...
Home News ഷിക്കാഗോയിലെ ചെകുത്താൻ: നൂറിലധികം മനുഷ്യരെ കൊന്നുതള്ളിയ എച്ച്. എച്ച്. ഹോംസിന്റെ ഭീകരലോകം

ഷിക്കാഗോയിലെ ചെകുത്താൻ: നൂറിലധികം മനുഷ്യരെ കൊന്നുതള്ളിയ എച്ച്. എച്ച്. ഹോംസിന്റെ ഭീകരലോകം

ഹോംസിന്റെ വീഴ്ചയ്ക്ക് കാരണമായത് ജയിലിൽ വെച്ച് പരിചയപ്പെട്ട മാരിയോൺ ഹെഡ്ജ എന്ന വ്യക്തിയുമായി ചേർന്ന് നടത്തിയ ഒരു ഇൻഷുറൻസ് തട്ടിപ്പായിരുന്നു. തന്റെ ബിസിനസ് പങ്കാളിയായ ബെഞ്ചമിൻ പിറ്സലിന്റെ മരണം കൃത്രിമമായി സൃഷ്ടിച്ച് 10,000 ഡോളർ തട്ടിയെടുക്കാനായിരുന്നു പദ്ധതി.

275

| വാമിക

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർമാരിലൊരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് എച്ച്. എച്ച്. ഹോംസ്. 1861-ൽ അമേരിക്കയിലെ ന്യൂ ഹാംഷെയറിൽ ഹെർമൻ വെബ്സ്റ്റർ എന്ന പേരിൽ ജനിച്ച ഇയാൾ, പുറമെ ഒരു ബിസിനസുകാരനായിരുന്നെങ്കിലും അത് വെറും ഒരു പുറംമൂടി മാത്രമായിരുന്നു. ഷിക്കാഗോയിൽ അയാൾ പടുത്തുയർത്തിയ മൂന്നു നില കെട്ടിടം ഒരു ഹോട്ടലായിരുന്നില്ല, മറിച്ച് നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കാനായി നിർമ്മിച്ച ഒരു ‘കില്ലിംഗ് ഫാക്ടറി’ ആയിരുന്നു.

ഹോംസിന്റെ ക്രൂരതകൾക്ക് വിത്തുപാകിയത് അയാളുടെ കഠിനമായ കുട്ടിക്കാലമായിരുന്നു എന്ന് പറയപ്പെടുന്നു. സ്കൂളിൽ നിന്നും വീട്ടിൽ നിന്നും ഒരുപോലെ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഇയാൾക്ക്, കരഞ്ഞാൽ പോലും സ്വന്തം അച്ഛൻ വായിൽ മണ്ണെണ്ണ മുക്കിയ തുണി തിരുകുമായിരുന്നു. 17-ാം വയസ്സിൽ വിവാഹിതനായ ഹോംസ്, മെഡിക്കൽ പഠനകാലത്ത് സസ്യങ്ങളെയും മൃഗങ്ങളെയും കീറിമുറിക്കുന്നതിലാണ് (dissection) കൂടുതൽ താല്പര്യം കാണിച്ചിരുന്നത്. ഒരിക്കൽ തന്റെ വാടകവീട്ടിൽ ഇയാൾ ഒരു കുഞ്ഞിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം ഒളിപ്പിച്ചുവെച്ചത് ഭാര്യ കണ്ടെത്തുകയും, അത് തന്റെ ‘ഹോംവർക്ക്’ ആണെന്ന് അയാൾ നിസ്സാരമായി പറയുകയും ചെയ്തു.

കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ ‘എച്ച്. എച്ച്. ഹോംസ്’ എന്ന പേര് സ്വീകരിച്ച ഇയാൾ ഷിക്കാഗോയിൽ ഒരു ഡ്രഗ് സ്റ്റോർ വാങ്ങുകയും അവിടെ ഭീകരമായ ഒരു കെട്ടിടം പണിയുകയും ചെയ്തു. 150 അടി നീളവും 50 അടി വീതിയുമുള്ള ഈ കെട്ടിടത്തിന്റെ രണ്ടാം നില നിഗൂഢതകൾ നിറഞ്ഞതായിരുന്നു. വിഷവാതകം നിറഞ്ഞ മുറികൾ, ചുവരുകൾ എന്ന് തോന്നിക്കുന്ന വാതിലുകൾ, വായുസഞ്ചാരമില്ലാത്ത ഇടനാഴികൾ എന്നിവ ഇരകളെ കുടുക്കാനായി അയാൾ ഒരുക്കിയിരുന്നു. കരഞ്ഞാൽ പോലും പുറംലോകം കേൾക്കാത്ത ഈ നിലവറകളിൽ മനുഷ്യരെ കെട്ടിയിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നത് ഹോംസ് ആസ്വദിച്ചിരുന്നു.

1893-ൽ ഷിക്കാഗോയിൽ നടന്ന വേൾഡ്സ് കൊളംബിയൻ എക്സ്പോസിഷൻ സമയത്താണ് ഹോംസ് തന്റെ ക്രൂരതകൾ ഏറ്റവും കൂടുതൽ നടപ്പിലാക്കിയത്. ലക്ഷക്കണക്കിന് ആളുകൾ എത്തിയ ആ സമയത്ത്, പലരും താമസത്തിനായി തിരഞ്ഞെടുത്തത് ഹോംസിന്റെ ഈ ഹോട്ടലായിരുന്നു. അവിടെ എത്തിയ പലരും പിന്നീട് അപ്രത്യക്ഷരായി. പോലീസ് നടത്തിയ പരിശോധനയിൽ നൂറിൽ കൂടുതൽ അസ്ഥികൂടങ്ങളാണ് ആ കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയത്. തന്റെ വ്യക്തിഗത സെക്രട്ടറിയായിരുന്ന എമിലിൻ സെഗ്രാൻഡിനെ ഇയാൾ വായുസഞ്ചാരമില്ലാത്ത മുറിയിൽ പൂട്ടിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലുകയും അവളുടെ അസ്ഥികൂടം ഒരു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് വിൽക്കുകയും ചെയ്തു.

ഹോംസിന്റെ ക്രൂരതയ്ക്ക് ഇരയായവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിരുന്നു. തന്റെ ജീവനക്കാരിയായിരുന്ന ജൂലിയ കോർണറെയും അവളുടെ ആറു വയസ്സുകാരിയായ മകൾ പേളിനെയും അയാൾ ഇല്ലാതാക്കി. ജൂലിയയെ ഗർഭഛിദ്രം നടത്തുന്നതിനിടെ അബദ്ധത്തിൽ കൊന്നതാണെന്ന് അയാൾ പിന്നീട് അവകാശപ്പെട്ടെങ്കിലും, ആ കൊച്ചു കുട്ടിയെ എന്തിന് കൊന്നു എന്ന ചോദ്യത്തിന് അയാൾക്ക് മറുപടിയുണ്ടായിരുന്നില്ല. ഹോട്ടലിലെ ജനിറ്ററായിരുന്ന പാറ്റ് ക്വിൻലാനും ഒരു ദിവസം നിഗൂഢമായി അപ്രത്യക്ഷനായി.

