കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റിയ നടപടിയിൽ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തി. സ്ഥലംമാറ്റത്തിന് പിന്നിലെ സാഹചര്യം ചർച്ച ചെയ്യാൻ ഐപിഎസ് അസോസിയേഷൻ യോഗം വിളിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ചേരാനല്ലൂർ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളും ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകളും പൊലീസിനുള്ളിൽ പ്രതിഷേധത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധമായ നിർദേശങ്ങൾ ആരിൽനിന്ന് വന്നാലും അനുസരിക്കേണ്ട ബാധ്യതയില്ലെന്ന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാടിനോട് ഐപിഎസ് ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗത്തിനും യോജിപ്പുണ്ട്. നിർണായക വിഷയങ്ങളിൽ ഇനി രേഖാമൂലമുള്ള ഉത്തരവുകൾ ലഭിച്ചാൽ മാത്രമേ ഇടപെടൂ എന്ന നിലപാടിലാണ് ചില ഉദ്യോഗസ്ഥരെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജമ്മു കശ്മീർ കേഡറിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സേവനമനുഷ്ഠിക്കുകയും ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയും രാഷ്ട്രപതിയുടെ ഗാലൻട്രി മെഡൽ നേടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് കാളിരാജ് മഹേഷ് കുമാർ. പകരം നിയമനം നൽകാതെയുള്ള സ്ഥലംമാറ്റവും പൊലീസിനുള്ളിലെ അതൃപ്തി വർധിപ്പിച്ചിട്ടുണ്ട്.


