...
Home News International അണയുന്ന ‘നരകകവാടം’; ആഗോള താപന ഭീഷണിയിൽ ലോകം

അണയുന്ന ‘നരകകവാടം’; ആഗോള താപന ഭീഷണിയിൽ ലോകം

1971-ൽ സോവിയറ്റ് കാലത്തെ പ്രകൃതിവാതക പര്യവേക്ഷണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്നാണ് 70 മീറ്റർ വീതിയും 30 മീറ്റർ ആഴവുമുള്ള ഈ ഗർത്തം രൂപപ്പെട്ടത്.

147

അരനൂറ്റാണ്ടിലേറെയായി തുർക്ക്മെനിസ്താനിലെ കാരാക്കും മരുഭൂമിയിൽ ആളിപ്പടരുന്ന ‘നരകകവാടം’ (Darvaza gas crater) അണയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ‘ഗേറ്റ്‌സ് ഓഫ് ഹെൽ’ എന്ന് വിളിപ്പേരുള്ള ഈ ഗർത്തത്തിലെ അഗ്നിജ്വാലകളുടെ തീവ്രത ഇപ്പോൾ ഗണ്യമായി കുറഞ്ഞതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

1971-ൽ സോവിയറ്റ് കാലത്തെ പ്രകൃതിവാതക പര്യവേക്ഷണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്നാണ് 70 മീറ്റർ വീതിയും 30 മീറ്റർ ആഴവുമുള്ള ഈ ഗർത്തം രൂപപ്പെട്ടത്. അന്ന് പുറത്തുവന്ന മീഥെയ്ൻ വിഷവാതകം പടരുന്നത് തടയാനായി ശാസ്ത്രജ്ഞർ തീകൊളുത്തിയ ഈ ഗർത്തം ആഴ്ചകൾക്കുള്ളിൽ അണയുമെന്ന് കരുതിയെങ്കിലും കഴിഞ്ഞ 53 വർഷമായി തുടർച്ചയായി കത്തുകയായിരുന്നു.

ഗർത്തത്തിലെ അഗ്നിജ്വാലകളുടെ തീവ്രത മുൻപുണ്ടായിരുന്നതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞുവെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിയായ തുർക്ക്മെൻഗാസ് അറിയിച്ചു. ഗർത്തത്തിന് സമീപം രണ്ട് പുതിയ ഗ്യാസ് കിണറുകൾ നിർമിച്ച് വാതകം വലിച്ചെടുക്കുന്നതാണ് തീ കുറയാൻ കാരണമായതെന്ന് അധികൃതർ വിശദീകരിക്കുന്നു. 2022-നും 2025-നും ഇടയിലുള്ള കണക്കുകൾ പ്രകാരം മണിക്കൂറിൽ ശരാശരി 1,300 കിലോഗ്രാം മീഥെയ്നാണ് ഈ ഗർത്തത്തിൽനിന്ന് പുറന്തള്ളപ്പെടുന്നത്. നിലവിൽ കത്തുന്ന തീ ഈ മീഥെയ്‌നെ ഓക്സിജനുമായി ചേർത്ത് കാർബൺ ഡയോക്സൈഡായി മാറ്റുകയാണ് ചെയ്യുന്നത്.

തീ അണയുന്നത് വലിയൊരു പാരിസ്ഥിതിക വെല്ലുവിളിയായാണ് ശാസ്ത്രലോകം കാണുന്നത്. തീ പൂർണ്ണമായും അണയുന്നതോടെ മീഥെയ്ൻ നേരിട്ട് അന്തരീക്ഷത്തിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടാകും.

കാർബൺ ഡയോക്സൈഡിനേക്കാൾ 30 മടങ്ങ് അധികം ചൂട് അന്തരീക്ഷത്തിൽ നിലനിർത്താൻ ശേഷിയുള്ള വാതകമാണ് മീഥെയ്ൻ എന്നതിനാൽ ഇത് ആഗോള താപനത്തിന് ആക്കം കൂട്ടുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ദർവാസയിലെ ഈ പ്രധാന വിനോദസഞ്ചാര കേന്ദ്രം ഇല്ലാതാകുന്നത് പ്രാദേശിക ടൂറിസം മേഖലയ്ക്കും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.