ഹോംസിന്റെ വീഴ്ചയ്ക്ക് കാരണമായത് ജയിലിൽ വെച്ച് പരിചയപ്പെട്ട മാരിയോൺ ഹെഡ്ജ എന്ന വ്യക്തിയുമായി ചേർന്ന് നടത്തിയ ഒരു ഇൻഷുറൻസ് തട്ടിപ്പായിരുന്നു. തന്റെ ബിസിനസ് പങ്കാളിയായ ബെഞ്ചമിൻ പിറ്സലിന്റെ മരണം കൃത്രിമമായി സൃഷ്ടിച്ച് 10,000 ഡോളർ തട്ടിയെടുക്കാനായിരുന്നു പദ്ധതി. എന്നാൽ പദ്ധതിക്ക് വിപരീതമായി ഹോംസ് ബെഞ്ചമിനെ ക്ലോറോഫോം നൽകി മയക്കിയ ശേഷം വിഷം നൽകി ശരിക്കും കൊലപ്പെടുത്തി. ഈ തട്ടിപ്പിൽ തന്റെ വിഹിതം ലഭിക്കാത്തതിനെത്തുടർന്ന് മാരിയോൺ പോലീസ് ചീഫിന് അയച്ച കത്താണ് ഹോംസിനെ കുടുക്കിയത്.

ബെഞ്ചമിൻ പിറ്സലിനെ കൊലപ്പെടുത്തിയ ശേഷം അയാളുടെ കുടുംബത്തെയും ഹോംസ് വെറുതെ വിട്ടില്ല. ബെഞ്ചമിൻ ഒളിവിലാണെന്ന് ഭാര്യയെയും മക്കളെയും വിശ്വസിപ്പിച്ച് അവരെ പലയിടങ്ങളിലായി താമസിപ്പിച്ചു. ഒടുവിൽ ആ കുടുംബത്തിലെ മൂന്ന് കുട്ടികളെയും ഹോംസ് ക്രൂരമായി കൊലപ്പെടുത്തി. രണ്ട് പെൺകുട്ടികളെ ടൊറോണോയിലെ ഒരു നിലവറയിൽ വിഷവാതകം നൽകി കൊന്ന നിലയിലും, മകന്റെ മൃതദേഹം ഇന്ത്യാനയിലെ ഒരു വീട്ടിൽ കത്തിക്കരഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.

അറസ്റ്റിലായ ശേഷം ഹോംസ് തന്റെ ആത്മകഥയിൽ 27 പേരെ കൊന്നതായി സമ്മതിച്ചെങ്കിലും, ഇരകളുടെ എണ്ണം 200-ലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 1896 മെയ് ഏഴിന്, 35 വയസ്സാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഹോംസിനെ തൂക്കിക്കൊന്നു. തന്റെ മൃതദേഹം ആരും കാണരുതെന്ന് ആഗ്രഹിച്ച ഹോംസിനെ പത്തടിയോളം ആഴമുള്ള കുഴിയിലാണ് അടക്കം ചെയ്തത്. വർഷങ്ങൾക്ക് ശേഷം കല്ലറ തുറന്നപ്പോൾ കണ്ടെത്തിയ മൃതദേഹത്തിന് ഹോംസിന്റെ നീളമില്ലായിരുന്നു എന്നത് ഇന്നും ഒരു നിഗൂഢതയായി തുടരുന്നു.

ഹോംസിന്റെ ഈ ഭീകരമായ ജീവിതകഥ ‘ദ ഡെവിൾ ഇൻ ദ വൈറ്റ് സിറ്റി’ എന്ന പേരിൽ എറിക് ലാസൻ പുസ്തകമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഈ സംഭവങ്ങൾ ഇന്നും മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതാണ്. സ്വന്തം പിതാവിൽ നിന്ന് ലഭിച്ച ക്രൂരതകൾ എങ്ങനെ ഒരു മനുഷ്യനെ മൃഗമാക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഹോംസ്. നൂറിലധികം മനുഷ്യരുടെ നിലവിളികൾ തളം കെട്ടിക്കിടന്ന ആ ‘കൊലപാതക കൊട്ടാരം’ ഇന്ന് നിലവിലില്ലെങ്കിലും ‘ഡെവിൾ ഓഫ് ഷിക്കാഗോ’ എന്നറിയപ്പെട്ട എച്ച്. എച്ച്. ഹോംസ് ഇന്നും ലോകത്തിലെ ഏറ്റവും ഭീകരനായ കൊലയാളിയായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.