...
Home News National സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർ മരിച്ചു; ആറ് പേരെ കാണാതായി

സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർ മരിച്ചു; ആറ് പേരെ കാണാതായി

നാല് സൈനികരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി അധികൃതർ

153

സിക്കിമിലെ ചാറ്റനിൽ സൈനിക ക്യാമ്പിൽ ഞായറാഴ്‌ച വൈകുന്നേരം ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്‌തതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ഹവൽദാർ ലഖ്‌വീന്ദർ സിംഗ്, ലാൻസ് നായിക് മുനിഷ് താക്കൂർ, പോർട്ടർ അഭിഷേക് ലഖാഡ എന്നീ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

നാല് സൈനികരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഇന്ത്യൻ സൈന്യം ദുഃഖം അറിയിച്ചു.

“ഈ ദുഃഖവേളയിൽ ദുഃഖിതരായ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പ്രകൃതിയുടെ ക്രോധത്തിനിടയിലും കർത്തവ്യത്തോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത മനോഭാവവും സമർപ്പണവും പ്രകടിപ്പിച്ചു കൊണ്ട്, എല്ലാ ഉദ്യോഗസ്ഥരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിൽ ഇന്ത്യൻ സൈന്യം ഉറച്ചുനിൽക്കുന്നു,” -ഒരു ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.

വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിലും പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുകയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകുകയും ചെയ്‌തു.

മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇതുവരെ 34 പേർ മരിച്ചു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്ററും ബോട്ടുകളും ഉൾപ്പെടെ വിവിധ മാർഗങ്ങൾ ഉപയോഗിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിലും ഒന്നിലധികം ഏജൻസികൾ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സിക്കിമിലെ ലാച്ചുങ്ങിൽ, മോശം കാലാവസ്ഥയെ തുടർന്ന് രണ്ട് പാലങ്ങൾ ഭാഗികമായി തകർന്നതിനെ തുടർന്ന് നൂറുകണക്കിന് വിനോദ സഞ്ചാരികൾ കുടുങ്ങിയിരുന്നു. വിനോദ സഞ്ചാരികളുടെ ആദ്യ ബാച്ചിനെ രക്ഷപ്പെടുത്തി 18 വാഹനങ്ങളിലായി ഫിഡാങ്ങിലേക്ക് കൊണ്ടുവന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 1,678 വിനോദ സഞ്ചാരികൾ ഉൾപ്പെടുന്ന മറ്റൊരു വാഹനവ്യൂഹം തെങ് ചെക്ക് പോസ്റ്റ് കടന്ന് ഫിഡാങ്ങിലേക്ക് പോയി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.