...
Home News Kerala ‘ടൈം ബാങ്ക്’ കേരളത്തിൽ വരുന്നു; സന്നദ്ധ സേവനത്തിലൂടെ സമയം നിക്ഷേപിച്ച് സമ്പാദിക്കാം

‘ടൈം ബാങ്ക്’ കേരളത്തിൽ വരുന്നു; സന്നദ്ധ സേവനത്തിലൂടെ സമയം നിക്ഷേപിച്ച് സമ്പാദിക്കാം

നിശ്ചിത സമയനിക്ഷേപം ഉണ്ടായി കഴിഞ്ഞാൽ സാമൂഹ്യ ആദരം നൽകണം

200

സന്നദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിൽ ‘ടൈം ബാങ്ക്’ എന്ന നൂതന പദ്ധതി നടപ്പിലാക്കാൻ നിർദ്ദേശം. സന്നദ്ധ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്ന ഓരോ മണിക്കൂറും ഈ ബാങ്കിൽ നിക്ഷേപിക്കാനും അതുവഴി സമ്പാദിക്കാനും സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. അഞ്ചാമത് കേരള പഠന കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന വികസന അജണ്ടയുടെ ഭാഗമായാണ് ഈ ആശയം മുന്നോട്ടു വെച്ചിരിക്കുന്നത്. തോമസ് ഐസക്കാണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്ക് പണമായല്ല പ്രതിഫലം നൽകുന്നത്. പകരം, അവർ ചെയ്യുന്ന ഓരോ മണിക്കൂർ സേവനത്തിനും ക്രെഡിറ്റ് അല്ലെങ്കിൽ ടോക്കൺ നൽകും. ഈ ക്രെഡിറ്റുകൾ കൃത്യമായി കണക്ക് സൂക്ഷിക്കുന്നതിനായി വിപുലമായ ഒരു ഡിജിറ്റൽ സംവിധാനം ഒരുക്കും. ഇത്തരത്തിൽ നിശ്ചിത സമയനിക്ഷേപം ഉള്ളവർക്ക് പ്രത്യേക സാമൂഹിക ആദരം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

പോസ്റ്റിൻ്റെ പൂർണരൂപം:

സന്നദ്ധ പ്രവർത്തനത്തിന് നിങ്ങൾ തയ്യാറുണ്ടോ? എങ്കിൽ നിങ്ങൾ നൽകുന്ന സേവനം എത്ര മണിക്കൂറാണോ അത്രയും ഡെപ്പോസിറ്റ് ചെയ്‌ത്‌ സമ്പാദിക്കാൻ കേരളത്തിന് ഒരു ടൈം ബാങ്ക്.
കേരള പഠന കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന വികസന അജണ്ടയുടെ സാക്ഷാത്ക്കാരത്തിന് വലിയ തോതിൽ ജനകീയ സന്നദ്ധ പ്രവർത്തനം കൂടിയേ തീരൂ. ജനകീയാസൂത്രണ കാലത്ത് ജനപങ്കാളിത്തം പുനഃസൃഷ്ടിക്കാനാകണം.
ഈയൊരു സാഹചര്യത്തിലാണ് പഠന കോൺഗ്രസിൽ ഒരു ലൈബ്രറി പ്രവർത്തകൻ മുന്നോട്ടുവച്ച ആശയം പ്രസക്തമാകുന്നത്. സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്ക് പണമായി പ്രതിഫലമൊന്നും നൽകുന്നില്ല. പക്ഷേ, അവരുടെ പ്രവർത്തനത്തിന് സാമൂഹിക അംഗീകാരം നൽകണം.
അവർ ഓരോരുത്തരും ചെയ്യുന്ന സന്നദ്ധ സേവനത്തിന് മണിക്കൂറടിസ്ഥാനത്തിൽ ക്രെഡിറ്റ് അല്ലെങ്കിൽ ടോക്കൺ നൽകണം. അങ്ങനെ ഓരോരുത്തർക്കും ലഭിക്കുന്ന ക്രെഡിറ്റ് കൃത്യമായി കണക്ക് സൂക്ഷിക്കുന്നതിന് ഓരോരുത്തരുടേയും സംഭാവന വെളിപ്പെടുത്തുന്നതിനും വിപുലമായ ഒരു ഡിജിറ്റൽ സംവിധാനം ഉണ്ടാകണം. ഇതാണ് സന്നദ്ധ സേവനത്തിൻ്റെ “ടൈം ബാങ്ക്”.
നിശ്ചയമായും ഇത് പരിഗണിക്കേണ്ടുന്ന ഒരു നിർദ്ദേശമാണെന്ന് ക്രോഡീകരണവേളയിൽ അഭിപ്രായപ്പെടുകയുണ്ടായി. ലോകത്ത് പലയിടത്തും ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും പറയട്ടെ. ഏറ്റവും പ്രസിദ്ധം ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ്. പാലിയേറ്റീവ് പരിചരണമടക്കം സന്നദ്ധ സേവനം നൽകുന്നവരുടെ സമയം ബാങ്ക് ചെയ്യപ്പെടുന്നു. അവർക്കൊരാവശ്യം വന്നാൽ പകരം സഹായം ഏർപ്പാടുണ്ടാക്കാനുള്ള ഉത്തരവാദിത്തം എൻ.എച്ച്.എസിനുണ്ട്. സ്റ്റോക്ക്ഹോം പട്ടണത്തിൽ ഇത്തരമൊരു പരീക്ഷണമുണ്ട്. നമ്മുടെ നാട്ടിൽ എലിക്കുളം പഞ്ചായത്ത് കെ-ഡിസ്ക്കിൻ്റെ സഹായത്തോടെ ഇത്തരമൊരു പരീക്ഷണത്തിന് തുടക്കം കുറിക്കുകയും ചെയ്‌തു.
കേരളത്തിൽ നമുക്ക് വേണ്ടത് ആരോഗ്യ സേവനങ്ങൾക്കുവേണ്ടി മാത്രമുള്ള ഒരു ടൈം ബാങ്കല്ല. അഞ്ചാമത് കേരള പഠന കോൺഗ്രസ് മുന്നോട്ടുവെക്കുന്ന വികസന അജണ്ടയിൽ വലിയ തോതിൽ സന്നദ്ധ പ്രവർത്തനം അനിവാര്യമായുള്ള ഒട്ടേറെ പദ്ധതികളുണ്ട്.

