യുഡിഎഫ് ഭരണം സംഘപരിവാറിന് “വെടിമരുന്ന് ഉണക്കാനുള്ള സമയം” ആണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംഘപരിവാർ അത്തരത്തിലാണ് കാണുന്നതെന്നും, ബിജെപി കേരളത്തിൽ ‘സൈലന്റ് അറ്റാക്ക്’ നടത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ജയരാജൻ, ഹൈന്ദവ ആരാധനാലയങ്ങളെ ഹിന്ദുത്വ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. വിശ്വാസികളെ വർഗീയവത്കരിച്ച് ആർഎസ്എസിൻ്റെ അണികളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രധാന ഉത്തരവാദിത്തമെന്നും പി. ജയരാജൻ വ്യക്തമാക്കി.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇടയിലും സമാനമായ രീതിയിൽ വർഗീയ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയായി ചിത്രീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് പി. ജയരാജൻ വിമർശിച്ചു.


