...
Home News Kerala സിനിമകളിലും വാർത്തകളിലും മാത്രം ശീലിച്ച യുപി – ബീഹാർ മോഡൽ രാഷ്ട്രീയം മെല്ലെയെങ്കിലും നമ്മുടെ നാട്ടിലും...

സിനിമകളിലും വാർത്തകളിലും മാത്രം ശീലിച്ച യുപി – ബീഹാർ മോഡൽ രാഷ്ട്രീയം മെല്ലെയെങ്കിലും നമ്മുടെ നാട്ടിലും വന്ന് തുടങ്ങി

കോർപ്പറേഷൻ മേയർ വി. വി രാജേഷടക്കമുള്ള ബിജെപി നേതാക്കൾ പ്രസ്തുത കാപ്പ കേസ് പ്രതിയെ അനുകൂലിച്ച് കൊണ്ട് പ്രതി സ്ഥാനത്ത് നിർത്തിയത് സി.പി.ഐ.എമ്മിനെയായിരുന്നു.

3

| ശ്രീകാന്ത് പികെ

അങ്ങനെ കേരള ചരിത്രത്തിന്റെ ഭാഗമായ ഒരു സംഭവം തിരുവനന്തപുരത്ത് വിയ്യൂർ ജയിലിൽ വച്ച് നടന്നു. കാപ്പാ കേസടക്കം ഒരു ഡസൻ കേസുകളിലെ പ്രതികൂടിയായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു.

ഈ ആർ. സുഗതനെ പോലീസ് അറസ്റ്റ് ചെയ്യാൻ പോയ രംഗം ഓർമ്മയുണ്ടാകും. ഹിന്ദി – തെലുങ്ക് സിനിമകളിലൊക്കെ കണ്ട തരത്തിൽ പോലീസ് ആകാശത്തേക്ക് വെടി വച്ചൊക്കെയാണ് ആളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്. പോലീസ് വണ്ടിയിലേക്ക് കേറുമ്പോഴും മെഡിക്കലെടുക്കാൻ കൊണ്ട് പോയപ്പോഴും അയാളുടെ പ്രകടനം കണ്ടാലറിയാം എമ്മാതിരിപ്പെട്ട നേതാവാണെന്ന്.

വി.ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്ന ശേഷമായിരുന്നു ഈ അറസ്റ്റ് നടന്നത്. വി.ഡി പോലീസ് അല്ലെങ്കിൽ ചെന്നിത്തല പോലീസ് എന്നൊക്കെ പറയാം. കൗൺസിലർ കൂടെയായ ഒരു ഗൂണ്ടാ ബിജെപി നേതാവിനെ പൊക്കി അകത്തിട്ടതിന്റെ ക്രെഡിറ്റ് പക്ഷേ ഏറ്റെടുക്കാനോ മാർക്കറ്റ് ചെയ്യാനോ അല്ല കോൺഗ്രസ് ശ്രമിച്ചത്. പകരം കെ. മുരളീധരനടക്കമുള്ള കോൺഗ്രസ് നേതാക്കൾ പോലീസിനെ വിമർശിക്കുകയായിരുന്നു.

കോർപ്പറേഷൻ മേയർ വി. വി രാജേഷടക്കമുള്ള ബിജെപി നേതാക്കൾ പ്രസ്തുത കാപ്പ കേസ് പ്രതിയെ അനുകൂലിച്ച് കൊണ്ട് പ്രതി സ്ഥാനത്ത് നിർത്തിയത് സി.പി.ഐ.എമ്മിനെയായിരുന്നു. എന്ന് മാത്രമല്ല, ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ കോൺഗ്രസ് ഗവണ്മെന്റ് വന്നപ്പോൾ ഡിജിപിക്ക് പരാതി നൽകുകയും, ആ ഉദ്യോഗസ്ഥൻ കുറച്ച് കാലം ലീവിൽ പോവുകയും, പിന്നീട് സി.പി.ഐ.എം നേതാവിന്റെ ഇടപെടൽ മൂലം തിരിച്ച് വന്നു എന്നൊക്കെയായിരുന്നു ബിജെപി വാദം. കോൺഗ്രസ് ഭരണത്തിൽ വന്നയുടനെ ബിജെപി പരാതിയിൽ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിയെന്ന്.

കോൺഗ്രസ് ഭരണമായിട്ടും, തങ്ങളുടെ കൗൺസിലറെ അറസ്റ്റ് ചെയ്തിട്ടും, ബിജെപിക്ക് കോൺഗ്രസിനോടോ അവരുടെ ആഭ്യന്തര വകുപ്പിനോടോ പരാതിയില്ല. പ്രശ്നം മുഴുവൻ സി.പി.ഐ.എമ്മിനോട് മാത്രമാണ്.
ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതിൽ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് ആരാഞ്ഞപ്പോൾ സതീശൻ മേനോൻ സർക്കാർ എതിർത്തില്ല എന്ന് മാത്രമല്ല നൂറ് ശതമാനം സമ്മതം മൂളി. മിക്കവാറും സുഗതനനെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി കൂറ് ഒന്ന് കൂടെ തെളിയിക്കുമായിരിക്കും.

ഗവണ്മെന്റ് പ്ലീഡർമാർ മാത്രമല്ല, ആഭ്യന്തര മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുകളിൽ പോലും ആർഎസ്‌എസ്‌ അനുഭാവികളെ തട്ടി നടക്കാൻ വയ്യാത്ത കാലമാണല്ലോ. എന്തായാലും കേരളത്തിന്, വിശേഷിച്ച് തിരുവനന്തപുരംകാർക്ക് അഭിമാനിക്കാം. സിനിമകളിലും വാർത്തകളിലും മാത്രം കേട്ട് ശീലിച്ച യുപി – ബീഹാർ മോഡൽ രാഷ്ട്രീയം മെല്ലെയെങ്കിലും നമ്മുടെ നാട്ടിലും വന്ന് തുടങ്ങി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.