Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
സിൻഡ്രെല്ലയുടെ മത്തൻ രഥം യാഥാർഥ്യമായപ്പോൾ: നാഗാസാക്കിയിലെ ടോക്കിമെക്കി ബസ് സ്റ്റോപ്പുകൾ | Nalamidam
1 November 2026
Home News സിൻഡ്രെല്ലയുടെ മത്തൻ രഥം യാഥാർഥ്യമായപ്പോൾ: നാഗാസാക്കിയിലെ ടോക്കിമെക്കി ബസ് സ്റ്റോപ്പുകൾ

സിൻഡ്രെല്ലയുടെ മത്തൻ രഥം യാഥാർഥ്യമായപ്പോൾ: നാഗാസാക്കിയിലെ ടോക്കിമെക്കി ബസ് സ്റ്റോപ്പുകൾ

നാഗാസാക്കിയിലെ ക്യുഷു ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കൊനഗായി എന്ന ചെറിയ ഗ്രാമത്തിലാണ് ഈ വർണ്ണാഭമായ ബസ് സ്റ്റോപ്പുകൾ സ്ഥിതി ചെയ്യുന്നത്.

316

ജപ്പാനിലെ നാഗാസാക്കി നഗരത്തിലുള്ള ബസ് സ്റ്റോപ്പുകൾ വെറുമൊരു കാത്തിരിപ്പ് കേന്ദ്രങ്ങളല്ല, മറിച്ച് കണ്ണഞ്ചിപ്പിക്കുന്ന ഒരു കാഴ്ചയാണ്. സാധാരണ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് പകരം വലിയ സ്ട്രോബെറി, തണ്ണിമത്തൻ, തക്കാളി, ഓറഞ്ച് തുടങ്ങിയ പഴങ്ങളുടെ രൂപത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നാഗാസാക്കിയിലെ ക്യുഷു ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കൊനഗായി എന്ന ചെറിയ ഗ്രാമത്തിലാണ് ഈ വർണ്ണാഭമായ ബസ് സ്റ്റോപ്പുകൾ സ്ഥിതി ചെയ്യുന്നത്. യാത്രക്കാർക്ക് കൗതുകവും ആനന്ദവും നൽകുന്ന ഈ നിർമ്മിതികൾ ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു.

പഴം ബസ് സ്റ്റോപ്പുകളുടെ ഉത്ഭവം

1990-ൽ നാഗാസാക്കി നഗരത്തിന്റെ ചരിത്രം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച ‘നാഗാസാക്കി ജേർണി എക്സ്പോ’ (Nagasaki Journey Expo) യുടെ ഭാഗമായാണ് ഈ ബസ് സ്റ്റോപ്പുകൾ ആദ്യമായി സ്ഥാപിക്കപ്പെട്ടത്. എക്സ്പോയിലേക്ക് എത്തുന്ന സന്ദർശകരെ ആകർഷകമായ രീതിയിൽ സ്വാഗതം ചെയ്യുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ജപ്പാനിലെ ദേശീയപാത 207-ന്റെ വശങ്ങളിൽ കാണപ്പെടുന്ന ഈ ബസ് സ്റ്റോപ്പുകൾ ഇന്ന് ‘ടോക്കിമെക്കി ഫ്രൂട്ട് ബസ് സ്റ്റോപ്പ്’ എന്നാണ് അറിയപ്പെടുന്നത്.

സിൻഡ്രെല്ലയും മത്തൻ രഥവും

ഈ മനോഹരമായ ബസ് സ്റ്റോപ്പുകൾ നിർമ്മിക്കാനുള്ള പ്രധാന പ്രചോദനം വിശ്വപ്രസിദ്ധമായ നാടോടിക്കഥയായ സിൻഡ്രെല്ലയിലെ മത്തങ്ങ രഥമാണ്. സിൻഡ്രെല്ലയുടെ കഥയിൽ, ക്രൂരയായ വളർത്തമ്മയുടെയും സഹോദരിമാരുടെയും ദ്രോഹങ്ങൾ അനുഭവിച്ച് കഴിയുന്ന പെൺകുട്ടിയെ രാജകുമാരന്റെ വിരുന്നിന് കൊണ്ടുപോകാനായി അവളുടെ ‘ഫെയറി ഗോഡ് മദർ’ ഒരു മത്തങ്ങയെ അതിമനോഹരമായ രഥമായി മാറ്റുന്നുണ്ട്. ഈ മാന്ത്രിക രഥത്തിലേറി അവൾ കൊട്ടാരത്തിലേക്ക് പോകുന്ന രംഗം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാണ്. ഒരു സാധാരണ ഫലത്തെ അത്ഭുതകരമായ ഒരു വാഹനമാക്കി മാറ്റിയ ഈ കഥയിലെ ഭാവനയിൽ നിന്നാണ് കൊനഗായിയിലെ പഴം ബസ് സ്റ്റോപ്പുകൾ പിറവിയെടുത്തത്.

വൈവിധ്യവും സ്ഥാനവും

കൊനഗായി ഗ്രാമത്തിൽ ആകെ 16 വ്യത്യസ്ത പഴങ്ങളുടെ രൂപത്തിലുള്ള ബസ് സ്റ്റോപ്പുകൾ കാണാൻ സാധിക്കും. നാഗാസാക്കിയിലെ ഇസഹായ നഗരത്തിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. 594 ദ്വീപുകളുടെ കൂട്ടമായ നാഗാസാക്കിയുടെ സ്വാഭാവിക ഭംഗിക്ക് മാറ്റ് കൂട്ടാൻ ഈ വിസ്മയ നിർമ്മിതികൾക്ക് കഴിയുന്നുണ്ട്. ഓരോ സ്റ്റോപ്പും ആ പഴത്തിന്റെ യഥാർത്ഥ നിറത്തിലും രൂപത്തിലും അത്രമേൽ കൃത്യതയോടെയാണ് ഒരുക്കിയിരിക്കുന്നത്.

അതിജീവനത്തിന്റെ ജപ്പാൻ മാതൃക

രണ്ടാം ലോകമഹായുദ്ധത്തിലെ അണുബോംബ് സ്ഫോടനത്തിൽ തകർന്നിട്ടും തളരാതെ തിരിച്ചുവന്ന ജപ്പാന്റെ നിശ്ചയദാർഢ്യം ഈ നിർമ്മിതികളിലും പ്രതിഫലിക്കുന്നുണ്ട്. കേവലം സൗന്ദര്യം മാത്രമല്ല, കൃത്യമായ നിയമങ്ങളും അച്ചടക്കവും പൗരന്മാരുടെ ആരോഗ്യത്തിൽ പോലുമുള്ള ശ്രദ്ധയും ജപ്പാനെ ലോകത്തിന് മാതൃകയാക്കുന്നു. പൊടിയില്ലാത്ത റോഡുകളും വൃത്തിയുള്ള പരിസരവും ഈ ബസ് സ്റ്റോപ്പുകളുടെ ഭംഗിക്ക് മാറ്റുകൂട്ടുന്നു.