...
Home News International ലോക രാജ്യങ്ങളുടെ നോട്ടപ്പുള്ളി; ശതകോടീശ്വരൻ ടെലിഗ്രാം സിഇഒ പവല്‍ ദുറോവിൻ്റെ നിഗൂഢജീവിതം

ലോക രാജ്യങ്ങളുടെ നോട്ടപ്പുള്ളി; ശതകോടീശ്വരൻ ടെലിഗ്രാം സിഇഒ പവല്‍ ദുറോവിൻ്റെ നിഗൂഢജീവിതം

ടെലിഗ്രാമിലെ ചില ചാനലുകള്‍ക്ക് ലക്ഷക്കണക്കിന് വരിക്കാരുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു

308

റഷ്യയില്‍ ജനിച്ച ഈ ടെക് സംരംഭകന്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലും സജീവമാണ്. മാതൃരാജ്യമായ റഷ്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ നോട്ടപ്പുള്ളിയുമാണ് ഈ 39കാരൻ. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ജനിച്ച ദുറോവ് ‘റഷ്യന്‍ സക്കര്‍ബര്‍ഗ്’ എന്നും അറിയപ്പെടുന്നുണ്ട്. തൻ്റെ ഇരുപതുകളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ വികോണ്‍ടാക്ട് (VKontakte -VK) സ്ഥാപിക്കുകയും അതിലൂടെ റഷ്യയില്‍ പ്രശസ്തി നേടുകയുമായിരുന്നു. ഒരു കാലത്ത് ഫെയ്‌സ്ബുക്കിനെ വരെ മറികടന്ന് അത് ഉപയോക്താക്കളെ നേടിയിരുന്നു.

റഷ്യന്‍ അധികൃതരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നും ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള പോരാട്ടങ്ങള്‍ക്കും ശേഷം VKontakte അദ്ദേഹം വിറ്റു. തുടര്‍ന്നാണ് ടെലിഗ്രാമിൻ്റെ പിറവി. സന്ദേശങ്ങള്‍ അയയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലിഗ്രാം സ്ഥാപിച്ചത്. ഇത് വളരെപ്പെട്ടെന്ന് ഉപയോക്താക്കളുടെ ശ്രദ്ധ കവര്‍ന്നുവെങ്കിലും തീവ്രസ്വഭാവമുള്ള ഉള്ളടക്കത്തിൻ്റെ പേരില്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടു.

വിവാദങ്ങളും വിമര്‍ശനങ്ങളും കടുത്തപ്പോഴും ദുറോവ് ഒരു നിഗൂഢ വ്യക്തിയായി തുടർന്നു. വളരെ അപൂര്‍വമായി മാത്രമാണ് ദുറോവ് മാധ്യമങ്ങൾക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്നത്. പവല്‍ ദുറോവിനെ കഴിഞ്ഞ ദിവസം ഫ്രഞ്ച് പോലീസ് അറസ്റ്റു ചെയ്‌തിരുന്നു.

സ്വാതന്ത്രവാദിയായ ദുറോവ് ടെലിഗ്രാമില്‍ അയക്കപ്പെടുന്ന സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ ധിക്കാരപൂര്‍വം വിസമ്മതിച്ചു. വഞ്ചന, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഭീഷണി, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവ ടെലിഗ്രാമിലൂടെ പങ്കുവയ്ക്കപ്പെട്ടതായി ആരോപണം നിലനിൽക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ ചാര്‍ത്തിയാണ് ദുറോവിനെതിരേ ഫ്രാന്‍സില്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള സൈബര്‍ യൂണിറ്റും തട്ടിപ്പു വിരുദ്ധ ഓഫീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഞായറാഴ്‌ചയും ദുറോവ് പോലീസ് കസ്റ്റഡിയില്‍ ആയിരുന്നുവെന്ന് കേസുമായി അടുത്തുബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

യൂണിവേഴ്‌സിറ്റി ഓഫ് സെൻറ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് 2006-ലാണ് ദുറോവ് ബിരുദം പൂര്‍ത്തിയാക്കിയത്. ഇതിന് തൊട്ടുപിന്നാലെ VKontakte സ്ഥാപിച്ചു. വളരെപ്പെട്ടെന്ന് ഇത് ആളുകളുടെ ജനശ്രദ്ധ നേടിയെങ്കിലും അതിൻ്റെ സൃഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നിഗൂഢമായി തുടര്‍ന്നു.

