...
Home News International ‘ലവ് ബോംബിംഗ്’; കപട സ്‌നേഹ പ്രകടനം പുതുതലമുറയില്‍ പ്രചാരം നേടുന്നു

‘ലവ് ബോംബിംഗ്’; കപട സ്‌നേഹ പ്രകടനം പുതുതലമുറയില്‍ പ്രചാരം നേടുന്നു

ഇര തനിക്ക് ആദ്യം ലഭിച്ച സ്‌നേഹവും പരിഗണനയും വീണ്ടെടുക്കാന്‍ എന്തും ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും

354

ലവ് ഐലന്‍ഡ്‌സ് യുഎസ്എ റീയൂണിയൻ്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ ലവ് ബോംബിംഗ് എന്ന പ്രശ്‌നത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. പുതുതലമുറയില്‍ ഉള്ളവർക്കിടയിലുള്ള പുതിയൊരു പ്രവണതയെക്കുറിച്ച് വിശദമാക്കുകയാണ് ഇതിൽ.

കപടമായ സ്‌നേഹ പ്രകടനമാണ് ലവ് ബോംബിംഗ് എന്നത്. സ്‌നേഹബന്ധത്തിലായ രണ്ട് പങ്കാളികള്‍ക്കിടയിലുള്ള അമിതമായ സ്‌നേഹപ്രകടനമാണ് ഇത്. സ്‌നേഹബന്ധം തുടങ്ങിയ ആദ്യനാളുകള്‍ രണ്ടാമത്തെയാളെ മനസ്സിലാക്കി തുടങ്ങുന്നതിന് മുമ്പ് തന്നെ അമിതമായി സ്‌നേഹം പ്രകടിപ്പിച്ച് കീഴക്കാന്‍ ശ്രമിക്കുന്ന കൃത്രിമ മാര്‍ഗമണിത്.

‘‘സ്‌നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും മുഖം സൃഷ്ടിച്ചാണ് ഇവര്‍ ഈ തന്ത്രം പ്രയോഗിക്കുന്നത്. ഇതിലൂടെ പുതിയ പങ്കാളിയെ തങ്ങള്‍ക്ക് കാവലായി നിര്‍ത്താനും തങ്ങളെ വിശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, കുറച്ചു കഴിയുമ്പോള്‍ ആദ്യം പ്രകടിപ്പിച്ച സ്‌നേഹം പിന്‍വലിക്കുകയും ചെയ്യും,‘‘ബോസ്റ്റണിലെ ലൈഫ്സ്റ്റാന്‍സ് ഹെല്‍ത്തിലെ തെറാപ്പിസ്റ്റായ ലിയാന്ന സ്റ്റോക്കാര്‍ഡ് ആണ് ഇക്കാര്യം പറയുന്നത്.

സ്‌നേഹം പെട്ടെന്ന് പിന്‍വലിക്കുമ്പോള്‍ താന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടാണെന്ന് ലവ് ബോബിംഗിന് ഇരയായവര്‍ക്ക് തോന്നുമെന്ന് അവര്‍ വിശദീകരിച്ചു. പങ്കാളിയില്‍ ആശ്രിതത്വബോധം സൃഷ്‌ടിക്കുന്നതിനാണ് ഈ തന്ത്രം രൂപീകരിച്ചിരിക്കുന്നത്. ഇവിടെ ഇര തനിക്ക് ആദ്യം ലഭിച്ച സ്‌നേഹവും പരിഗണനയും വീണ്ടെടുക്കാന്‍ എന്തും ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും.

ലവ് ബോംബിംഗിൻ്റെ ലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. നിലയ്ക്കാത്ത അഭിനന്ദനങ്ങള്‍, സമ്മാനങ്ങള്‍ വാരിക്കോരി വാങ്ങി നല്‍കുക, ബന്ധം തുടങ്ങുമ്പോള്‍ തന്നെ മുഴുവന്‍ സമയവും ഒന്നിച്ച് ചെലവഴിക്കാനുള്ള ആഗ്രഹം കാണിക്കുക എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണമാണെന്ന് സ്‌റ്റോക്കാര്‍ഡ് അഭിപ്രായപ്പെട്ടു. പങ്കാളിക്ക് വിശ്വസിക്കാന്‍ കഴിയാത്തവിധം സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയാണ് ഇവിടെ ചെയ്യുകയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ലവ് ബോംബിങ്ങിൻ്റെ തുടക്കത്തില്‍ ഇരയ്ക്ക് വളരെയധികം സന്തോഷമൊക്കെ അനുഭവപ്പെടുമെങ്കിലും ആദ്യത്തെയാൾ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്‌ ആയിരിക്കും പ്രവർത്തിക്കുകയെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. പങ്കാളി തൻ്റെ സ്‌നേഹം വിശ്വസിച്ചുവെന്ന് ബോധ്യമായി കഴിയുമ്പോള്‍ ആദ്യത്തെയാള്‍ പതിയെ ആദ്യത്തെ അമിത സ്‌നേഹ പ്രകടനത്തില്‍ നിന്ന് പിന്‍വാങ്ങുന്നു.

ബന്ധം ആരംഭിക്കുമ്പോള്‍ തന്നെ ഭാവിയെ സംബന്ധിച്ച് തീവ്രമായ സംഭാഷണങ്ങളിൽ ഇങ്ങനെയുള്ളവര്‍ ഏര്‍പ്പെടും. ഇതും മറ്റൊരു ലക്ഷണമാണ്. ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുന്നതിലൂടെ തെറ്റായ സുരക്ഷിതത്വബോധം സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത ഒരു ഭാവിയെക്കുറിച്ച് പങ്കാളി വിശ്വസിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ സ്വയം കണ്ടെത്താനും ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് അതിരുകള്‍ നിശ്ചയിക്കാനും പഠിക്കണമെന്ന് സ്റ്റോക്കാര്‍ഡ് ഉപദേശിച്ചു. ഇത്തരം പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ പങ്കാളിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.