മുൻനിര റൈഡ് ഷെയറിംഗ് കമ്പനിയായ ഉബർ കോർപ്പറേറ്റ് ജീവനക്കാർക്കുള്ള ‘വർക്ക് ഫ്രം ഹോം’ നയം കർശനമാക്കി. ഇനി മുതൽ ജീവനക്കാർ ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്നാണ് കമ്പനിയുടെ പുതിയ നിർദേശം. ഉബർ സിഇഒ ദാര ഖോസ്രോഷാഹി ഇമെയിൽ മുഖേനയാണ് ജീവനക്കാരെ പുതിയ നയം ഔദ്യോഗികമായി അറിയിച്ചത്.
നിലവിൽ പൂർണമായും റിമോട്ടായി ജോലി ചെയ്യുന്ന ജീവനക്കാരോട്, തങ്ങളുടെ ടീമുകളുമായി നേരിട്ട് സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ ഉബറിന്റെ ഓഫീസുകളുള്ള പ്രദേശങ്ങളിലേക്ക് മാറാനും നിർദേശിച്ചിട്ടുണ്ട്. കമ്പനിയുടെ ആകെ ജീവനക്കാരിൽ ഒരു ശതമാനം പേർക്ക് മാത്രമായിരിക്കും പൂർണസമയ റിമോട്ട് ജോലി അനുവദിക്കുക.
മാനേജർമാരും അവരുടെ ടീമുകളും ഒരേ സ്ഥലത്തിരുന്ന് പ്രവർത്തിക്കുന്ന സാഹചര്യം ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. ഇതിനായി ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ നഗരങ്ങളിൽ പ്രധാന ഓഫീസ് ഹബ്ബുകളും സജ്ജീകരിച്ചിട്ടുണ്ട്.
അതിനിടെ, ഉബർ അടുത്തിടെ ആഗോളതലത്തിൽ ഏകദേശം 10 ശതമാനം ജീവനക്കാരെ, അതായത് ഏകദേശം 3,300 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വൻതോതിലുള്ള ജീവനക്കാരുടെ കുറവ് വരുത്തിയതിന് പിന്നാലെയാണ് വർക്ക് ഫ്രം ഹോം നയത്തിലും കമ്പനി നിർണായക മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
അനാവശ്യമായ മാനേജ്മെന്റ് വിഭാഗങ്ങൾ കുറയ്ക്കുന്നതിനും കമ്പനിയുടെ നിക്ഷേപങ്ങൾ പുനഃപരിശോധിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് ഉബർ അറിയിച്ചു. അതേസമയം, പുതിയ ഓഫീസ് നയം കോർപ്പറേറ്റ് ജീവനക്കാർക്ക് മാത്രമാണ് ബാധകമാകുക. ഉബറിന്റെ ഡ്രൈവർമാരെയും മറ്റ് ഓപ്പറേഷൻ ജീവനക്കാരെയും ഇത് ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.