റഷ്യന്‍ സെക്യൂരിറ്റി സര്‍വീസസിന് (എഫ്എസ്ബി) ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചതിന് റഷ്യന്‍ സര്‍ക്കാരുമായി ഉടക്കുകയും പിന്നാലെ VKontakte വില്‍ക്കുകയുമായിരുന്നു.

സഹോദരന്‍ നിക്കോളയ്‌ക്കൊപ്പം ചേര്‍ന്നാണ് ടെലിഗ്രാം വികസിപ്പിച്ചത്. 2013ല്‍ ഇതിൻ്റെ സേവനം ആരംഭിച്ചു. തുടര്‍ന്ന് ദുറോവ് ദുബായില്‍ സ്ഥിരതാമസമാക്കി. കരീബിയന്‍ ദ്വീപ് സമൂഹമായ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിൻ്റെ പൗരത്വം നേടി. 2021 ഓഗസ്റ്റില്‍ ഫ്രഞ്ച് പൗരത്വവും നേടുകയുണ്ടായി. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിന് വലിയ വില കല്‍പ്പിച്ച ദുറോവ് സെന്‍സര്‍ഷിപ്പ് നിരസിക്കുകയും ഉപയോക്താക്കളുടെ രഹസ്യസ്വഭാവം സംരക്ഷിക്കുകയും ചെയ്‌തു.

2018ല്‍ ടെലിഗ്രാം നിരോധിക്കാന്‍ മോസ്‌കോയിലെ കോടതി ഉത്തരവിട്ടു. എന്നാല്‍, പ്രതിഷേധക്കാര്‍ മൂന്ന് ദിവസത്തിന് ശേഷം ടെലിഗ്രാമിൻ്റെ ചിഹ്നമായ പേപ്പര്‍ വിമാനങ്ങള്‍ എഫ്എസ്ബിയുടെ ആസ്ഥാനത്തേക്ക് പറത്തി വിട്ടു.

അതിനുശേഷം ടെലിഗ്രാം ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ റഷ്യ ഉപേക്ഷിച്ചു. അതിൻ്റെ സന്ദേശമയക്കുന്ന സേവനങ്ങള്‍ റഷ്യന്‍ സര്‍ക്കാരും പ്രതിപക്ഷവും ഉപയോഗിച്ചു പോരുകയും ചെയ്‌തു. ടെലിഗ്രാമിലെ ചില ചാനലുകള്‍ക്ക് ലക്ഷക്കണക്കിന് വരിക്കാരുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉക്രൈനിനെതിരായ റഷ്യന്‍ യുദ്ധത്തിലും ടെലിഗ്രാം നിർണായക പങ്കുവഹിക്കുന്നുണ്ട്.

‘സ്വകാര്യത ഇഷ്ടപ്പെടുന്നു’

പരമ്പരാഗത മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാന്‍ ദുറോവ് വിസമ്മതിച്ചിരുന്നു. എന്നാല്‍, തീവ്ര യാഥാത്ഥിതികനായ യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ് ഏപ്രിലിൽ വിപുലമായ അഭിമുഖം ദുറോവ് അനുവദിച്ചിരുന്നു. ആളുകള്‍ സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്നതായും സ്വകാര്യതയും സ്വാതന്ത്ര്യത്തെയും ഇഷ്ടപ്പെടുന്നതായും ടെലിഗ്രാമിലേക്ക് അവര്‍ മാറുന്നതിന് കാരണങ്ങള്‍ ഉണ്ടെന്നും അഭിമുഖത്തില്‍ ദുറോവ് പറഞ്ഞു.

സ്വന്തം ടെലിഗ്രാം ചാനലില്‍ പോലും ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മാംസവും മദ്യവും കാപ്പിയും കഴിക്കാറില്ലെന്നും ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടമെന്നും അദ്ദേഹം വെളിപ്പെടുത്തി. മിക്കപ്പോഴും കറുത്തനിറമുള്ള വസ്ത്രങ്ങളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്.

ഒരു ഡസനില്‍ അധികം രാജ്യങ്ങളില്‍ ബീജം ദാനം ചെയ്‌തിട്ടുണ്ടെന്നും അതുവഴി നൂറിലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തിട്ടുണ്ടെന്നും ജൂലൈയില്‍ ദുറോവ് വെളിപ്പെടുത്തിയിരുന്നു.

ഫോബ്‌സ് മാസികയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 15.5 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 12.8 ലക്ഷം കോടി രൂപ)യാണ് ദുറോവിൻ്റെ ആസ്‌തി. ദുറോവിൻ്റെ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തിൻ്റെ ക്രിപ്‌റ്റോ കറന്‍സിയായ ടണ്‍കോയിൻ്റെ മൂല്യത്തില്‍ 15 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.