...
Home News International മെലാനിയയെ ഉറക്കം കെടുത്തിയ ആ വെളിപ്പെടുത്തൽ; മാരലാഗോയിലെ വിരുന്നുകളിൽ ഒളിപ്പിച്ച നിഗൂഢതകൾ

മെലാനിയയെ ഉറക്കം കെടുത്തിയ ആ വെളിപ്പെടുത്തൽ; മാരലാഗോയിലെ വിരുന്നുകളിൽ ഒളിപ്പിച്ച നിഗൂഢതകൾ

ആരാണ് ഈ അമാൻഡ ഉംഗാരോ? വെറുമൊരു മോഡൽ എന്നതിലുപരി, എപ്‌സ്റ്റീന്റെയും ട്രംപിന്റെയും ലോകത്തെ ഉൾക്കഥകൾ അറിയുന്ന വ്യക്തിയാണവർ. 17-ാം വയസ്സിൽ എപ്‌സ്റ്റീന്റെ സ്വകാര്യ ജെറ്റായ 'ലോലിത എക്സ്പ്രസ്സിൽ' യാത്ര ചെയ്ത താൻ അയാളുടെ ഇരകളിലൊരാളാണെന്ന് അമാൻഡ വെളിപ്പെടുത്തിയിട്ടുണ്ട്.

180

ലോകം ഏറെക്കാലമായി ഉറ്റുനോക്കുന്ന ഒരു നിഗൂഢതയുടെ ചുരുളുകൾ വീണ്ടും അഴിഞ്ഞു തുടങ്ങുകയാണ്. അമേരിക്കൻ പ്രഥമവനിത മെലാനിയ ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ അസാധാരണമായ വാർത്താസമ്മേളനം രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചു. കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, തന്റെ വിവാഹത്തിൽ അയാൾക്ക് പങ്കില്ലെന്നും അവർ ആണയിടുമ്പോൾ, എന്തിനാണ് ഇപ്പോൾ ഇത്തരമൊരു വിശദീകരണം എന്ന ചോദ്യം ബാക്കിയാവുന്നു. വർഷങ്ങളായി ഈ വിഷയത്തിൽ മൗനം പാലിച്ചിരുന്ന മെലാനിയയെ പെട്ടെന്ന് പ്രകോപിതയാക്കിയത് ഒരു പഴയ സുഹൃത്തിന്റെ ഭീഷണിയായിരുന്നു.

ബ്രസീലിയൻ മുൻ മോഡൽ അമാൻഡ ഉംഗാരോ എന്ന 41-കാരിയാണ് ആ നിഗൂഢതയുടെ കേന്ദ്രബിന്ദു. “20 വർഷമായി നിന്നെ എനിക്കറിയാം… കൊടിച്ചിപ്പട്ടീ, എന്നോടു കളിക്കുമ്പോൾ നീ സൂക്ഷിക്കണം” എന്ന് തുടങ്ങുന്ന അമാൻഡയുടെ എക്സിലെ (ട്വിറ്റർ) പോസ്റ്റുകൾ മെലാനിയയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു. മെലാനിയയെയും “ബാലപീഡകനായ” ഭർത്താവിനെയും താൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, തനിക്കറിയാവുന്ന എല്ലാ സത്യങ്ങളും വെളിപ്പെടുത്തുമെന്നും അമാൻഡ ഭീഷണി മുഴക്കി. ഇതോടെയാണ് മാരലാഗോയിലെ ആഡംബര വിരുന്നുകൾക്ക് പിന്നിലെ കറുത്ത നിഴലുകൾ ചർച്ചയാകുന്നത്.

