...
Home News International സ്ത്രീകളുടെ പൗരോഹത്യ പദവി; എതിർപ്പില്ലെന്ന് കത്തോലിക്കാ സഭ

സ്ത്രീകളുടെ പൗരോഹത്യ പദവി; എതിർപ്പില്ലെന്ന് കത്തോലിക്കാ സഭ

സഭയുടെ ഉള്ളിൽ സ്ത്രീകള്‍ക്ക് പൗരോഹത്യപദവികള്‍ അനുവദിക്കുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങളെക്കൂടി ഇതിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതുമായ തുറന്ന സമീപനത്തിലേക്ക് സഭയെത്തണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ സിനഡ് ചർച്ച നടത്തി.

297

കത്തോലിക്കാ സഭയ്ക്കുള്ളിൽ സ്ത്രീകള്‍ പൗരോഹത്യ പദവികളിലേക്ക് എത്തുന്നത് അനുവദിക്കാനുള്ള സിനഡ് ചർച്ചയില്‍ ഭിന്നാഭിപ്രായം ഉയർന്നു . സിനഡ് സമ്മേളത്തില്‍ വോട്ടെടുപ്പിന് വെച്ച വിഷയത്തില്‍ വന്‍ എതിർപ്പാണ് ഉയർന്നത്. പക്ഷെ സ്ത്രീകള്‍‌ നേതൃപദവികളിലെത്തുന്നതില്‍ എതിർപ്പോ തടസമോ ഇല്ലെന്ന് അവകാശപ്പെടുന്ന രേഖയാണ് സിനഡ് പുറത്തുവിട്ടത്.

നിലവിൽ സ്ത്രീകളെ ഡീക്കൻമാരായി നിയമിക്കാമോ എന്ന ചോദ്യത്തിന്, അതിനുള്ള സാധ്യത ‘തുറന്നിരിക്കുന്നു’ എന്നും വിഷയത്തിൽ കൂടുതൽ ചർച്ചകള്‍ ആവശ്യമാണെന്നുമായിരുന്നു സഭയുടെ തീരുമാനം . ലോകമാകെയുള്ള 110 രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും കർദിനാള്‍മാരും അടങ്ങുന്ന സഭാ പ്രതിനിധികളുടെ ഒരുമാസം നീണ്ടുനിന്ന സിനഡ് യോഗമാണ് കഴിഞ്ഞദിവസം അവസാനിച്ചത്.

സഭയുടെ ഉള്ളിൽ സ്ത്രീകള്‍ക്ക് പൗരോഹത്യപദവികള്‍ അനുവദിക്കുന്നതിനും ലൈംഗിക ന്യൂനപക്ഷങ്ങളെക്കൂടി ഇതിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതുമായ തുറന്ന സമീപനത്തിലേക്ക് സഭയെത്തണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ സിനഡ് ചർച്ച നടത്തി. ശുശ്രൂഷകള്‍ നടത്താൻ അവകാശമില്ലാത്ത ഡീക്കന്‍ എന്ന പൗരോഹത്യ പദവിയില്‍ സ്ത്രീകള്‍ക്കും അവസരം അനുവദിച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും വോട്ടെടുപ്പിന് വെച്ച വിഷയങ്ങളില്‍ ഏറ്റവുമധികം എതിർപ്പ് നേരിട്ടത് ഈ നിർദേശമായിരുന്നു.

ആകെ 52 പേജുള്ള സിനഡ് രേഖയിലെ 155 ഖണ്ഡികകളില്‍ ഓരോന്നും മൂന്നിൽ രണ്ട് വോട്ട് ഭൂരിപക്ഷത്തോടെ പാസായാൽ മാത്രമേ അംഗീകാരം ലഭിക്കൂ. 258 അംഗങ്ങള്‍ തീരുമാനത്തെ എതിർത്തപ്പോള്‍ 97 അംഗങ്ങള്‍ മാത്രമാണ് അനുകൂലിച്ചത്. പിന്നീട് അന്തിമരേഖ പുറത്തുവിട്ടപ്പോള്‍ ഈ ഖണ്ഡിക സംബന്ധിച്ച് സഭ നടത്തിയത് സ്ത്രീകള്‍ നേതൃപദവികള്‍ വഹിക്കുന്നതിനോട് സഭയ്ക്ക് എതിർപ്പോ തടസമോ ഇല്ലെന്ന പരാമർശം മാത്രമായിരുന്നു .

അതേസമയം, സ്ത്രീകളെ പുരോഹിതരായി നിയമിക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പ്രഖ്യാപനം നിലനില്‍ക്കെ, ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കാന്‍ സഭയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഫ്രാന്‍സിസ് മാർപ്പാപ്പ നിയോഗിച്ച രണ്ട് വത്തിക്കാൻ കമ്മീഷനുകള്‍ പരിഗണിക്കുന്ന 10 വിഷയങ്ങളിലൊന്നാണിത്.

2025 ജൂണിൽ, ഈ കമ്മീഷനുകള്‍ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സഭ നിലപാട് മാറ്റിയേക്കുമെന്നും സ്ത്രീ പ്രാധിനിത്യത്തിന്‍റെ വക്താക്കള്‍ വിശ്വസിക്കുന്നു . ലൈംഗിക ന്യൂനപക്ഷങ്ങളെയും സഭാനേതൃത്വത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വാഗതാർഹമായിരിക്കുമെന്ന ചർച്ച നടന്നെങ്കിലും സിനഡ് രേഖയില്‍ ഇതു സംബന്ധിച്ച് പരാമർശമൊന്നുമുണ്ടായില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.