...
Home News Kerala കേരളത്തെ കേരളമാക്കി നിലനിർത്തുന്ന രാഷ്ട്രീയ ശക്തിയുണ്ട്

കേരളത്തെ കേരളമാക്കി നിലനിർത്തുന്ന രാഷ്ട്രീയ ശക്തിയുണ്ട്

മതപരിവർത്തന നിരോധന നിയമം നിലവിലുള്ള പല സംസ്ഥാനങ്ങളിലും ആ നിയമ നിർമ്മാണം നടത്തിയത് കോൺഗ്രസ് ഭരണത്തിലിരിക്കുമ്പോഴാണെന്നതാണ് ഒട്ടും ഞെട്ടലുണ്ടാക്കാത്ത മറ്റൊരു വസ്തുത. രാജ്യത്ത് ഏറ്റവുമധികം സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം കൊണ്ട് വന്ന പാർടിയും മാറ്റാരുമല്ല.

382

| ശ്രീകാന്ത് പികെ

കേരള സർക്കാരിനെതിരെയും കമ്യൂണിസ്റ്റ് പാർടിക്കെതിരെയുമൊക്കെ നല്ല ക്രിയേറ്റീവായ സോഷ്യൽ മീഡിയ കണ്ടന്റുകൾ ചെയ്യുന്ന മാദ്ധ്യമമാണ് ദീപിക. ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോർട്ടുകളുമൊക്കെയായി വിവിധ വിഷയത്തിൽ ഇടത് സർക്കാരിനെയും സർക്കാരിനെ നയിക്കുന്ന പാർടിയേയും വിമർശിക്കാൻ, പരിഹസിക്കാൻ, ആക്രമിക്കാനൊക്കെ അനവധി കണ്ടന്റുകൾ ദീപിക ചെയ്യാറുണ്ട്. ദീപികയുടെ മാനേജ്‌മെന്റിന്റെ ചരിത്രവും രാഷ്ട്രീയ താല്പര്യവും പരിഗണിക്കുമ്പോൾ അതിൽ അസ്വഭാവികതയൊട്ടുമില്ല.

ആ ദീപിക രണ്ട് നാൾ മുന്നേ ഒരു എഡിറ്റോറിയൽ എഴുതിയിട്ടുണ്ടായിരുന്നു. കേരളത്തിന് പുറത്ത് എല്ലായിടത്തും ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണെന്നാണ് ആ എഡിറ്റോറിയലിന്റെ കാതൽ. എന്തായിരിക്കും കേരളത്തിലപ്പോൾ ന്യൂനപക്ഷങ്ങൾ യാതൊരു പ്രയാസവുമില്ലാതെ ജീവിക്കാനുള്ള സാഹചര്യങ്ങൾക്ക് കാരണം? കൂടിയ ന്യൂനപക്ഷ പോപ്പുലേഷൻ? ഒട്ടുമല്ല എന്നത് വളരെ വ്യക്തം. രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങളുടെ പോപ്പുലേഷൻ ഭൂരിപക്ഷമായ സംസ്ഥാനമല്ല കേരളം. അങ്ങനെ കൂടുതലുള്ള സംസ്ഥാനങ്ങളിൽ പോലും ന്യൂനപക്ഷ സമുദായങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്.

ബിജെപി അധികാരത്തിൽ ഇല്ലാത്തതാണോ കാരണം? അങ്ങനെയാണെങ്കിൽ ബിജെപി അധികാരത്തിലില്ലാത്ത വേറെയും സംസ്ഥാനങ്ങളുണ്ട്. കേരളത്തിൽ തന്നെ പാർലിമെന്ററി അധികാര രൂപത്തിലേക്ക് വന്നില്ലെങ്കിലും ആവശ്യത്തിന് വോട്ട് ഷെയറും ഹിന്ദുത്വക്ക് സാംസ്‌കാരിക സ്വാധീനമുള്ളതും, രാജ്യത്ത് തന്നെ ഏറ്റവും അധികം ആർ.എസ്‌.എസ്‌ ശാഖകളുള്ള സംസ്ഥാനവുമാണ് കേരളം. അപ്പോൾ അതുമല്ല കാരണം. പിന്നെന്താണ്? വളരെ ലളിതമാണ് ഉത്തരം.

