കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അവധി അനുവധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ് മാസത്തേക്ക് അവധി നല്‍കിയതായി മേയര്‍ വിവി രാജേഷ് അറിയിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അവധി പാസാക്കിയത്. 51 പേര്‍ അവധി അംഗീകരിച്ചെന്ന് വിവി രാജേഷ് വ്യക്തമാക്കി. മുന്‍സിപ്പല്‍ ആക്ട് പ്രകാരം ആറുമാസം അവധി നല്‍കാമെന്ന് മേയര്‍ അറിയിച്ചു.
കോണ്‍ഗ്രസ് വിമതനായ സുധീഷിന്റെ വോട്ടും സുഗതനായിരുന്നു. സുഗതന് എതിരെ നടന്നത് രാഷ്ട്രീയ നീക്കമാണെന്നും സുഗതന് വേണ്ടിയാണ് പിന്തുണ നല്‍കിയതെന്നും വ്യക്തിപരമായ ബന്ധമുണ്ടെന്നും സുധീഷ് പ്രതികരിച്ചു. നല്ലത് ചെയ്താല്‍ അതിനൊപ്പം നില്‍ക്കുമെന്നും കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതി മാറ്റി നിര്‍ത്തരുതെന്നും സുധീഷ് പറഞ്ഞു. കൗണ്‍സില്‍ നല്ല രീതിയില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സുഗതന് അവധി നല്‍കിയതില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സുഗതന് അവധി നല്‍കിയത് ഏത് നിയമപ്രകാരമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്‍ ചോദിച്ചു. അവധിയെ നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് യുഡിഎഫ് പരാതി നല്‍കി. സുഗതന് അവധി നല്‍കിയത് ചട്ടലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
മേയറുടേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് സിപിഐഎം കൗണ്‍സിലര്‍ എസ് പി ദീപക്കും പ്രതികരിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നും ജനകീയ പ്രശ്‌നങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തില്ലെന്നും ദീപക് വ്യക്തമാക്കി. എന്നാല്‍ വസ്തുതാപരമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നാണ് മേയര്‍ വി വി രാജേഷിന്റെ പ്രതികരണം. സുഗതന്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് പരോള്‍ ആവശ്യപ്പെട്ടിരുന്നു. ഈ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യനാക്കപ്പെടും എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മേയര്‍ പറഞ്ഞു.
സുഗതന് നിയമപരമായി പരോളിന് ആവശ്യപ്പെടാം. സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത് കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കും എന്നാണ്. വോട്ടിനിട്ട് പാസാക്കിയാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതം എന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ പറയുന്നുണ്ടെന്നും ആഭ്യന്തരവകുപ്പിന്റെ സര്‍ക്കുലറും ലഭിച്ചെന്നും രാജേഷ് പറഞ്ഞു.



