...
Home News National ആക്രമണങ്ങളെ തകർക്കും ത്രിതല പ്രതിരോധം; ശത്രു ഡ്രോണുകളെ തുരത്താൻ വ്യോമസേന സജ്ജം

ആക്രമണങ്ങളെ തകർക്കും ത്രിതല പ്രതിരോധം; ശത്രു ഡ്രോണുകളെ തുരത്താൻ വ്യോമസേന സജ്ജം

യുദ്ധമുഖത്തെ സൈനികർക്ക് കയ്യിൽ കൊണ്ടുനടക്കാവുന്ന സംവിധാനം (Man-portable) ആണ് പ്രതിരോധത്തിന്റെ ആദ്യത്തെ തലം. 1,000 മീറ്റർ ഉയരത്തിലും 5 കിലോ മീറ്റർ ദൂരപരിധിയിലുമുള്ള ഡ്രോണുകളെ ഇവ ഉപയോഗിച്ച് നേരിടും.

245

അതിർത്തി കടന്നുള്ള ഡ്രോൺ ആക്രമണ ഭീഷണികളെ നേരിടാൻ ഇന്ത്യൻ വ്യോമസേന ത്രിതല ഡ്രോൺ പ്രതിരോധ സംവിധാനം (Three-layered interception architecture) ഒരുക്കുന്നു. 2025 മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ വ്യോമ സുരക്ഷാ മേഖലയിൽ ഇത്തരമൊരു സുപ്രധാന മാറ്റത്തിന് വ്യോമസേന തുടക്കമിടുന്നത്.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഹ്രസ്വമെങ്കിലും തീവ്രമായ ഓപ്പറേഷൻ സിന്ദൂർ വേളയിൽ പാകിസ്താനിൽനിന്നു വലിയ തോതിലുള്ള ഡ്രോൺ ആക്രമണം ഇന്ത്യ നേരിട്ടിരുന്നു. അന്ന് ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഇവയെ വിജയകരമായി പ്രതിരോധിച്ചുവെങ്കിലും, ഭാവിയിൽ ഇത്തരം ഭീഷണികളെ കൂടുതൽ ആധുനികവും ചെലവ് കുറഞ്ഞതുമായ രീതിയിൽ നേരിടാൻ പ്രത്യേക പ്ലാറ്റ്ഫോമുകൾ ആവശ്യമാണെന്ന് വ്യോമസേന വിലയിരുത്തുന്നു.

ശത്രു ഡ്രോണുകളെ തനിയെ പിന്തുടർന്ന് നശിപ്പിക്കാൻ ശേഷിയുള്ള ‘ലോഞ്ച് ആൻഡ് ഫോർഗെറ്റ്’ (Launch-and-forget) ഇന്റർസെപ്റ്റർ ഡ്രോണുകളാണ് ഈ പദ്ധതിയുടെ കാതൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസറുകൾ, ഓട്ടോമേറ്റഡ് ഗൈഡൻസ് അൽഗോരിതങ്ങൾ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഡ്രോണുകൾക്ക് മനുഷ്യസഹായം കൂടാതെ തന്നെ ശത്രുലക്ഷ്യങ്ങളെ കണ്ടെത്താനും തകർക്കാനും സാധിക്കും. ഇത് അതിവേഗത്തിൽ നീങ്ങുന്ന ഡ്രോൺ കൂട്ടങ്ങളെ നേരിടാൻ സൈന്യത്തെ സഹായിക്കും. വ്യത്യസ്ത ഉയരത്തിലും ദൂരത്തിലും എത്തുന്ന ശത്രു ഡ്രോണുകളെ തകർക്കാൻ മൂന്ന് ഘട്ടങ്ങളിലായാണ് ഈ പ്രതിരോധ വലയം പ്രവർത്തിക്കുന്നത്.

യുദ്ധമുഖത്തെ സൈനികർക്ക് കയ്യിൽ കൊണ്ടുനടക്കാവുന്ന സംവിധാനം (Man-portable) ആണ് പ്രതിരോധത്തിന്റെ ആദ്യത്തെ തലം. 1,000 മീറ്റർ ഉയരത്തിലും 5 കിലോ മീറ്റർ ദൂരപരിധിയിലുമുള്ള ഡ്രോണുകളെ ഇവ ഉപയോഗിച്ച് നേരിടും. രണ്ടാമത്തെ പ്രതിരോധ നിര വാഹനങ്ങളിൽ ഘടിപ്പിച്ച മൊബൈൽ സംവിധാനമാണ്. 5,000 മീറ്റർ ഉയരത്തിലും 10 കിലോ മീറ്റർ ദൂരത്തിലുമുള്ള ശത്രു ഡ്രോണുകളെ ഒരേസമയം ഒന്നിലധികം ഇന്റർസെപ്റ്ററുകൾ ഉപയോഗിച്ച് ഇവ തകർക്കും.

7,000 മീറ്റർ ഉയരത്തിലും 25 കിലോമീറ്റർ ദൂരപരിധിയിലുമുള്ള ലക്ഷ്യങ്ങളെ നേരിടുന്നതാണ് മൂന്നാമത്തെ തലം. എല്ലാ ഇന്റർസെപ്റ്ററുകളെയും ഏകോപിപ്പിക്കുന്ന ഒരു കമാൻഡ് ആൻഡ് കൺട്രോൾ ഹബ്ബ് ആയും മൂന്നാമത്തെ പ്രതിരോധ സംവിധാനം പ്രവർത്തിക്കും. ശത്രു ഡ്രോണുകൾ ഏത് ഉയരത്തിൽ വന്നാലും അവയെ തടഞ്ഞുനിർത്താൻ സാധിക്കുന്ന രീതിയിലാണ് ഈ ത്രിതല വലയം സജ്ജീകരിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്ത ദൂരപരിധിയിൽ സുരക്ഷ ഉറപ്പാക്കുന്നത് വ്യോമപ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കും.

ഗാന്ധിനഗർ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് (SWAC) ആണ് ഈ പദ്ധതിക്കായി ഇന്ത്യൻ പ്രതിരോധ നിർമ്മാതാക്കളിൽനിന്ന് താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഈ സംവിധാനങ്ങൾ വികസിപ്പിക്കുക. ഗാന്ധിനഗറിലെ റീജിയണൽ എയ്റോസ്പേസ് ഇന്നൊവേഷൻ ഡിവിഷൻ (RAID-GN) ആണ് ഇതിന് നേതൃത്വം നൽകുന്നത്. 2025-ലെ ഓപ്പറേഷൻ സിന്ദൂർ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് അതിവേഗം ഈ സംവിധാനങ്ങൾ നടപ്പിലാക്കാൻ വ്യോമസേന തീരുമാനിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.