‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ പരമ്പരയ്ക്കായി വിദേശത്തുനിന്നും കൊച്ചിയിലെത്തിയ ഫുട്ബോൾ താരം റൊണാൾഡീന്യോ ഉൾപ്പെടുന്ന ആറംഗ സംഘത്തിലെ രണ്ടുപേരെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. യെല്ലോ ഫീവർ (മഞ്ഞപ്പനി) പ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനെ തുടർന്നായിരുന്നു വിമാനത്താവളത്തിലെ ഹെൽത്ത് വിഭാഗം ഇവരെ പുറത്തിറങ്ങാൻ അനുവദിക്കാതിരുന്നത്. തുടർന്ന് ഇവർ ഓൺലൈൻ മുഖേന ഡിജിറ്റൽ വാക്സിനേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത് അധികൃതർക്ക് സമർപ്പിച്ച ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടന്നത്. യെല്ലോ ഫീവർ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര യാത്രാ ചട്ടങ്ങൾ പ്രകാരം ഹെൽത്ത് കാർഡ് നിർബന്ധമാണ്.
കൊളംബിയയിൽ യെല്ലോ ഫീവർ ബാധ പടരുന്ന സാഹചര്യത്തിൽ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) ലെവൽ 2 ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊളംബിയയിലെ ടോളിമ മേഖലയിലാണ് കൂടുതൽ രോഗകേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗബാധിതമായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും വാക്സിൻ എടുക്കണമെന്ന് ആരോഗ്യ ഏജൻസികൾ ശുപാർശ ചെയ്യുന്നുണ്ട്. കൂടാതെ, കൊതുകുകൾ പരത്തുന്ന ഈ രോഗത്തെ പ്രതിരോധിക്കാൻ കൊതുകുകൾ വളരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കേണ്ടതും പ്രധാനമാണ്.
പനി, തലവേദന, ശരീരവേദന, ഓക്കാനം, ഛർദ്ദി, ബലക്ഷയം എന്നിവയാണ് യെല്ലോ ഫീവറിന്റെ പ്രാരംഭ ലക്ഷണങ്ങൾ. രോഗബാധിതരിൽ ഏകദേശം 15 ശതമാനം ആളുകൾക്ക് അണുബാധ തീവ്രമാകാൻ സാധ്യതയുണ്ട്. തീവ്രമായ പനി, മഞ്ഞപ്പിത്തം, ഛർദ്ദി, വായ, മൂക്ക്, കണ്ണ്, വയർ എന്നിവിടങ്ങളിൽ നിന്നുള്ള രക്തസ്രാവം, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ എന്നിവ ഇതിന്റെ ഗുരുതര ലക്ഷണങ്ങളാണ്. രോഗം ഗുരുതരമാകുന്നവരിൽ ഏകദേശം 50 ശതമാനം പേരും 7 മുതൽ 10 ദിവസത്തിനുള്ളിൽ മരണപ്പെടാൻ സാധ്യതയുണ്ട്.
യെല്ലോ ഫീവറിന് നിലവിൽ പ്രത്യേക ആന്റിവൈറൽ ചികിത്സകൾ ലഭ്യമല്ല, ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് നൽകുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്തൽ, വിശ്രമം, കരൾ, വൃക്ക എന്നിവയുടെ സംരക്ഷണം, ബാക്ടീരിയൽ അണുബാധകൾക്കെതിരായ ആന്റിബയോട്ടിക്കുകൾ എന്നിവ ചികിത്സയുടെ ഭാഗമായി നൽകുന്നു. അതേസമയം, വാക്സിനേഷനാണ് ഇതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗം. ഒരൊറ്റ ഡോസ് വാക്സിൻ ആയുസ്സ് മുഴുവൻ പ്രതിരോധശേഷി നൽകുന്നു. വാക്സിൻ എടുക്കുന്ന 80 മുതൽ 100 ശതമാനം ആളുകളിൽ 10 ദിവസത്തിനുള്ളിലും, 99 ശതമാനത്തിലധികം ആളുകളിൽ 30 ദിവസത്തിനുള്ളിലും പ്രതിരോധശേഷി വികസിക്കും.
വിദേശയാത്ര നടത്തുന്നവർ യാത്ര തിരിക്കുന്നതിന് കുറഞ്ഞത് 10 ദിവസം മുൻപെങ്കിലും യെല്ലോ ഫീവർ വാക്സിൻ എടുത്തിരിക്കണം. എങ്കിൽ മാത്രമേ യാത്രാ ആവശ്യങ്ങൾക്കുള്ള വാക്സിൻ സർട്ടിഫിക്കറ്റിന് സാധുതയുണ്ടാവുകയുള്ളൂ. ചില രാജ്യങ്ങൾ എല്ലാ യാത്രക്കാർക്കും വാക്സിൻ നിർബന്ധമാക്കുമ്പോൾ, മറ്റു ചില രാജ്യങ്ങൾ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്കോ അതുവഴി യാത്ര ചെയ്യുന്നവർക്കോ മാത്രമാണ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. സജീവമായി രോഗം പകരുന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അന്താരാഷ്ട്ര യാത്രാ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.
അംഗോള, ബെനിൻ, ബുർകിന ഫാസോ, കാമറൂൺ, ബുറുണ്ടി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, ഗാബോൺ, ഗിനിയ, ഘാന, മാലി, ലൈബീരിയ, നൈജീരിയ, റുവാണ്ട, സിയേറ ലിയോൺ, സൗത്ത് സുഡാൻ, ഉഗാണ്ട, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽ 9 മാസമോ 1 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ യാത്രക്കാർക്കും വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം ഇന്ത്യ, തായ്ലാന്റ്, സൗത്ത് ആഫ്രിക്ക, കെനിയ, ടാൻസാനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ രോഗബാധിത മേഖലകളിൽ നിന്നും എത്തുന്നവർക്കായി നിർബന്ധിത വാക്സിനേഷൻ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ട്.