കേരളത്തിൽ ഒരു കന്യാസ്ത്രീയെ പരസ്യമായി ആക്രമിക്കാൻ വെളിച്ചത്ത് വരുന്ന ബജ്രംഗ്ദള്ളുകാരന്റെ താടിയെല്ല് ചുവരിൽ തേക്കാൻ പോന്നൊരു രാഷ്ട്രീയ സംഘാടനമുണ്ട്. രാജ്യത്ത് തന്നെ ഹിന്ദുത്വ തീവ്രവാദികൾക്ക് ഇറച്ചിയിൽ മണ്ണ് പറ്റുമെന്ന് ഭയമുള്ള ഒരേയൊരു ഇടമാകും കേരളം. ആ കേരളത്തെ കേരളമാക്കി നിലനിർത്തുന്ന രാഷ്ട്രീയ ശക്തി പാകിയ അടിത്തറയുടെ മുകളിൽ നിന്നാണ് ബാക്കി സകലരും ശബ്ദിക്കാനും പ്രതികരിക്കാനും ധൈര്യപ്പെടുന്നത്.

ഈ ഛത്തീസ്ഗഡിൽ തന്നെ മുഖ്യ പ്രതിപക്ഷമാണ് കോൺഗ്രസ് പാർടി. ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകൃതമാവും മുന്നേയും ശേഷവും ഇരു സംസ്ഥാനങ്ങളും ഏറെ കാലം ഭരിച്ച പാർടിയാണ് കോൺഗ്രസ്. ഏറെ പഴക്കം ചെന്ന പച്ചയായി ന്യൂനപക്ഷങ്ങളെ ഉന്നം വച്ച് നിർമ്മിച്ച മത പരിവർത്തന നിരോധന നിയമമെന്ന ഈ ഡ്രക്കോണിയൻ നിയമം പിൻവലിക്കാൻ ഇക്കാലത്തിനിടെ അവർ ചെറു വിരലടനക്കിയിട്ടില്ല. ഓർക്കണം, നിയമ സഭയിൽ ബില്ല് അവതരിപ്പിച്ച് പാസാക്കി നിയമമാക്കാനോ ഭേദഗതി ചെയ്യാനോ ഒക്കെ സാധിക്കുന്നത്രയും എളുപ്പമായ ഒരു കാര്യമാണ്.

ഇത്രയും കാലത്തിനിടെ ഈ നിയമത്തിന്റെ പേരിൽ ആയിരക്കണക്കിന് ക്രിസ്ത്യാനികളും മറ്റു മത ന്യൂനപക്ഷങ്ങളും ആദിവാസികളും ആക്രമിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്തിട്ടും ആ പരിസരത്തേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല കോൺഗ്രസ് പാർടി. എന്ന് മാത്രമല്ല കോൺഗ്രസ് ഭരണത്തിൽ കീഴിൽ അതേ സംസ്ഥാനത്ത് ഇത്തരത്തിൽ ക്രിസ്ത്യൻ മീഷണറി പ്രവർത്തകരും ആദിവാസികളും ആക്രമിക്കപ്പെട്ട നൂറ് കണക്കിന് സംഭവങ്ങളുടെ വാർത്തകൾ കാണാം.

മതപരിവർത്തന നിരോധന നിയമം നിലവിലുള്ള പല സംസ്ഥാനങ്ങളിലും ആ നിയമ നിർമ്മാണം നടത്തിയത് കോൺഗ്രസ് ഭരണത്തിലിരിക്കുമ്പോഴാണെന്നതാണ് ഒട്ടും ഞെട്ടലുണ്ടാക്കാത്ത മറ്റൊരു വസ്തുത. രാജ്യത്ത് ഏറ്റവുമധികം സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം കൊണ്ട് വന്ന പാർടിയും മാറ്റാരുമല്ല. കുറച്ച് വർഷങ്ങൾക്ക് മുന്നേ ഹിമാചൽ പ്രദേശ് കോൺഗ്രസ് ഭരിക്കുമ്പോൾ പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം എന്ന് നിയമ സഭയിൽ പ്രമേയം കൊണ്ട് വന്ന പാർടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ബിജെപി കൂടി പിന്തുണച്ച ആ പ്രമേയത്തിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് എതിർത്ത് വോട്ട് ചെയ്തത് ഒരേയൊരു അംഗമാണ്. സി.പി.ഐ.(എം) എം.എൽ.എ ആയിരുന്ന സഖാവ് രാകേഷ് സിങ്ക.

