...
Home News Kerala നേതാവിന്റെ പേര് അവരായിട്ട് പറഞ്ഞില്ല എന്നേയുള്ളൂ

നേതാവിന്റെ പേര് അവരായിട്ട് പറഞ്ഞില്ല എന്നേയുള്ളൂ

നേതാവിന്റെ പേര് അവരായിട്ട് പറഞ്ഞില്ല എന്നേയുള്ളൂ, പക്ഷേ ഒരു ശതമാനത്തിന്റെ പോലും സംശയത്തിനിടയില്ലാത്ത വിധം അതാരാണെന്ന് വ്യക്തമായി തിരിച്ചറിയുന്ന വാക്കുകളാണ് അവർ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞത്.

286

| ബഷീർ വള്ളിക്കുന്ന്

റിനി ആൻ ജോർജ്ജിനെ അഭിനന്ദിക്കുന്നു, ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ “ഹൂ കെയേഴ്‌സ്” എന്ന് പുച്ഛം വാരിവിതറിയ യുവനേതാവിനെതിരെ ധീരതയോടെ പ്രതികരിച്ചതിന്. തനിക്കുണ്ടായ ദുരനുഭവങ്ങളെ സമൂഹത്തിന് മുന്നിൽ തുറന്ന് പറഞ്ഞതിന്. ഈ നേതാവിൽ നിന്ന് മറ്റ് പെൺകുട്ടികൾക്കുണ്ടായ സമാനമോ ഗുരുതരമോ ആയ അനുഭവങ്ങൾ തുറന്ന് പറയാനുള്ള ധൈര്യം നൽകിയതിന്. നേതാവിന്റെ പേര് അവരായിട്ട് പറഞ്ഞില്ല എന്നേയുള്ളൂ, പക്ഷേ ഒരു ശതമാനത്തിന്റെ പോലും സംശയത്തിനിടയില്ലാത്ത വിധം അതാരാണെന്ന് വ്യക്തമായി തിരിച്ചറിയുന്ന വാക്കുകളാണ് അവർ വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞത്.

മാധ്യമ പ്രവർത്തക കൂടിയായ ഈ നടിയുടെ വാക്കുകളിൽ എന്നെ അത്ഭുതപ്പെടുത്തിയത് ഇത്തരം പെരുമാറ്റം ഇനിയുണ്ടായാൽ ഞാൻ സമൂഹത്തോട് തുറന്ന് പറയുമെന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത്രേ “പോയ് പറയ്.. പോയ് പറയ്” എന്ന്.. “ഹൂ കെയേഴ്‌സ്” എന്ന് തന്നെയാണ് ആ പറഞ്ഞതിന്റേയും അർത്ഥം?.. എന്ത് വെളിപ്പെടുത്തിയാലും എനിക്ക് പാർട്ടിയിലും പൊതുസമൂഹത്തിലും സംരക്ഷണം കിട്ടുമെന്നുമെന്നുള്ള അഹന്തയാണ് ആ വാക്കുകളിൽ ഉള്ളത്.

പാർട്ടിയിൽ പലരോടും പരാതി പറഞ്ഞു, പക്ഷേ ആരും ഗൗനിച്ചില്ല, അയാൾക്ക് അപ്പോഴുണ്ടായിരുന്നതിനേക്കാൾ വലിയ സ്ഥാനങ്ങൾ നൽകി. ഇത്തരം മനുഷ്യർക്ക് ഇനിയെങ്കിലും ഇതുപോലുള്ള പദവികൾ നൽകരുത് എന്ന് റിനി പറയുമ്പോൾ അതിൽ ഈ പൊതുസമൂഹത്തിന് ഒരു സ്റ്റെയ്ക്കുണ്ട്, ഉത്തരവാദിത്വമുണ്ട്. പാർട്ടിയിലെ പലർക്കും ഇയാളെക്കുറിച്ചറിയാം, പാർട്ടിയിലെ പല നേതാക്കന്മാരുടെ ഭാര്യമാർക്കും പെണ്മക്കൾക്കും വരെ ഇയാളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും റിനി പറയുമ്പോൾ അബദ്ധത്തിൽ സംഭവിച്ചു പോയ ഒരു കാര്യമല്ല എന്ന് ചുരുക്കം.

ആലോചിച്ചു നോക്കൂ, നേതാക്കളിൽ പലർക്കും നേരത്തെ അറിയാമായിരുന്നിട്ടും ഇത്തരമൊരു ലൈംഗിക പ്രെഡേറ്ററെയാണ് തെരഞ്ഞെടുത്ത് നിയമസഭയിൽ എത്തിച്ചിരിക്കുന്നത്. തിരുത്തണം. അന്വേഷണങ്ങൾ വേണം, നടപടികൾ ഉണ്ടാകണം. ഇത്തരം ലൈംഗിക വേട്ടക്കാർ അവരെത്ര വാചാലരും സുമുഖരുമാണെങ്കിലും നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ നായകരായി നിയമസഭയിൽ ഉണ്ടാകരുത്, യുവനിരയുടെ നായകനായി വിരാജിക്കരുത്. അത് ആ പാർട്ടി നേതൃത്വം ഉറപ്പ് വരുത്തേണ്ട മിനിമം സാമൂഹ്യ പ്രതിബദ്ധതയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.