19 July 2026
Home News Kerala ‘ആശുപത്രിയിൽ രാഷ്ട്രീയത്തിന് ഇടമില്ല’, പൊതിച്ചോറിൽ ഡിവൈഎഫ്‌ഐക്ക് എതിരെ ആരോഗ്യമന്ത്രി

‘ആശുപത്രിയിൽ രാഷ്ട്രീയത്തിന് ഇടമില്ല’, പൊതിച്ചോറിൽ ഡിവൈഎഫ്‌ഐക്ക് എതിരെ ആരോഗ്യമന്ത്രി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വിഷയത്തിൽ സർക്കാരിനെ വിമർശിച്ചു

3

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്‌ഐ നടത്തുന്ന പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ രൂക്ഷമാകുന്നു. പാർട്ടിയുടെ പേരും കൊടിയും ഉപയോഗിച്ച് ആശുപത്രികൾക്കുള്ളിൽ ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആവർത്തിച്ചു. ആശുപത്രിക്കുള്ളിലെ കാര്യങ്ങളുടെ ഉത്തരവാദിത്തം സർക്കാരിനാണെന്നും ഒരു രാഷ്ട്രീയ പാർട്ടിക്കും അവിടെ പ്രവർത്തിക്കാൻ അനുമതിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആറന്മുളയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, എല്ലാ ജില്ലകളിലും ഘട്ടംഘട്ടമായി സർക്കാർ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം ആരംഭിക്കുമെന്നും, ആദ്യഘട്ടത്തിൽ ആലപ്പുഴ ജില്ലയിലാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. സന്നദ്ധ സംഘടനകളുമായി ചർച്ച നടത്തി സംവിധാനമൊരുക്കുമെന്നും, ആശുപത്രിക്കുള്ളിൽ രാഷ്ട്രീയ പ്രവർത്തനമോ പാർട്ടികളുടെ പേരിൽ ഭക്ഷണ വിതരണമോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ ആരോഗ്യമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ നേതാക്കൾ രംഗത്തെത്തി. ജനകീയ പ്രവർത്തനങ്ങൾ തടയുന്നത് മനുഷ്യത്വ രഹിതമാണെന്നും എന്ത് സമ്മർദമുണ്ടായാലും പൊതിച്ചോറ് വിതരണം തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫ് വ്യക്തമാക്കി. കൊടിയുടെ നിറം നോക്കിയല്ല, വിശപ്പാണ് തങ്ങൾ കാണുന്നതെന്നും സർക്കാർ എല്ലാ മെഡിക്കൽ കോളജുകളിലും കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതുവരെ ഭക്ഷണ വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പ്രതികരിച്ച പി. മുഹമ്മദ് റിയാസ് എംഎൽഎ, ആരോഗ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് അത് വ്യക്തിപരമായ ‘ഈഗോ’യുടെ പ്രകടനമാണെന്ന് ആരോപിച്ചു.

അതേസമയം, ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണം തടയരുതെന്ന് മുൻമന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു. എല്ലാ സർക്കാർ ആശുപത്രികളിലും കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നത് സ്വാഗതാർഹമാണെങ്കിലും അതുവരെ സന്നദ്ധ സംഘടനകളുടെ സേവനം തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ വിതരണം തടഞ്ഞാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി. രാജീവ് മുന്നറിയിപ്പ് നൽകി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വിഷയത്തിൽ സർക്കാരിനെ വിമർശിച്ചു. പൊതിച്ചോറ് വിതരണത്തിൽ രാഷ്ട്രീയം കാണരുതെന്നും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനത്തെ തടയുന്നതിൻ്റെ കാരണം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തെ കമ്മ്യൂണിറ്റി കിച്ചൻ അനുഭവം ചൂണ്ടിക്കാട്ടിയ സുരേന്ദ്രൻ, സർക്കാർ പദ്ധതി വിജയിക്കില്ലെന്നും അഭിപ്രായപ്പെട്ടു.

സർക്കാർ ആശുപത്രികളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഭരണപക്ഷവും പ്രതിപക്ഷവും സന്നദ്ധ സംഘടനകളും തമ്മിലുള്ള വാക്കേറ്റം തുടരുന്നതിനിടെ, വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾ ശ്രദ്ധേയമാകുകയാണ്.