ഇന്ന് വർഗ്ഗീയ സംഘർഷങ്ങളിൽ ഏറെ മുന്നിലുള്ള പശ്ചിമ ബംഗാളിൽ സി.പി.ഐ.(എം) ഭരണത്തിലിരുന്ന മൂന്നര പതിറ്റാണ്ട് കാലം ഒരു വർഗ്ഗീയ കലാപം പോലും നടന്നിട്ടില്ല. വിഘടന വാദവും, ട്രൈബൽ സംഘർഷങ്ങളും നിറഞ്ഞ് നിന്ന ത്രിപുര ജനത രാജ്യത്ത് തന്നെ ഏറ്റവും സമാധാനപൂർണ്ണമായ ജീവിതം നയിച്ചതും, കേരളത്തെ പോലും പിന്തള്ളി സാക്ഷരതയിൽ ഒന്നാമത് വന്നതും സി.പി.ഐ.(എം) ഭരണ കാലത്തായിരുന്നു. ഇടത് പക്ഷ ഭരണം പോയ ത്രിപുരയും ഇന്ന് വർഗ്ഗീയ സംഘർഷങ്ങളുടെ വിളനിലമായി മാറി.

ഛത്തീസ്ഗഡിലും ഝാർഖണ്ഡിലുമൊക്കെയായി വലിയ തോതിൽ ആദിവാസി പീഡനം നടത്താനും വന മേഖലയിലടക്കമുള്ള ആദിവാസി ഭൂമി തട്ടിയെടുക്കാനും വൻകിട കോർപ്പറേറ്റ് മാഫിയകൾക്ക് വേണ്ടി കൂടിയാണ് മത വൈകാരികത കത്തിച്ചു കൊണ്ട് പലപ്പോഴും ഈ അക്രമങ്ങളും കലാപങ്ങളും നടക്കുന്നത്. അതിനെതിരെ എത്രയോ കാലമായി സമര രംഗത്തുള്ള പാർടിയാണ് കമ്യൂണിസ്റ്റ് പാർടികൾ. ചെറുതെങ്കിലും ജനങ്ങളെ സംഘടിപ്പിച്ച് കൊണ്ടുള്ള ചെറുത്ത് നിൽപ്പുകൾ കാരണം പ്രവർത്തകരെയും നേതാക്കളെയും നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട് സി.പി.ഐ.എമ്മിന്.

സിനിമയുടെ രാഷ്ട്രീയം എന്ത് തന്നെയായാലും അതൊന്നും നോക്കാതെ സിനിമാറ്റിക് അനുഭവത്തിനായി സിനിമ കാണുന്നവർക്ക് പോലും പത്ത് മിനിറ്റ് കണ്ടാൽ ഓക്കാനം വരുന്ന പടപ്പാണ് കേരള സ്റ്റോറി എന്ന ചാണക പ്രൊപ്പഗാണ്ട. മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനുമുള്ള ദേശീയ ചലച്ചിത്ര അവാർഡ് കൊടുത്ത് ഒന്ന് കൂടി കേരള വിരുദ്ധ – കമ്യൂണിസ്റ്റ് വിരുദ്ധ – സെക്കുലർ വിരുദ്ധ – മുസ്ലീം ന്യൂനപക്ഷ വിരുദ്ധ പ്രൊപ്പഗാണ്ടക്ക് ഇന്ന് പതക്കം നൽകി ആദരിച്ച ആ കേരള സ്റ്റോറി എന്ന ചവർ ഇറങ്ങിയകാലത്ത് സ്വീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തവരാണ് കേരളത്തിലെ പല ക്രിസ്ത്യൻ രൂപതകളും.

