...
Home News Kerala ഹിന്ദുത്വയുടെ ബുദ്ധി പ്രവർത്തിക്കുന്ന വിധം നിസ്സാരമല്ല

ഹിന്ദുത്വയുടെ ബുദ്ധി പ്രവർത്തിക്കുന്ന വിധം നിസ്സാരമല്ല

എട്ടു വർഷം മുൻപ് ഇതേ ജനുവരി 17 നാണ് രോഹിത് വെമുല എന്ന ദളിത് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. നമ്മുടെ വീട്ടിൽ വെമൂലയുടെ പേര് ഉച്ചരിക്കുന്നുണ്ടോ? ആറ് വര്ഷം മുമ്പ് ഇതേ ജനുവരി 17നാണ് ജമ്മുവിലെ കത്വയിൽ അമ്പലത്തിൽ വച്ച് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ എട്ടു വയസ്സുകാരി ആസിഫ ബാനുവിൻ്റെ മൃതദേഹം കിട്ടിയത്.

488

| അനു പാപ്പച്ചൻ

പ്രധാനമന്ത്രിയുടെ മുന്നിൽ കൈകൂപ്പിയതും കൈകെട്ടിയതും നോക്കി – അതും സെലിബ്രിറ്റികൾ – നിലപാടുകൾ അത്രയും ഉപരിപ്ലവമായി വിധിക്കുന്ന/ തീരുമാനിക്കുന്ന മനുഷ്യാവസ്ഥയോർത്തിട്ടാണ്. സംഘ പരിവാരത്തെ ചെറുക്കണമെങ്കിൽ, വീട്ടിലേക്ക് വരൂ, നാട്ടിലേക്ക് വരൂ, കൂടുന്ന ഓരോ കൂട്ടങ്ങളിലേക്കും വരൂ എത്ര ആഴത്തിലാണ്
ആചാരങ്ങൾ, ശീലങ്ങൾ, ക്രമങ്ങൾ, ആഘോഷങ്ങൾ സംഘപരിവാരത്തിനോട് ബോധാബോധത്തിൽ ഐക്യപ്പെട്ട് തുടർന്നു പോരുന്നത്.

ചിലപ്പോൾ മാത്രം ചിലതു പത്തി വിടർത്തുന്നുവെന്നേയുള്ളൂ. കുടുംബത്തിലും കൂട്ടായ്മകളിലും ബഹുഭൂരിപക്ഷത്തിൻ്റെ ജീവിത വ്യാപാരങ്ങളിലും, ഉറഞ്ഞുകിടക്കുന്ന ‘സംസ്കാരം ‘ അപകടമെന്ന തോന്നലേ യില്ല !. വെറുതേ ചില ഉദാഹരണങ്ങൾ… കല്യാണം തന്നെ എടുക്കാം. ഇപ്പോഴും ജാതകം /ശുദ്ധി / അശുദ്ധി / മുഹൂർത്തം / പൂജാദികൾക്ക് വല്ല മാറ്റവുമുണ്ടോ? മുഹൂർത്തമൊക്കെ ഡാഷാണ് എന്നുള്ള വിപ്ലവകാരികളെക്കൊണ്ടു തന്നെ കഴിഞ്ഞ ദിവസം മുഹൂർത്ത പ്രബന്ധങ്ങളെഴുതിച്ചു! നസ്രാണികൾ വരെ രാഹുകാലത്തിൻ്റെ ആൾക്കാരാണിപ്പോൾ.

പിന്നെ വിശ്വാസികൾക്ക് അമ്പലത്തിൽ പോവണ്ടേ? അവിടെ ചെല നിബന്ധനകൾ ഒക്കെ വേണ്ടി വരുമല്ലോ എന്ന നിഷ്കളങ്കത പിന്നാലെ വരും. അതിനു പിന്നാലെയാണ് ഗൂഢമായ കൂട്ടിച്ചേർക്കലുകൾ.. അത് പിന്നെ അമ്മ, അച്ഛൻ, അമ്മായി, മരുമക്കള് എന്തു ചെയ്യാൻ… സ്വന്തം വീട്ടിൽപ്പോലും സ്വന്തം ആദർശം പ്രയോഗിക്കാൻ പറ്റാത്ത 10 പുരാഗമനക്കാരുടെ പേരെങ്കിലും ഓരോരുത്തർക്കും ചുറ്റിൽ നിന്നും പറയാൻ പറ്റും…!