ആരാണ് ഈ അമാൻഡ ഉംഗാരോ? വെറുമൊരു മോഡൽ എന്നതിലുപരി, എപ്‌സ്റ്റീന്റെയും ട്രംപിന്റെയും ലോകത്തെ ഉൾക്കഥകൾ അറിയുന്ന വ്യക്തിയാണവർ. 17-ാം വയസ്സിൽ എപ്‌സ്റ്റീന്റെ സ്വകാര്യ ജെറ്റായ ‘ലോലിത എക്സ്പ്രസ്സിൽ’ യാത്ര ചെയ്ത താൻ അയാളുടെ ഇരകളിലൊരാളാണെന്ന് അമാൻഡ വെളിപ്പെടുത്തിയിട്ടുണ്ട്. ട്രംപ് കുടുംബത്തിന്റെ കൊട്ടാരമായ മാരലാഗോയിൽ തന്റെ മുൻഭർത്താവിനും മകനുമൊപ്പം നിരവധി വിരുന്നുകളിൽ അവർ പങ്കെടുത്തിട്ടുണ്ട്. മെലാനിയയുടെ മാതാപിതാക്കളുമായി പോലും അവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നത് ഈ കഥയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഈ നിഗൂഢ കഥയിലെ മറ്റൊരു പ്രധാനി അമാൻഡയുടെ മുൻഭർത്താവ് പൗലോ സാമ്പോളിയാണ്. 1990-കളിൽ സ്ലൊവീനിയക്കാരിയായ മെലാനിയയ്ക്ക് അമേരിക്കയിൽ മോഡലിംഗിനായി വിസ ശരിയാക്കി നൽകിയതും ഡൊണാൾഡ് ട്രംപിന് മെലാനിയയെ പരിചയപ്പെടുത്തിക്കൊടുത്തതും ഇയാളാണെന്ന് പറയപ്പെടുന്നു. നിലവിൽ ട്രംപ് ഭരണകൂടത്തിൽ അതീവ സ്വാധീനമുള്ള ദൂതനായി പ്രവർത്തിക്കുന്ന സാമ്പോളിയാണ് തന്റെ തകർച്ചയ്ക്ക് പിന്നിലെന്ന് അമാൻഡ ആരോപിക്കുന്നു. അധികാരത്തിന്റെ തണലിൽ നിൽക്കുന്ന ഈ വ്യക്തികളാണ് തന്റെ ജീവിതം തകർത്തതെന്നാണ് അവരുടെ പക്ഷം.

അമാൻഡയുടെ ജീവിതം ഒരു സിനിമയെ വെല്ലുന്ന മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. 2025 ജൂണിൽ ഫ്ലോറിഡയിലെ വീട്ടിൽ പത്ത് പോലീസ് ഓഫീസർമാർ ഇരച്ചെത്തിയാണ് അവരെ അറസ്റ്റ് ചെയ്തത്. കോസ്മെറ്റിക് ക്ലിനിക്കിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കൈകാലുകൾ കെട്ടിയിട്ടാണ് തന്നെ തടവിലിട്ടതെന്ന് അമാൻഡ പറയുന്നു. തന്റെ മകന്റെ കസ്റ്റഡി ലഭിക്കാനായി മുൻഭർത്താവ് പൗലോ സാമ്പോളി തന്റെ സ്വാധീനം ഉപയോഗിച്ച് ചെയ്യിച്ചതാണ് ഇതെന്ന് അവർ ആരോപിക്കുമ്പോൾ, അതീവ ഗുരുതരമായ ഒരു വ്യക്തിപരമായ പ്രതികാരത്തിന്റെ കഥയാണ് അവിടെ വെളിപ്പെടുന്നത്.

നിലവിൽ ബ്രസീലിലേക്ക് നാടുകടത്തപ്പെട്ട അമാൻഡയെ എന്തിനാണ് മെലാനിയ ഇത്രയധികം ഭയക്കുന്നത്? എപ്‌സ്റ്റീന്റെ വിമാനരേഖകളിൽ ഒരിടത്തും മെലാനിയയുടെ പേര് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് സത്യമാണ്. എന്നാൽ, തന്റെ മോഡലിംഗ് ജീവിതത്തിന്റെ തുടക്കം മുതൽ അറിയാവുന്ന, തന്റെ മാതാപിതാക്കളുമായി അടുത്ത ബന്ധമുള്ള അമാൻഡയുടെ കൈവശം എന്തെങ്കിലും രഹസ്യ തെളിവുകൾ ഉണ്ടാകുമോ എന്നതാണ് മെലാനിയയെ അസ്വസ്ഥമാക്കുന്നത്. എപ്‌സ്റ്റീന്റെ ഇരകൾക്കായി പബ്ലിക് ഹിയറിംഗ് നടത്തണമെന്ന് മെലാനിയ ആവശ്യപ്പെട്ടതും ഈ ഭയത്തിൽ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

“എന്നായാലും സത്യം പുറത്തുവരും” എന്ന അമാൻഡയുടെ വാക്കുകൾ മെലാനിയയുടെ ഉറക്കം കെടുത്തിയെന്നതിന്റെ സൂചന തന്നെയാണ് വിശദീകരണം. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്റെ ഭാര്യയായിരിക്കുമ്പോഴും, ഭൂതകാലത്തിന്റെ നിഴലുകൾ തന്നെ പിന്തുടരുന്നുണ്ടെന്ന് ഭീതി മെലാനിയയെ പിടികൂടിയിട്ടുണ്ടാകാം. വൈറ്റ് ഹൗസിലെ മനോഹരമായ ചുവരുകൾക്കുള്ളിൽ താൻ സുരക്ഷിതയല്ലെന്ന തോന്നലും ഉടലെടുത്തിരിക്കാം. അമാൻഡയുടെ ഭീഷണി വെറുമൊരു വാക്കാണോയെന്നും മാരലാഗോയിലെ ആ നിഗൂഢ വിരുന്നുകളുടെ ബാക്കിപത്രമാണോയെന്നും വരും ദിവസങ്ങൾ തെളിയിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.