...
Home News Kerala നിപ വൈറസ്; പതിനാലുകാരൻ്റെ രോഗബാധയുടെ ഉറവിടം കണ്ടെത്തി, കേന്ദ്രസംഘം മലപ്പുറത്തേക്ക്

നിപ വൈറസ്; പതിനാലുകാരൻ്റെ രോഗബാധയുടെ ഉറവിടം കണ്ടെത്തി, കേന്ദ്രസംഘം മലപ്പുറത്തേക്ക്

സമ്പർക്കപ്പട്ടികയിലെ ആളുകളുടെ എണ്ണം 350 ആയി ഉയർന്നതിൽ 101 പേർ ഹൈ റിസ്‌ക്‌ പട്ടികയിൽ പെട്ടവരാണ്

235

മലപ്പുറം: പാണ്ടിക്കാട് 14കാരന് നിപ ബാധിച്ചത് അമ്പഴങ്ങയിൽ നിന്നാണെന്ന് സ്ത്രീകരിച്ചു. കൂട്ടുകാർക്ക് ഒപ്പം തോട്ടിൽ കുളിക്കാൻ പോയ കുട്ടി അവിടെത്തെ മരത്തിൽ നിന്നും അമ്പഴങ്ങ പൊട്ടിച്ചു കഴിച്ചിരുന്നു. വൈറസ് ബാധിച്ചത് അതിൽ നിന്നാണെണ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഇത് വവ്വാൽ കടിച്ചത് ആണെന്ന് കരുതുന്നു. ഇക്കാര്യത്തിൽ കുറച്ച് ശാസ്ത്രീയ പരിശോധനകൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. വിദഗ്‌ദരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസംഘം മലപ്പുറത്ത് എത്തുന്നുണ്ട്. പൂണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ മെഡിക്കല്‍ ലാബ് തിങ്കളാഴ്‌ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കും. മൊബൈല്‍ ബിഎസ്എല്‍ മൂന്ന് ലാബോറട്ടറിയാണ് എത്തിക്കുക. അതിനാല്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ചെയ്യേണ്ട സ്രവ പരിശോധന ഇവിടെ നടത്താന്‍ സാധിക്കും.

നിപ പ്രതിരോധത്തിൻ്റെ ഭാ​ഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിയന്ത്രണം കര്‍ശനമാക്കി. കുട്ടിയുടെ വീട് പാണ്ടിക്കാട്ടും സ്‌കൂള്‍ ആനക്കയം പഞ്ചായത്തിലുമാണ്. തിങ്കളാഴ്‌ച 13 പേരുടെ പരിശോധന ഫലങ്ങളാണ് വരാനുള്ളത്. ഇതിൽ നാലുപേർ തിരുവനന്തപുരം സ്വദേശികൾ ആണ്. ഇവർ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് വന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവർ ആണ്. ഒമ്പതുപേരുടെ പരിശോധന കോഴിക്കോടും നാലുപേരുടെ തിരുവനന്തപുരത്തും ആണ് നടക്കുക.

ഇതിൽ ആറുപേർക്ക് നിപ ലക്ഷണങ്ങൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം സമ്പർക്കപ്പട്ടികയിലെ ആളുകളുടെ എണ്ണം 350 ആയി ഉയർന്നു. അതിൽ 101 പേർ ഹൈ റിസ്‌ക്‌ പട്ടികയിൽ പെട്ടവരാണ്. ഇതിൽ തന്നെ 68 പേർ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് ആളുകളെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

നിപ ബാധിതനായ കുട്ടി മുമ്പ് യാത്ര ചെയ്‌ത സ്വകാര്യ ബസും അതിലെ യാത്രികരെയും കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് എന്നും മന്ത്രി വീണ ജോർജ് അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കി. കൂടാതെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകള്‍ ശേഖരിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.