...
Home News Kerala ‘കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും ഉണ്ട്’: പരാമർശവുമായി ശോഭ കരന്തലജെ

‘കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും ഉണ്ട്’: പരാമർശവുമായി ശോഭ കരന്തലജെ

ബിജെപി സ്ഥാനാർഥിയായ ആർ. ശ്രീലേഖയും ലൗ ജിഹാദ് പരാമർശം നടത്തിയിരുന്നു

126

കേരളത്തെ കുറിച്ച് വിദ്വേഷ പ്രചാരണവുമായി ബിജെപി കർണാടക ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്തലജെ. കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും ഉണ്ട് എന്നാണ് ശോഭ കരന്തലജെ പറഞ്ഞത്. എഫ്‌സിആർഎ വിഷയത്തിൽ നിയമപരമായി വിദേശത്തു നിന്ന് പണം കൊണ്ടുവരുന്നവർക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്നും ശോഭ കരന്തലജെ പറഞ്ഞു. അനധികൃതമായി പണം എത്തിക്കുന്നവർക്ക് മാത്രമാണ് പ്രശ്‌നമെന്നും ശോഭ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥിയായ ആർ. ശ്രീലേഖയും ലൗ ജിഹാദ് പരാമർശം നടത്തിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചുവെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷ ഇല്ലാത്തതെന്നും ആയിരുന്നു ശ്രീലേഖയുടെ പ്രസംഗം. സ്ത്രീകള്‍ക്കെതിരെ കുറ്റം നടന്നാല്‍ അതിൽ കുഴപ്പമില്ല എന്ന മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് താന്‍ പലപ്പോഴും കാണുന്ന കാര്യമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥയായ തനിക്ക് പോലും ദുരനുഭവമുണ്ടായി. അന്ന് ഡിജിപി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തൻ്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ മന്ത്രി ഭാര്യയെ പൂട്ടിയിട്ടു. പൊലീസിൻ്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ഇതാണ് കേരളത്തിൻ്റെ അവസ്ഥയെന്നുമാണ് ശ്രീലേഖ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ആയിരുന്നു ശ്രീലേഖയുടെ പ്രസംഗം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.