ന്യൂഡൽഹി: ആഗോള വ്യാപാര രംഗത്ത് വീണ്ടും ആശങ്കയുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നീക്കം. ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 14 പ്രധാന സമ്പദ്വ്യവസ്ഥകൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടികളുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുന്നു. ഇതോടെ അമേരിക്കയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ശക്തമായി.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ അധിക തീരുവ ചുമത്താനാണ് യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് (USTR) നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയും അമേരിക്കയും ഉഭയകക്ഷി വ്യാപാര കരാറിൽ (BTA) സമയബന്ധിതമായി ധാരണയിലെത്തിയാൽ തീരുവ 17 ശതമാനമായി കുറയ്ക്കാമെന്ന വ്യവസ്ഥയും മുന്നോട്ടുവച്ചിട്ടുണ്ട്. ഈ വ്യവസ്ഥയാണ് ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നത്.
പുതിയ താരിഫിന് പിന്നിൽ വ്യാപാര നിയമം
1974ലെ യുഎസ് വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമാണ് പുതിയ നടപടി. അമേരിക്കയുടെ മൊത്തം ഇറക്കുമതിയുടെ വലിയൊരു ഭാഗത്തെ ബാധിക്കുന്ന തരത്തിലാണ് നിർദേശം തയ്യാറാക്കിയിരിക്കുന്നത്.
അടിയന്തര സാമ്പത്തിക അധികാരങ്ങൾ ഉപയോഗിച്ച് വ്യാപകമായി തീരുവ ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരത്തിന് യുഎസ് സുപ്രീം കോടതി നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ട്രംപ് ഭരണകൂടം പുതിയ നിയമവഴി തേടിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച താരിഫുകൾക്ക് പകരം പുതിയ ഘടന കൊണ്ടുവരാനുള്ള നീക്കമായും ഇതിനെ വിലയിരുത്തുന്നു.
പങ്കാളി രാജ്യങ്ങൾ ആഭ്യന്തര വ്യവസായങ്ങൾക്ക് സർക്കാർ സഹായം നൽകുന്നതിലൂടെ അമിത ഉൽപ്പാദനം നടത്തുകയും അമേരിക്കൻ കമ്പനികളുടെ മത്സരശേഷിയെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് വാഷിങ്ടണിന്റെ പ്രധാന ആരോപണം.
ഇന്ത്യയ്ക്ക് മത്സര രാജ്യങ്ങളെക്കാൾ നേട്ടമുണ്ടാകുമോ?
പുതിയ താരിഫ് നിർദേശത്തിൽ ഇന്ത്യയ്ക്ക് ചില അനുകൂല ഘടകങ്ങളുണ്ട്. വികസ്വര രാജ്യങ്ങളിൽ ഭൂരിഭാഗത്തെയും 18 ശതമാനം തീരുവ വിഭാഗത്തിലാണ് അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈന, വിയറ്റ്നാം, സിംഗപ്പൂർ തുടങ്ങിയ പ്രധാന ഏഷ്യൻ വ്യാപാര പങ്കാളികൾക്ക് 20 ശതമാനം നിരക്കാണ് നിർദേശിച്ചിരിക്കുന്നത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആദ്യഘട്ടം സമയബന്ധിതമായി അംഗീകരിക്കാനായാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 17 ശതമാനം തീരുവ മാത്രമായിരിക്കും ബാധകമാകുക. ഇതോടെ ഏഷ്യൻ എതിരാളികളേക്കാൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിലനിലവാരത്തിൽ നേട്ടമുണ്ടാക്കാൻ കഴിയും.
മറ്റൊരു പ്രധാന ആശ്വാസം മരുന്ന് ഉൽപ്പന്നങ്ങൾക്കും മൊബൈൽ ഫോണുകൾക്കും പുതിയ അധിക തീരുവയിൽ നിന്ന് ഒഴിവ് നൽകിയിട്ടുണ്ടെന്നതാണ്. ഇന്ത്യയുടെ പ്രധാന കയറ്റുമതി മേഖലകളായ ഫാർമസ്യൂട്ടിക്കൽസ്, മൊബൈൽ ഫോൺ വ്യവസായങ്ങൾക്കിത് ഗുണകരമാകും.
2027 ജനുവരിയിൽ ഹിയറിങ്
പുതിയ തീരുവ നിർദേശം സംബന്ധിച്ച് ബാധിക്കപ്പെടുന്ന വ്യവസായങ്ങളിൽ നിന്ന് അമേരിക്ക അഭിപ്രായങ്ങൾ തേടും. 2027 ജനുവരി 25നാണ് പൊതുഹിയറിങ് നിശ്ചയിച്ചിരിക്കുന്നത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഫെബ്രുവരിയോടെ പുതിയ നികുതി സംവിധാനം നടപ്പാക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയും അമേരിക്കയും നേരത്തെ 18 ശതമാനം അധിക തീരുവ സംബന്ധിച്ച് ധാരണയിലെത്തിയിരുന്നെങ്കിലും സുപ്രീം കോടതി വിധിയെത്തുടർന്ന് നടപടികൾ നീണ്ടുപോയി. ഉഭയകക്ഷി വ്യാപാര കരാർ ഏതാണ്ട് തയ്യാറായിട്ടുണ്ടെന്നും പുതിയ താരിഫ് ഘടന അന്തിമമാകുന്നതോടെ അംഗീകരിക്കാനാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയുടെ നയങ്ങൾക്കെതിരെ അമേരിക്കയുടെ ആരോപണം
ഇന്ത്യയെ പുതിയ അന്വേഷണ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ രാജ്യത്തെ വിവിധ ആഭ്യന്തര സാമ്പത്തിക നയങ്ങളാണെന്നാണ് യുഎസ്ടിആറിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്.
