| ഷബീറലി കെ
ഭൂട്ടാൻ സൈനിക ആഢംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിൽ ചില നടൻമാരുടെ അടക്കം വീടുകളിൽ നടത്തിയ കസ്റ്റംസ് റെയ്ഡും പിന്നാലെ കസ്റ്റംസ് കമ്മീഷണർ ടി ടിജു മുൻകുട്ടി സമയം നിശ്ചയിച്ച് നടത്തിയ വാർത്താ സമ്മേളനവും ശ്രദ്ധിക്കുമ്പോൾ മുമ്പത്തെ സ്വർണ കള്ളക്കടത്തു തിരക്കഥ പോലെ എന്തോ നാടകത്തിനുള്ള തുടക്കമാണോ എന്ന് സംശയിക്കാവുന്നതാണ്.
ആശ്ചര്യകരമായ ഒരുപാട് കാര്യങ്ങൾ ഇതുമായി ഉത്തരം കിട്ടാതെ കിടപ്പുണ്ട്. കസ്റ്റംസ് കമ്മീഷണറൊക്കെ ഇത്തരം റെയ്ഡുകളുടെ വിശദാംശം വിവരിക്കാൻ ഇങ്ങനെയൊരു പത്രസമ്മേളനം നാളിതുവരെ വിളിച്ച് കണ്ടിട്ടില്ല. വലിയ ആവേശത്തോടെ തുടങ്ങിയ കമ്മീഷണർ ടി ടിജുവിന്റെ വാർത്താ സമ്മേളനത്തിൽ ഇടക്കിടെ ഫോൺ കാളുകൾ വരുന്നുണ്ടായിരുന്നു. അവസാനം വന്ന ഫോൺ കാളിനെ സർ വിളിച്ച് മറുപടി പറഞ്ഞ് തുടങ്ങിയ കമ്മീഷണറുടെ മുഖഭാവം മാറുന്നതും ഏറെ വൈകാതെ ആ വാർത്ത സമ്മേളനം പാതി വഴിയിൽ അവസാനിപ്പിച്ചതുമെല്ലാം സംശയകരമാണ്.
ഇനി ആദ്യം ഉത്തരം കിട്ടേണ്ട യഥാർത്ഥ ചോദ്യങ്ങൾ ഇവയൊക്കെയാണ് :
എങ്ങിനെയാണ് നൂറുകണക്കിന് ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും ഇന്ത്യൻ അതിർത്തികളിലൂടെ ഒരു സുരക്ഷാ പരിശോധനയുമില്ലാതെ ഇന്ത്യയിലേക്ക് കടത്താനായി ? അതും ഭൂട്ടാൻ സൈന്യം ഉപയോഗിച്ച വാഹനങ്ങൾ ?! അപ്പോ ഇന്ത്യൻ അതിർത്തികൾ സംഘപരിവാർ ഭരണകാലത്ത് മലർക്കെ തുറന്നിട്ടിരിക്കുകയാണോ ? നൂറുകണക്കിന് വാഹനങ്ങൾ അതിർത്തി കടന്നത് തടയാൻ പറ്റാത്ത അത്ര സുരക്ഷ മാത്രമാണോ നമ്മുടെ രാജ്യ അതിർത്തികളിൽ ഉളളത് ?
ഈ വാഹനങ്ങളിലൂടെ സ്വർണവും മയക്കുമരുന്നുകളും കടത്തിയുട്ടുണ്ടാകാം എന്ന് എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഒരു കസ്റ്റംസ് കമ്മീഷണർ പത്രസമ്മേളനം വിളിച്ച് പറയുക ? അതിർത്തിയിലെ സുരക്ഷ മറികടന്ന് ഇത്രയും വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെങ്കിൽ അതിൽ ആദ്യം അന്വേഷണം നടത്തേണ്ടത് കസ്റ്റംസ് ആണോ അതോ രഹസ്യന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ വിഭാഗവും ബി എസ് എഫും അല്ലേ ?
വാർത്താ സമ്മേളനത്തിന്റെ തടുക്കത്തിൽ മാസങ്ങളായി നടന്നു വരുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡാണ് കേരളത്തിൽ നടന്നത് എന്നു പറഞ്ഞു തുടങ്ങിയ ടിജു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ വന്നതോടെ ഇന്നല്ലേ അന്വേഷണം ആരംഭിച്ചത് എന്ന് മലക്കം മറിഞ്ഞത് എന്തുകൊണ്ടായിരിക്കും ?