മുന്തിയ ജാതിബാധസൂക്കേടോ? ഇക്കണ്ട ജാതിമാട്രിമോണിയൽ മാത്രം പ്രത്യക്ഷ തെളിവായി ദിനംപ്രതിയുണ്ട്.ഒരിക്കലെങ്കിലും ഏതേലും ബന്ധുവിൻ്റെ ടിപ്പിക്കൽ മത- ജാതിയധിഷ്ഠിത ഒത്തുവക്കൽ കല്യാണത്തിനു പോയി തിന്നു പടം പിടിച്ച് വരാത്തവരുണ്ടോ.? നിവൃത്തിയില്ല. വെജിറ്റേറിയൻവാദികളുടെ നിഷ്കളങ്കമെന്ന വ്യാജേന സഹിക്കാൻ പറ്റാത്ത നോൺ വിരുദ്ധ ന്യായങ്ങൾ കേട്ടിട്ടുണ്ടോ? യൂത്ത് ഫെസ്റ്റിവൽ വെജ് അതിൻ്റെ ഒരു മൃദു വേർഷൻ മാത്രം! സമ്മതിച്ചു കൊടുക്കേണ്ടി വരുന്നു.

ആഘോഷങ്ങളോ? നോക്കിക്കോ. അയോദ്ധ്യയിലെ ഉത്സവo ദേശീയോത്സവമാക്കി മാറ്റുന്ന കാലം! ‘അത് മറ്റേ കൂട്ടർ ‘ എന്ന അകറ്റലും അതിൻ്റെ എക്സ്ട്രീമായ വെറുപ്പും അന്യമത വിദ്വേഷവും നാൾക്കുനാൾ കൂട്ടിക്കൊണ്ടേയിരിക്കയാണ്.സെലിബ്രിറ്റിയെ കിട്ടിയാൽ വ്യാപനം സൗകര്യമായി. ഇവിടുന്നാണ് തുടക്കങ്ങൾ.

ഒടുക്കങ്ങളോ… ഇന്നത്തെ ദിവസചരിത്രം മാത്രം ഓർത്താൽ മതി. എട്ടു വർഷം മുൻപ് ഇതേ ജനുവരി 17 നാണ് രോഹിത് വെമുല എന്ന ദളിത് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. നമ്മുടെ വീട്ടിൽ വെമൂലയുടെ പേര് ഉച്ചരിക്കുന്നുണ്ടോ? ആറ് വര്ഷം മുമ്പ് ഇതേ ജനുവരി 17നാണ് ജമ്മുവിലെ കത്വയിൽ അമ്പലത്തിൽ വച്ച് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ എട്ടു വയസ്സുകാരി ആസിഫ ബാനുവിൻ്റെ മൃതദേഹം കിട്ടിയത്. നമ്മുടെ വീട്ടിൽ ആസിഫയുടെ പേര് ഓർമ്മിക്കുന്നുണ്ടോ?

മനുഷ്യരെ ഉപരിപ്ലവങ്ങളിൽ കുടുക്കിയിട്ട് എന്തൊരു വിളവെടുപ്പാണ് ! നമ്മളാവശ്യപ്പെട്ട / ആഗ്രഹിക്കുന്ന വാർത്തകളല്ല അവരാവശ്യപ്പെട്ട / ആഗ്രഹിക്കുന്ന വാർത്തകളാണ്ഫീ ഡു നിറയെ. ഹിന്ദുത്വയുടെ ബുദ്ധി പ്രവർത്തിക്കുന്ന വിധം നിസ്സാരമല്ല.മറവികൾക്കെതിരെ ഓർമ്മകളുടെ സമരമാണ് ചരിത്രമെന്ന് വീണ്ടും വീണ്ടും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.