...
Home News Kerala എൻ്റെ വെളിപ്പെടുത്തലിന് പിന്നിൽ ‘ഗൂഢാലോചന’ ഇല്ല; റിനി ആന്‍ ജോര്‍ജ്

എൻ്റെ വെളിപ്പെടുത്തലിന് പിന്നിൽ ‘ഗൂഢാലോചന’ ഇല്ല; റിനി ആന്‍ ജോര്‍ജ്

വെളിപ്പെടുത്തലുകളുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് വ്യക്തമാക്കി റിനി

251

വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് നടിയും മുന്‍ മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്. ഒരു അഭിമുഖത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞുപോയ കാര്യമായിരുന്നു അത്. അതിന് പിന്നില്‍ ഒരു ഗൂഢാലോചനയുമില്ല. സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടായിരുന്നു തൻ്റെ പോസ്റ്റ്.

മനസാ വാചാ കര്‍മണ അറിയാത്ത കാര്യത്തിൻ്റെ പേരിലാണ് സതീശന്‍ ആക്രമിക്കപ്പെട്ടതെന്നും റിനി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് ആയിരുന്നു റിനിയുടെ പ്രതികരണം. രാഹുലിനെതിരെ കേസെടുത്തതില്‍ പ്രതികരിക്കാനില്ലെന്നും റിനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിവരം തേടിയാല്‍ നല്‍കുമോ എന്ന കാര്യം ഇപ്പോള്‍ പറയുന്നില്ല. രാഹുല്‍ രാജിവെക്കണോ എന്ന കാര്യത്തില്‍ പ്രസ്ഥാനം തീരുമാനമെടുക്കട്ടെ എന്നും റിനി കൂട്ടിച്ചേര്‍ത്തു.

നേരത്തേ താന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്ന് വ്യക്തമാക്കി റിനി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിലേക്ക് താന്‍ ഏറ്റവും ബഹുമാനിക്കുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിട്ടത് വേദനിപ്പിച്ചതായി റിനി പറഞ്ഞിരുന്നു. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ എന്നും റിനി ചോദിച്ചിരുന്നു.

ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞത്. അതിലേക്ക് മനസും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ച് ഗളഹസ്‌തം ചെയ്യുന്നവോട് ഹാ കഷ്‌ടം എന്നല്ലാതെ എന്തുപറയാന്‍. തൻ്റെ വാക്ക് തൻ്റെത് മാത്രമാണെന്നും ഒരു ഗൂഢാലോചനാ സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവില്ലെന്നും റിനി വ്യക്തമാക്കിയിരുന്നു.

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന പൊതുപ്രവര്‍ത്തകന്‍ എഎച്ച് ഹഫീസ് നല്‍കിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പൊലീസ് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. നിയമോപദേശത്തിൻ്റെ അടിസ്ഥനത്തിലാണ് പൊലീസ് നീക്കം. റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകള്‍, യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കമാണ് പൊലീസ് തെളിവായി പരിഗണിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കുന്ന നടപടികളിലേക്ക് പൊലീസ് കടന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.