മെയ് 1ന്, തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് പൊലീസ്- ഭരണ ഉദ്യോഗസ്ഥർക്ക് നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഗൗതം ബുദ്ധ നഗർ ജില്ലയിലെ നോയിഡയിലും ഗ്രേറ്റർ നോയിഡയിലും വ്യവസായ തൊഴിലാളികളുടെ വൻ പ്രതിഷേധത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ബിജെപി മുഖ്യമന്ത്രിയുടെ ഈ നിർദേശം വന്നിരിക്കുന്നത്.
വ്യാവസായിക അസ്വസ്ഥതകൾ സൃഷ്ടിക്കാനുള്ള പുതിയ ശ്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ അവലോകന യോഗത്തിൽ യുപി മുഖ്യമന്ത്രി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ മജിസ്‌ട്രേറ്റുകൾ, ഡിവിഷണൽ കമ്മീഷണർമാർ എന്നിവരോടായി പറഞ്ഞത്.
മിനിമം കൂലിക്കും സുരക്ഷിതമായ തൊഴിലിടത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി തെരുവിലിറങ്ങിയ തൊഴിലാളികളുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന യോഗി സർക്കാർ തൊഴിലാളികളെ ഇനിയും ആക്രമിക്കുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.
തൊഴിലാളി ദിനത്തിൽ തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കുമെന്ന ഭയത്തിലാണ് മുൻകൂറായി കരുതൽ നടപടികൾക്ക് യുപിയിലെ ബിജെപി സർക്കാർ തയ്യാറെടുക്കുന്നത്. ഉണ്ടായേക്കാവുന്ന ‘ദുരുദ്ദേശ്യപരമായ’ നീക്കങ്ങൾ ശക്തമായി തടയണം എന്നും സർക്കാർ പറയുന്നുണ്ട്. നിലവിലെ സ്ഥിതി സാധാരണമാണെങ്കിലും, അശാന്തി സൃഷ്ടിക്കാനുള്ള പുതിയ ശ്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇൻ്റെലിജൻസ് സംവിധാനം ശക്തിപ്പെടുത്താനും എല്ലാ ജില്ലകളിലെയും അധികാര പരിധിയിലെയും വ്യാവസായിക മേഖലകളിലും പരിസരങ്ങളിലും വലിയ ഒത്തുചേരലുകൾ സൂക്ഷ്‌മമായി നിരീക്ഷിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മെയ് 1ന് തൊഴിലാളി ദിനമായതിനാൽ ഏപ്രിൽ 30 മുതൽ മെയ് 1 വരെ പരിശോധനകൾ ശക്തമാക്കാനും ഉയർന്ന ജാഗ്രത പാലിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കാനും പ്രകോപനപരവും ആക്ഷേപകരവും ആക്രമണാത്മകവുമായ സന്ദേശങ്ങളുടെ പ്രചരണം തടയാൻ ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഡിഎംമാരോടും എസ്.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.