ഇന്നലെ ഇന്ത്യയിൽ മറ്റെവിടെയും Operation Numkhor എന്ന പേരിൽ ഇത്തരം റെയ്ഡുകൾ നടന്നിട്ടില്ല എന്നാണ് രാജ്യമാകെയുള്ള വാർത്താ മാധ്യമങ്ങൾ പരിശോധിച്ചപ്പോൾ വെക്തമാകുന്നത് ? തിരിച്ചറഞ്ഞ കള്ളക്കടത്തു സംഘം കേരളത്തിലുള്ളതല്ല കോയമ്പത്തൂരിലുള്ളതാണെന്ന് പറയുമ്പോഴും തമിഴ്നാട്ടിലും ഇത്തരം ഒരു റെയ്ഡോ അറസ്റ്റോ നടന്നിട്ടില്ല. അത് എന്തുകൊണ്ടായിരിക്കും ? മറ്റു സംസ്ഥാനങ്ങളിലെ തട്ടിപ്പു സംഘത്തിന് രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനുമല്ലേ ഇതിലൂടെ അവസരം ഒരുക്കിയത് ?
ഭൂട്ടാൻ കേരളവുമായല്ല ബംഗാൾ, ആസാം ഉൾപ്പെടെയുള്ള നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണല്ലോ ? അവിടെയൊന്നും എന്തുകൊണ്ട് Operation Numkhor നടന്നില്ല ? ദേശീയ ഏജൻസികൾ ഇത്തരം റെയ്ഡുകൾ ഒരേസമയം രാജ്യ വ്യാപകമായാണ് നടത്തിവരാറുള്ളത്, എന്നാൽ ഇത് കേരളത്തിൽ മാത്രമായതും ലക്ഷ്യം മറ്റൊന്നാണ് എന്നതിന്റെ കൃത്യമായ സൂചനയാണ്. വാർത്താ സമ്മേളനത്തിൽ പരാമർശിക്കുന്ന 2005 ഉം 2014 വർഷങ്ങൾ ഒന്നും അത്ര നിഷ്കളങ്കമാകാനിടയില്ല. ആ ഇടക്കുള്ള പത്തു വർഷം രാജ്യം ഭരിച്ചത് സംഘികളായിരുന്നില്ല ?
കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ് ഈ കള്ളക്കടത്ത് നടന്നത് എന്നു കമ്മീഷണർ പലതവണ ആവർത്തിക്കുന്നത് കണ്ടു. എന്നാൽ നടൻ അമിത് ചക്കാലക്കലിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത വാഹനം അഞ്ച് വർഷത്തിലേറെയായി അദ്ദേഹം ഉപയോഗിക്കുന്നതാണ് എന്നു മാത്രമല്ല കഴിഞ്ഞ പത്തു വർഷത്തിലേറെയായി കേരളത്തിൽ പല ഉടമകളായി ഉപയോഗിച്ച് വരുന്നതുമാണ്. ദുൽഖർ തന്റെ ഭാഗം വിശദീകരിക്കുമ്പോഴേ അയാളുടെ വാഹനങ്ങളുടെ കൃത്യമായ വിവരം പുറത്തു വരൂ. അതിനെല്ലാം മുമ്പ് തിടുക്കത്തിൽ മാധ്യമങ്ങളെ വിളിച്ച് ഇരുത്തി മീഡിയോ ഫോക്കസ് ഉറപ്പുവരുത്തിയത് എന്തിനായിരിക്കും ? കേരളത്തിൽ എത്ര എൻഐഎ റെയ്ഡുകൾ നടന്നിട്ടുണ്ട് ? ഒരിക്കലെങ്കിലും ഒരു ഉദ്യോഗസ്ഥൻ ക്യാമറകൾക്ക് മുമ്പിൽ വന്ന് റെയ്ഡ് വിവരങ്ങൾ വിശദീകരിക്കാൻ തയ്യാറായിട്ടുണ്ടോ ? അപ്പോൾ ഈ റെയ്ഡിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമാണുള്ളത് എന്നുറപ്പാണ്.
ഏറ്റവും പ്രധാനം കേന്ദ്രസർക്കാറിന്റെ പരിവാഹൻ വെബ്സൈറ്റിൽ കൃത്രിമത്വം കാണിച്ചു എന്ന് ഒരു കസ്റ്റംസ് ഓഫീസർ ഞെളിഞ്ഞിരുന്ന് പറയുമ്പോൾ ഇന്ത്യൻ അതിർത്തിയുടെ സുരക്ഷ മാത്രമല്ല കോടിക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഔദ്യോഗിക വെബ്സൈറ്റുകളുടെ വരെ വിശ്വാസ്യതയും സുരക്ഷിതത്വവും രഹസ്യ സ്വഭാവവുമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. എന്തായാലും മാധ്യമങ്ങളെ മുഖ്യപങ്കാളികളാക്കി മറ്റെന്തോ പൊങ്കാലക്കുള്ള ഒരുക്കമാണോ ഇതെന്ന് മുൻ അനുഭവങ്ങളിൽ നിന്ന് ന്യായമായും സംശയിക്കാവുന്നതാണ്.