പാലിയേറ്റീവ് പരിചരണം
ജനകീയാസൂത്രണത്തിൻ്റെ രണ്ടാം പതിപ്പ്
വയോജനങ്ങളുടെ സ്‌കിൽ ബാങ്ക്
ശുചീകരണം
വൃക്ഷവത്ക്കരണം
നൈപുണി വികസനം (മെൻ്റെർമാർ)
കുടുംബശ്രീ സഹായ വൃന്ദം
കേവല ദാരിദ്ര്യനിർമ്മാർജ്ജനം
ദുരന്ത നിവാരണം

ഇപ്പോൾ എല്ലാ പ്രസ്ഥാനങ്ങൾക്കും പ്രത്യേകം പ്രത്യേകം സന്നദ്ധ പ്രവർത്തകരുണ്ട്. പലതിനും ഇനിയും ഇങ്ങനെ വേണ്ടിവരും. എന്നാൽ പല പ്രവർത്തനങ്ങൾക്കും വേണ്ടി പൊതുവായ കേഡർമാരെ സൃഷ്ടിക്കാനാകും. ജനകീയാസൂത്രണത്തിനെന്നപോലെ കീ റിസോഴ്‌സ് പേഴ്‌സൺസ് (കെ.ആർ.പി), ജില്ലാ റിസോഴ്‌സ് പേഴ്‌സൺസ് (ഡി.ആർ.പി.) പ്രാദേശിക റിസോഴ്‌സ് പേഴ്‌സൺസ് (എൽ.ആർ.പി) എന്നിങ്ങനെ മൂന്നുതല സന്നദ്ധ പ്രവർത്തകരാകാം.

ഏതു തലത്തിൽപ്പെട്ടവരായാലും എതിനത്തിൽ ജോലി ചെയ്യുന്നവരായാലും അവരുടെ ഓരോ മണിക്കൂർ സേവനവും ടൈംബാങ്കിൽ നിക്ഷേപിക്കപ്പെടണം. ഇതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമും മേൽനോട്ട സംവിധാനവും സൃഷ്ടിക്കണം. ഓരോ സന്നദ്ധ പ്രവർത്തകനും നിശ്ചിത സമയനിക്ഷേപം ഉണ്ടായി കഴിഞ്ഞാൽ സാമൂഹ്യ ആദരം നൽകണം. നിക്ഷേപത്തിന് ടോക്കണുകൾ നൽകുന്നതിനുള്ള നിർദ്ദേശങ്ങളും മറ്റുമുണ്ട്. അവയെല്ലാം പിന്നീട് ഉരുത്തിരിഞ്ഞ് വരട്ടെ.
അങ്ങനെ കേരളത്തിൻ്റെ വികസന അജണ്ട നടപ്പാക്കാൻ ബഡ്‌ജറ്റിലെ പണവും ബഡ്‌ജറ്റിന് പുറത്ത് നിക്ഷേപിക്കുന്ന പണവും മാത്രമല്ല, ജനകീയ സന്നദ്ധ സേവനവുമുണ്ടാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.