് മതവികാരം വ്രണപ്പെടുത്തുന്ന ഒന്നാണെന്ന പരാതിയും കേസും വിവാദങ്ങളുമൊക്കെയായി ഇത് മുന്നോട്ട് പോകുന്ന പക്ഷം അത് പരിണമിക്കാൻ പോകുന്ന റൂട്ട് എന്തായിരിക്കുമെന്നത് വ്യക്തമാണ്.

348

| ബഷീർ വള്ളിക്കുന്ന്

“പോറ്റിയെ കേറ്റിയേ” എന്ന പാട്ട് വിവാദവും അത് പോകുന്ന ദിശയും സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഇതൊരു രാഷ്ട്രീയ വിവാദമായി പരിണമിക്കുന്നതിലുപരി അപകടകരമായ ഒരു വർഗ്ഗീയ വിഷയമായി മാറാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. ആ അർത്ഥത്തിൽ സിപിഎം ഇപ്പോൾ കളിക്കാൻ ശ്രമിക്കുന്നത് തീ കൊണ്ടുള്ള കളിയാണ്. സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ വരുന്ന കമന്റുകളിൽ അധികവും തികച്ചും വർഗീയമായ ദിശയിലേക്കാണ് പോകുന്നത്.

ശബരിമലയും അയ്യപ്പനുമൊക്കെ വിഷയമായി വരുന്ന ഈ പാരഡി ഗാനത്തിന്റെ രചയിതാവും ഗായകനും സംഗീത സംവിധായകനുമൊക്കെ മുസ്‌ലിംകളാണ് എന്നും നിങ്ങളുടെ മതത്തെക്കുറിച്ച് ഇതുപോലെ എഴുതുമോ എന്നൊക്കെയുള്ള കമന്റുകൾ പലയിടത്തും കാണുന്നുണ്ട്. വിഷയം തീ പിടിച്ചു വരുന്നതിന്റെ ഒരു സൂചനയാണ് ഇത്. ഈ പാട്ട് മതവികാരം വ്രണപ്പെടുത്തുന്ന ഒന്നാണെന്ന പരാതിയും കേസും വിവാദങ്ങളുമൊക്കെയായി ഇത് മുന്നോട്ട് പോകുന്ന പക്ഷം അത് പരിണമിക്കാൻ പോകുന്ന റൂട്ട് എന്തായിരിക്കുമെന്നത് വ്യക്തമാണ്. ആ റൂട്ട് കേരളത്തെ കൂടുതൽ വിഭജിക്കാൻ പോകുന്ന റൂട്ടാണ്.

ഇതൊരു വിവാദവും കേസുമാക്കുന്നവർ സത്യത്തിൽ ചെയ്യുന്നത് അവഗണിച്ച് വിടാവുന്ന ഒരു ബിലോ ആവറേജ് പാരഡി ഗാനത്തെ ഒരു വൻ ഹിറ്റാക്കാൻ ശ്രമിക്കുകയുമാണ്. കൂടുതൽ ആളുകളിലേക്ക് അത് എത്തിക്കാൻ ശ്രമിക്കുകയാണ്. ഏണി വെച്ച് പിടിച്ചു കൊണ്ട് വരുന്ന വയ്യാവേലി എന്നും പറയാം.
മുമ്പ് ഇതുപോലെ ഒരു വിവാദമുണ്ടായിരുന്നു. ‘ഒരു അഡാർ ലവ്’ സിനിമയിലെ പാട്ടിനെപ്പറ്റി.
മാണിക്യമലരായ പൂവി
മഹതിയാം ഖദീജ ബീവി
ആ പാട്ടും അതിന്റെ ചിത്രീകരണവും പ്രവാചകനെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു വിവാദം. കോടതിയും കേസുമൊക്കെയായി അത് പുരോഗമിച്ചു. അന്ന് അതിനെപ്പറ്റി എഴുതിയത് ഇങ്ങിനെയായിരുന്നു:

“ആ പാട്ടിന്റെ ചിത്രീകരണം എങ്ങിനെയുണ്ടെന്ന് ചോദിച്ചാൽ ‘അഡാറഡാറ്’ എന്നേ ഞാൻ പറയൂ.. അത്ര മാത്രം സൂപ്പറായിട്ടുണ്ട്.. ഒരു മുസ്ലിയാരുടെ പ്രസംഗം കേട്ടു. പ്രവാചകന്റെ പ്രണയത്തിന്റെ ആവിഷ്കാരമാണ് അതെന്നും അതുകൊണ്ടു തന്നെ സിനിമയിൽ നിന്ന് ആ പാട്ട് മാറ്റണമെന്നും. ആ പാട്ടിൽ നബിയേയോ ഖദീജ ബീവിയേയോ അപകീർത്തിപ്പെടുത്തുന്ന ഒരു കുന്തവുമില്ല മുസ്ലിയാരേ. അത് നബിയുടെ പ്രണയത്തിന്റെ ചിത്രീകരണവുമല്ല. ന്യൂജൻ പിള്ളാരുടെ ലൈഫാണ് ആ പാട്ടിന്റെ ജീവൻ.

പതിറ്റാണ്ടുകളായി കേൾക്കുന്ന മനോഹരമായ ആ മാപ്പിളപ്പാട്ട് സ്റ്റേജിൽ കുട്ടികൾ പാടുന്നു. പാട്ട് നടക്കുന്നതിനിടെ സദസ്സിലുള്ള കുട്ടികളുടെ അഡാർ കളികളിലേക്ക് ക്യാമറാമാൻ പോകുന്നു. ഇതിലെവിടെയാണ് പ്രവാചക നിന്ദ?. മുസ്ലിയാർ ഒരു കാര്യം ചെയ്യണം. വെറുതേ യൂടൂബിൽ കയറി ആവശ്യമുള്ളതും ഇല്ലാത്തതുമൊന്നും ഞെക്കി ഞെക്കി കളിക്കരുത്.. ഇനി ഞെക്കിപ്പോയാൽ തന്നെ ആളറിയാതെ കണ്ട ശേഷം മെല്ലെ ഓഫാക്കി പോരുക. എല്ലാം ആസ്വദിച്ച് കണ്ട ശേഷം ഇതുപോലുള്ള പ്രസംഗങ്ങൾ നടത്തരുത്”

അന്ന് പറഞ്ഞത് തന്നെയാണ് ഇന്നും പറയാനുള്ളത്. ഇല്ലാത്ത വികാരം ഉണ്ടെന്ന് വരുത്തി അത് ഇളക്കിവിടാൻ ശ്രമിക്കരുത്. സിപിഎം പ്രത്യേകിച്ചും. അയ്യപ്പനായാലും മുഹമ്മദ് നബിയായാലും ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കേണ്ട സമീപനം ഒന്നാണ്. വെള്ളാപ്പള്ളിയെ മുന്നിൽ നിർത്തി സിപിഎം നടത്തിയ സോഷ്യൽ എൻജിനീയറിങ് വഴി വലിയ സാമൂഹ്യ വിഭജനങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലം ഈ തെരഞ്ഞെടുപ്പിൽ സിപിഎം അനുഭവിക്കുകയും ചെയ്തു. ഒരു പാരഡി ഗാനത്തിന്റെ പേരും പറഞ്ഞു ഇനിയും ആ സോഷ്യൽ എൻജിനീയറിങ്ങിന്റെ പിറകിൽ പോകരുത്. അത് തീ കൊണ്ടുള്ള കളിയാണ്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.