പ്രത്യേകിച്ച് ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഉൽപ്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLI) അമേരിക്കയുടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്.
ഇതിന് പുറമെ സ്റ്റീൽ, സോളാർ, ആരോഗ്യരംഗം, വിവരസാങ്കേതികവിദ്യ, ആശയവിനിമയ മേഖലകളിലെ നയങ്ങളിലും അമേരിക്ക എതിർപ്പുന്നയിച്ചിട്ടുണ്ട്. തൊഴിലാളി സംരക്ഷണം, വിപണിയിലെ നിയന്ത്രണങ്ങൾ, സാമ്പത്തിക നയങ്ങൾ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളോടുള്ള ആശ്രിതത്വം തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നയങ്ങൾ അമേരിക്കൻ വ്യവസായങ്ങളെയും തൊഴിലവസരങ്ങളെയും ബാധിക്കുന്നുവെന്നാണ് യുഎസ് വ്യാപാര പ്രതിനിധി ജെയിംസൺ ഗ്രീറിന്റെ വാദം.
എന്നാൽ അമേരിക്കയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളി. രാജ്യത്തെ ഒരു മേഖലയിലും അമിത ഉൽപ്പാദന ശേഷിയില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. യുഎസ്ടിആറിന്റെ റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും വ്യാപാര തർക്കങ്ങൾ ഏകപക്ഷീയമായ തീരുവകളിലൂടെ പരിഹരിക്കുന്നതിന് പകരം ചർച്ചകളിലൂടെ പരിഹരിക്കണമെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയെ കൂടാതെ 13 സമ്പദ്വ്യവസ്ഥകൾക്കും തിരിച്ചടി
ഇന്ത്യയ്ക്ക് പുറമെ ചൈന, യൂറോപ്യൻ യൂണിയൻ, തായ്വാൻ, ബ്രസീൽ, ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും പുതിയ താരിഫ് നടപടിയുടെ പരിധിയിലുണ്ട്. മെക്സിക്കോയ്ക്കും നോർവേയ്ക്കുമെതിരായ അന്വേഷണവും പുരോഗമിക്കുകയാണ്.
രാജ്യങ്ങൾക്കനുസരിച്ച് 15 മുതൽ 35 ശതമാനം വരെയാണ് നിർദേശിച്ചിരിക്കുന്ന തീരുവ നിരക്കുകൾ.
ചൈനയ്ക്കെതിരെയാണ് ഏറ്റവും കടുത്ത നടപടികൾ. 456 പേജുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചില ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള തീരുവകൾക്ക് പുറമെ 20 ശതമാനം അധിക നികുതി ചുമത്താനാണ് നിർദേശം. ഇതോടെ ചില ഉൽപ്പന്നങ്ങളുടെ മൊത്തം തീരുവ 45 ശതമാനത്തിലെത്താം.
അതേസമയം, ഏകദേശം 30 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് ഉൽപ്പന്നങ്ങൾക്ക് വ്യാപാര ധാരണയുടെ അടിസ്ഥാനത്തിൽ ഇളവ് നൽകാനുള്ള നിർദേശവുമുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുന്നതിനിടെയാണ് പുതിയ നീക്കം.
ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പുതിയ നടപടിയെ വിമർശിച്ചു. വ്യാപാരയുദ്ധം ഒരു രാജ്യത്തിനും ഗുണകരമല്ലെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രസീലിനും വിയറ്റ്നാമിനും പ്രത്യേക തിരിച്ചടി
ബ്രസീലുമായുള്ള വ്യാപാര ചർച്ചകൾ പ്രതിസന്ധിയിലായതോടെ അസംസ്കൃത, സംസ്കരിച്ച പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവയും വിമാനങ്ങൾക്ക് 10 ശതമാനം അധിക നികുതിയും നിർദേശിച്ചിട്ടുണ്ട്. ഇത് ബ്രസീലിലെ പ്രമുഖ വിമാന നിർമാതാക്കളായ എംബ്രയറിനെ ബാധിച്ചേക്കും.
വ്യാപാര കരാറിലെത്തുന്നതുവരെ വിയറ്റ്നാമിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം തീരുവ തുടരും.
അതേസമയം, നിർമിത ബുദ്ധി (AI) മേഖലയ്ക്ക് നിർണായകമായ തായ്വാനിലെയും ദക്ഷിണ കൊറിയയിലെയും സെമികണ്ടക്ടറുകൾ ഉൾപ്പെടെയുള്ള ഹൈടെക് ഉൽപ്പന്നങ്ങൾക്ക് ഇളവ് നൽകാനുള്ള നിർദേശമുണ്ട്.
കാറുകൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് സെക്ഷൻ 232 പ്രകാരം നിലവിലുള്ള തീരുവകളിലും പുതിയ നടപടിയിലൂടെ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
അമേരിക്കയ്ക്കുള്ളിലും ട്രംപിനെതിരെ പ്രതിഷേധം
ട്രംപിന്റെ താരിഫ് നയങ്ങൾ വിദേശ രാജ്യങ്ങളിൽ മാത്രമല്ല, അമേരിക്കയ്ക്കുള്ളിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇറക്കുമതി തീരുവകൾ മൂലം ഉൽപ്പന്നങ്ങളുടെ വില വർധിക്കുകയും സാധാരണ കുടുംബങ്ങളുടെ ചെലവ് കൂടുകയും ചെയ്യുന്നുവെന്നാണ് വിമർശനം.
ഏഷ്യൻ-അമേരിക്കൻ കോൺഗ്രസ് അംഗം ഗ്രേസ് മെങ് ട്രംപിന്റെ വ്യാപാര നയങ്ങളെ രൂക്ഷമായി വിമർശിച്ചു. ന്യൂയോർക്കിലെ ചൈനാടൗൺ, ചിക്കാഗോയിലെ ലിറ്റിൽ ഇന്ത്യ, ഓറഞ്ച് കൗണ്ടിയിലെ ലിറ്റിൽ സൈഗോൺ തുടങ്ങിയ മേഖലകളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ വ്യാപാരയുദ്ധത്തിന്റെ പ്രത്യാഘാതം നേരിടുകയാണെന്ന് അവർ പറഞ്ഞു.
അമേരിക്കയിൽ നിർമിക്കാത്ത ഭക്ഷ്യവസ്തുക്കളും സാംസ്കാരിക ഉൽപ്പന്നങ്ങളും വിൽക്കുന്ന നിരവധി ചെറുകിട സ്ഥാപനങ്ങൾക്ക് പുതിയ തീരുവകൾ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സെനറ്റർ റോൺ വൈഡനും ട്രംപിന്റെ താരിഫ് നയങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് വിലവർധന താങ്ങാനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ചെറുകിട വ്യാപാരികൾക്ക് തുടർച്ചയായ നികുതി ഭാരം താങ്ങാനാകില്ലെന്നും ‘വി പേ ദി താരിഫ്സ്’ സംഘടനയും ചൂണ്ടിക്കാട്ടി.
താരിഫ് നീക്കം തടയുക എളുപ്പമാകില്ല
അമേരിക്കൻ കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് കൂടുതൽ സ്വാധീനം ലഭിച്ചാലും ട്രംപിന്റെ താരിഫ് നയങ്ങൾ തടയുക എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.
ചൈനയ്ക്കെതിരായ താരിഫുകളെ ഡെമോക്രാറ്റുകളിലെ ഒരു വിഭാഗവും പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ, താരിഫ് നയങ്ങളിൽ മാറ്റം വരുത്താനുള്ള നിയമനിർമാണം കോൺഗ്രസ് നടത്തിയാലും പ്രസിഡന്റിന് വീറ്റോ അധികാരമുണ്ട്.
അതേസമയം, പുതിയ താരിഫ് നടപടികൾക്കെതിരെ കോടതിയിൽ നിയമപോരാട്ടം ഉണ്ടാകാനുള്ള സാധ്യതയും വ്യാപാര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ കണ്ണുനട്ട് കയറ്റുമതിക്കാർ
പുതിയ താരിഫുകൾ ആഗോള സമ്പദ്വ്യവസ്ഥയെ എത്രത്തോളം ബാധിക്കുമെന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. പണപ്പെരുപ്പത്തിലും സാമ്പത്തിക വളർച്ചയിലും പരിമിതമായ പ്രത്യാഘാതം മാത്രമേ ഉണ്ടാകൂവെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ചൈനയ്ക്കെതിരായ അമേരിക്കയുടെ കടുത്ത വ്യാപാര നിലപാടിന്റെ തുടർച്ചയായാണ് പുതിയ നീക്കത്തെ മറ്റൊരു വിഭാഗം കാണുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വരും മാസങ്ങൾ നിർണായകമാണ്. 25 ശതമാനം വരെ അധിക തീരുവ ചുമത്തപ്പെടാനുള്ള സാധ്യത ഒഴിവാക്കാനും മത്സര രാജ്യങ്ങളെക്കാൾ കുറഞ്ഞ നികുതി നിരക്ക് ഉറപ്പാക്കാനും വ്യാപാര കരാർ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്.
2027 ജനുവരി 25ലെ ഹിയറിങ്ങിന് മുമ്പ് ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ അന്തിമ ധാരണയുണ്ടാകുമോ എന്നാണ് ഇന്ത്യൻ കയറ്റുമതി മേഖലയിലെ കമ്പനികൾ ഉറ്റുനോക്കുന്നത്.