സുരേഷ് ഗോപിയെ ജയിപ്പിച്ചത് തങ്ങളാണെന്ന് അഭിമാന പുരസരം പറയുന്ന ഇന്ന് ബിജെപിയെ പുൽകാൻ വെമ്പുന്ന കേരളത്തിലെ നല്ലൊരു പങ്ക് വൈദികന്മാർ അടക്കമുള്ള ക്രൈസ്തവ സമൂഹത്തിന് ദീപിക എഴുതിയ ‘ആ കേരളം’ അല്ലാത്തൊരു സാഹചര്യം വന്നാൽ ഇപ്പോൾ കെട്ടിപ്പിടിക്കുന്ന കാവി നേതാക്കൾ തന്നെ കയറുമായി ആദ്യം മുന്നിൽ വരുമെന്ന് അറിയാഞ്ഞിട്ടാകാൻ വഴിയില്ല. കേരള സ്റ്റോറി കണ്ട ഉത്തരേന്ത്യൻ ‘ഘട്ടർ ഹിന്ദുവിന് ‘ ലവ് ജിഹാദ് നടത്താൻ വരുന്ന മുസ്‌ലീമും റൈസ് ബാഗ് കൺവേർട്ടറായ ക്രിസ്ത്യാനിയുമൊക്കെ ഒറ്റ അച്ചാണ്. കിട്ടുമ്പോൾ എല്ലാവർക്കും കൂടിയേ കിട്ടൂ.

പ്രൊഫസർ എം. കെ സാനു, സാനു മാഷ് 98 – ആം വയസ്സിൽ ഇന്ന് അന്തരിച്ചു. കുറച്ച് മാസങ്ങൾക്ക് മുന്നേ ഡി.വൈ.എഫ്.ഐയുടെ വർഗ്ഗീയതക്ക് എതിരെയോ മറ്റോ ആയ ഒരു പരിപാടിയുടെ ഭാഗമായി വീട്ടിലെത്തിയ നേതാക്കളെ ചേർത്തു നിർത്തി പിന്തുണ നൽകുന്ന സാനു മാഷിന്റെ ചിത്രം കണ്ടിരുന്നു. 98 – ആം വയസ്സിലും കേരളത്തിന്റെ സാംസ്കാരിക- സാഹിത്യ സമൂഹത്തെ തെളിച്ചമുള്ളതാക്കാൻ പേന കൊണ്ടും വാക്കുകൾ കൊണ്ടും കഷ്ടപ്പെട്ട വലിയ മനുഷ്യരിൽ ഒരാളാണ് വിട്ട് പിരിയുന്നത്. എഴുന്നേറ്റ് ഇരിക്കാൻ പറ്റുന്ന കാലത്തോളം സമൂഹത്തോട് രാഷ്ട്രീയ ജാഗ്രത പുലർത്തിയ ഇത്തരം അനേകം മനുഷ്യർ കൂടി നിർമ്മിച്ച രാഷ്ട്രീയ സംഘാടനമാണ് ദീപികയുടെ എഡിറ്റോറിയലിൽ പറഞ്ഞ ന്യൂനപക്ഷങ്ങൾ സുരക്ഷിതരായ കേരളത്തെ നിർമ്മിച്ചത്.

ആ കേരളത്തെ കേരളമാക്കി നിലനിർത്തുന്ന രാഷ്ട്രീയ ശക്തിയെ ഇല്ലാതാക്കാൻ നിരന്തരം പണിയെടുക്കുന്നവർക്ക് അവനവൻ കുഴിക്കുന്നത് അവനവനെ തന്നെ മൂടാനുള്ള കുഴിയാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും. “ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു”.. എന്ന് തുടങ്ങുന്ന പ്രസിദ്ധമായ കവിത എഴുതിയ മാർട്ടിൻ നീമുളെറും ഒരു ക്രിസ്ത്യൻ പുരോഹിതനായിരുന്നു. ഒടുവിൽ അവർ എന്നെ തേടിയും വരുമെന്ന് മനസിലാക്കാൻ കേരളത്തിലെ എല്ലാ മനുഷ്യന്മാർക്കും എന്നെങ്കിലും സാധിക്കട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.