തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ കൂടി അന്വേഷണ സംഘം കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഒരു കേസിൽ കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയാണ് രണ്ടാമത്തെ കേസ്. ഈ കേസിലും പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കി നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ട്.
2023 സെപ്റ്റംബറിൽ ഇൻസ്റ്റഗ്രാം വഴിയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നാണ് യുവതിയുടെ മൊഴി. പിന്നീട് ടെലഗ്രാം അക്കൗണ്ട് നമ്പർ വാങ്ങി അതുവഴി സന്ദേശങ്ങൾ അയച്ചതായും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചതായും പരാതിയിൽ പറയുന്നു. തുടക്കത്തിൽ യുവതിയുടെ വീട്ടുകാർക്ക് ബന്ധത്തോട് താൽപര്യമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
അവധി കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ യുവതിയെ വീട്ടിലെത്തുന്നതിന് മുമ്പ് ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് രാഹുൽ ഒറ്റയ്ക്ക് കാണാൻ വിളിച്ചെന്നാണ് പരാതി. തുടർന്ന് ഫെന്നി നൈനാനൊപ്പം കാറിലെത്തിയ രാഹുൽ, നഗരത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്തെ ഹോംസ്റ്റേയിലേക്ക് യുവതിയെ കൊണ്ടുപോയി.
സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേയാണെന്നും പൊതുജനങ്ങൾക്ക് തന്നെ പരിചയമുള്ളതിനാൽ സ്വകാര്യത ഉറപ്പാക്കാനാണ് അവിടേക്ക് എത്തിയതെന്നും രാഹുൽ പറഞ്ഞതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ഹോംസ്റ്റേയിൽ എത്തിയ ഉടൻ രാഹുൽ കടന്നുപിടിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലെ ആരോപണം. എതിർക്കാൻ ശ്രമിച്ചിട്ടും ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നും കടുത്ത ശാരീരികവും മാനസികവുമായ ഉപദ്രവം നേരിട്ടെന്നും യുവതി ആരോപിച്ചു.
അതിനിടെ, കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറിയതിനെ തുടർന്ന് ജി. പൂങ്കുഴലി എസ്ഐടി ചുമതല ഒഴിഞ്ഞു. അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. കേസുകളുമായി ബന്ധപ്പെട്ട തുടർനടപടികൾ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകും.


