ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ഭരണാധികാരിയായ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെയും ക്യാബിനറ്റ് മന്ത്രിമാരുടെയും വാർഷിക ശമ്പളം വർധിപ്പിക്കാൻ സിംഗപ്പൂർ ഭരണകൂടം തീരുമാനിച്ചു. പുതിയ ശമ്പള പരിഷ്കരണത്തോടെ പ്രധാനമന്ത്രിയുടെ വാർഷിക വരുമാനം 2.2 മില്യൺ സിംഗപ്പൂർ ഡോളറിൽ (ഏകദേശം 16.5 കോടി രൂപ) നിന്ന് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി (ഏകദേശം 26.9 കോടി രൂപ) ഉയരും. ഇത് മുൻ ശമ്പളത്തേക്കാൾ 60 ശതമാനത്തിലധികം വർധനവാണ്.
ഒക്ടോബർ 15 മുതലാണ് പുതിയ ശമ്പള രീതി പ്രാബല്യത്തിൽ വരുന്നത്. എന്നാൽ ഒറ്റയടിക്ക് മുഴുവൻ തുകയും വർധിപ്പിക്കില്ല, പകരം ആദ്യഘട്ടത്തിൽ ഒൻപത് ശതമാനം വരെ വർധനവാണ് നടപ്പിലാക്കുക. ആദ്യഘട്ട വർധനവോടെ വോങ്ങിന്റെ വരുമാനം 2.4 മില്യൺ സിംഗപ്പൂർ ഡോളറായി ഉയരും. കഴിഞ്ഞ 15 വർഷത്തിന് ശേഷമാണ് രാജ്യത്ത് ജനപ്രതിനിധികളുടെ ശമ്പളം പരിഷ്കരിക്കുന്നത്. കൂടാതെ, തനിക്ക് ലഭിക്കുന്ന അധിക ശമ്പളത്തുക അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് ലോറൻസ് വോങ് പാർലമെന്റിൽ പ്രഖ്യാപിച്ചു.
ലോകത്തെ മറ്റ് പ്രധാന രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി താരതമ്യം ചെയ്യുമ്പോൾ ലോറൻസ് വോങ്ങിന്റെ ശമ്പളം വളരെ ഉയർന്നതാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർഷിക ശമ്പളമായ 4,00,000 ഡോളറിനേക്കാൾ (ഏകദേശം 3.7 കോടി രൂപ) ഏഴ് മടങ്ങോളം കൂടുതലാണ് സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പുതിയ പ്രതിഫലം. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീയ്ക്ക് പ്രതിവർഷം 7,19,000 യു.എസ് ഡോളറും (6.8 കോടി രൂപ) സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പർമെലിന് 6,06,000 ഡോളറുമാണ് (5.74 കോടി രൂപ) ശമ്പളം.
മറ്റ് വികസിത രാജ്യങ്ങളിലെയും ഇന്ത്യയിലെയും ഭരണാധികാരികളുടെ ശമ്പളവും സിംഗപ്പൂർ പ്രധാനമന്ത്രിയുടേതിനേക്കാൾ വളരെ താഴെയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാർഷിക വരുമാനം 2,30,000 ഡോളർ (ഏകദേശം 2.1 കോടി രൂപ) മാത്രമാണ്. അതേസമയം, ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാർഷിക ശമ്പളം 33.6 ലക്ഷം രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിക്ക് പുറമെ മന്ത്രിമാരുടെയും പാർലമെന്റ് അംഗങ്ങളുടെയും ശമ്പളത്തിലും വലിയ വർധനവുണ്ടാകും. ജൂനിയർ മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം 1.1 മില്യൺ സിംഗപ്പൂർ ഡോളറിൽ നിന്ന് 1.8 മില്യൺ ഡോളറായും ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ശമ്പളം 1.87 മില്യൺ ഡോളറിൽ നിന്ന് 3.06 മില്യൺ ഡോളറായും ഉയരും. ക്യാബിനറ്റ് മന്ത്രിമാരുടെ ശമ്പളം 1.80 മില്യൺ മുതൽ 2.88 മില്യൺ ഡോളർ വരെയായും പാർലമെന്റ് അംഗങ്ങളുടെ പ്രതിമാസ അലവൻസ് 13,750 ഡോളറിൽ നിന്ന് 18,500 ഡോളറായും വർധിക്കും.


