...
Home News International ‘ദുരിതം വിതച്ച് റഗാസ ചുഴലിക്കാറ്റ്’; ചൈനയിലും തായ്‌വാനിലും കനത്ത നാശനഷ്‌ടം: 20 ലക്ഷം പേരെ മാറ്റി...

‘ദുരിതം വിതച്ച് റഗാസ ചുഴലിക്കാറ്റ്’; ചൈനയിലും തായ്‌വാനിലും കനത്ത നാശനഷ്‌ടം: 20 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

തീരദേശ മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

236

തായ്‌വാനിലും തെക്കന്‍ ചൈനയിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. 20 ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. തായ്‌വാനില്‍ 17 പേരാണ് മരിച്ചത്. 125 ഓളം പേരെ കാണാതായി. ഉയര്‍ന്ന വേലിയേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത ഉള്ളതിനാല്‍ തീരദേശ മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലും ശക്തമായ മഴയും കാറ്റും ജനജീവിതത്തെ ബാധിച്ചു.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കാറ്റിനെയും മഴയെയും പ്രതിരോധിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ ചൈനയില്‍ നടപ്പാക്കിയിരുന്നു. ഹ്വാളിയൻ കൗണ്ടിയിൽ തടാകം കരകവിഞ്ഞു.

ഫിലിപ്പീന്‍സില്‍ ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് 17,500ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചത്. ഫിലിപ്പീന്‍സിലെ അപാരി പട്ടണത്തിലാണ് റാഗസ ചുഴലിക്കാറ്റ് ആദ്യം ആഞ്ഞടിച്ചത്.

വർഷങ്ങളായി ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിൽ ഒന്നായ റാഗസ തായ്‌വാനെ സാരമായി ബാധിച്ചു. ഫിലിപ്പീൻസിൽ ഇതിനകം തന്നെ നിരവധി ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ട്. ഹോങ്കോങ്ങിലും ഇത് നാശം വിതക്കുന്നു.

ചൊവ്വാഴ്‌ച ഹുവാലിയൻ കൗണ്ടിയിലെ തടാകം കരകവിഞ്ഞൊഴുകി. ഗ്വാങ്ഫു ടൗൺഷിപ്പിലൂടെ ചെളിയും വെള്ളവും ഒഴുകി. ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി, ഒരു പ്രധാന പാലം ഒലിച്ചു പോയി. ടൗൺഷിപ്പിലെ നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്ന് ഗ്രാമത്തലവൻ വാങ് സെ- ആൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

രക്ഷാ പ്രവർത്തനങ്ങളെ സഹായിക്കാൻ 300-ലധികം സൈനികരെ വിന്യസിച്ചു. 7,000-ത്തിലധികം ആളുകളെ തീരത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു.

തായ്‌വാനിൻ്റെ കിഴക്ക് ഭാഗത്ത് ഏകദേശം 70 സെന്റീ മീറ്റർ (28 ഇഞ്ച്) മഴ പെയ്തെങ്കിലും കൂടുതൽ ജനസാന്ദ്രതയുള്ള പടിഞ്ഞാറൻ തീരത്തെ ചുഴലിക്കാറ്റ് മഴയിൽ നിന്ന് രക്ഷിച്ചു.

ഹോങ്കോങ്ങിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ചു

ബുധനാഴ്‌ച പുലർച്ചെ ഹോങ്കോങ്ങിൽ മണിക്കൂറിൽ 195 കിലോമീറ്റർ (120 മൈൽ) വേഗതയിൽ വീശിയ കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും തീരദേശ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകുകയും ആളുകളെ താൽക്കാലിക ഷെൽട്ടറുകളിൽ അഭയം തേടാൻ നിർബന്ധിതരാക്കുകയും ചെയ്‌തു.

വിമാന സർവീസുകൾ, സ്‌കൂളുകൾ, ട്രെയിൻ സർവീസുകൾ എന്നിവ നിർത്തി വെച്ചതായും അധികൃതർ അറിയിച്ചു. മക്കാവോയിലും, ജപ്പാൻ, ഓസ്‌ട്രേലിയ, ചൈന എന്നിവിടങ്ങളിലും വിമാന സർവീസുകൾ നിർത്തിവച്ചു.

കൊടുങ്കാറ്റിനെ നേരിടാൻ ഒരുങ്ങി ദക്ഷിണ ചൈന

റാഗസ തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ ഒരു ദശലക്ഷത്തിലധികം ആളുകളെ മാറ്റി പാർപ്പിക്കാൻ നിർബന്ധിതരാക്കി. ദേശീയ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ബുധനാഴ്‌ച ആണ് കൊടുങ്കാറ്റ് തെക്കൻ ചൈനയിൽ കരതൊട്ടത്.

ദക്ഷിണ ചൈനയിലെ കുറഞ്ഞത് പത്ത് നഗരങ്ങളിലെ ബിസിനസുകളും സ്‌കൂളുകളും അടച്ചുപൂട്ടാൻ ചൈനീസ് അധികൃതർ ഉത്തരവിട്ടു. തിങ്കളാഴ്ച മുതൽ രാഗസ ഈ മേഖലയിൽ നാശം വിതക്കുകയാണ് .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.