...
Home News Kerala ‘കർമ്മ ന്യൂസ്’ ചീഫ് എഡിറ്റർ കേരളത്തിൽ അറസ്റ്റിലായതിൻ്റെ കാരണം ഇതാണ്

‘കർമ്മ ന്യൂസ്’ ചീഫ് എഡിറ്റർ കേരളത്തിൽ അറസ്റ്റിലായതിൻ്റെ കാരണം ഇതാണ്

കേരളത്തിൽ മൂന്ന് ക്രിമിനൽ കേസുകളിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസിൽ രണ്ടെണ്ണവും വയനാട് പോലീസിൽ ഒരു കേസും

237

മുസ്ലീം വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ച് വിവാദ മലയാളം വെബ് പോർട്ടലിൻ്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ വിൻസ് മാത്യുവിനെ സൈബർ പോലീസ് കഴിഞ്ഞ ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. ‘കർമ്മ ന്യൂസി’ലെ വിൻസ് മാത്യു തിരുവനന്തപുരം വിമാന താവളത്തിൽ വന്നിറങ്ങിയപ്പോൾ ആണ് അറസ്റ്റ്‌. പോലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിൻസിന് ഓസ്‌ട്രേലിയൻ പാസ്‌പോർട്ട് ഉണ്ടായിരുന്നുവെന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തെന്നും ആണ് പോലീസ് വൃത്തങ്ങൾ പറഞ്ഞത്. ഓസ്‌ട്രേലിയയിലെ ‘പെർത്തിൽ’ താമസിക്കുന്ന വിൻസിനെതിരെ കേരളത്തിൽ മൂന്ന് ക്രിമിനൽ കേസുകളിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസിൽ രണ്ടെണ്ണവും വയനാട് പോലീസിൽ ഒരു കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

2023 ഒക്ടോബറിൽ കൊച്ചിയിലെ കളമശ്ശേരിയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിനിടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നിൽ കേരളത്തിലെ ഹമാസ് അനുകൂലികളാണെന്ന് അവകാശപ്പെട്ട് ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് തിരുവനന്തപുരം സൈബർ പോലീസ് വിൻസിനെതിരെ കേസെടുത്തിരുന്നു.

സംഘത്തിലെ മുൻ അംഗമായിരുന്ന ഡൊമിനിക് മാർട്ടിൻ, സംഘടനയോടുള്ള വിദ്വേഷം മൂലമാണ് കുറ്റകൃത്യം ചെയ്‌തതെന്ന് പോലീസ് അന്വേഷണത്തിൽ പിന്നീട് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സിഎംഡിആർഎഫ്) ഉപയോഗത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ടിൻ്റെ പേരിലാണ് വിൻസിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്‌തത്.

വയനാട്ടിലെ ഉരുൾപൊട്ടലിന് ശേഷമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. ദുരന്തനിവാരണ നിയമ പ്രകാരവും ഐടി ആക്ടിലെ മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും അദ്ദേഹത്തിനെതിരെ കേസെടുത്തു.

അന്താരാഷ്ട്ര ഭീകര സംഘടനകൾ വയനാട്ടിലേക്ക് പണം ഒഴുക്കുന്നുണ്ടെന്നും ജില്ലയിൽ കൂണുപോലെ വളരുന്ന സ്‌പോർട്‌സ് ടർഫുകളെ പിന്തുണക്കുന്നുണ്ടെന്നും പ്രചരിപ്പിച്ചു. ഇതേതുടർന്ന് വയനാട് സൈബർ പോലീസ് കഴിഞ്ഞ വർഷം വിൻസിതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

വയനാട് പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിൻ്റെ അടിസ്ഥാനത്തിലാണ് വിൻസിനെ വിമാന താവളത്തിൽ കസ്റ്റഡിയിലെടുത്തതെന്ന് തിരുവനന്തപുരം സിറ്റി പോലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

തിരുവനന്തപുരത്ത് ഇയാൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തി. അതിനാൽ സിറ്റി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാത്യുവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ആണ് ചുമത്തിയത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.