...
Home News Kerala ഉദുമ വീണ്ടും ചുവക്കും; പ്രചരണത്തിൽ മുന്നേറി എൽഡിഎഫ്; തുടക്കത്തിലെ പിന്നിലായി യുഡിഎഫ്

ഉദുമ വീണ്ടും ചുവക്കും; പ്രചരണത്തിൽ മുന്നേറി എൽഡിഎഫ്; തുടക്കത്തിലെ പിന്നിലായി യുഡിഎഫ്

272

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ എൽ.ഡി.എഫ് ആധിപത്യം തുടരുന്നതായി സൂചനകൾ. നിലവിലെ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പുവിനെ തന്നെ കളത്തിലിറക്കി ഇടതുകോട്ട കാക്കാനുള്ള ഒരുക്കത്തിലാണ് ഇടതുമുന്നണി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ മണ്ഡല കേന്ദ്രീകൃതമായ പ്രവർത്തനം ആരംഭിക്കാൻ പാർട്ടി നൽകിയ നിർദ്ദേശം സി.എച്ച്. കുഞ്ഞമ്പുവിന് വലിയ മുൻതൂക്കം നൽകിയിട്ടുണ്ട്.

​2021-ലെ തിരഞ്ഞെടുപ്പിൽ 13,000-ത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.എച്ച്. കുഞ്ഞമ്പു വിജയിച്ചത്. എന്നാൽ ഇത്തവണ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി പ്രചാരണം ശക്തമാക്കിയതോടെ ഈ ഭൂരിപക്ഷം കുത്തനെ വർദ്ധിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ താഴെത്തട്ടിൽ തുടങ്ങിയ സ്ക്വാഡ് പ്രവർത്തനങ്ങളും കുടുംബയോഗങ്ങളും എൽ.ഡി.എഫ് ക്യാമ്പിന് ആത്മവിശ്വാസം നൽകുന്നു.

​മറുഭാഗത്ത് യു.ഡി.എഫ് ക്യാമ്പ് തുടക്കത്തിലേ പിന്നിലായ അവസ്ഥയിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് പ്രചാരണ രംഗത്ത് വലിയ തിരിച്ചടിയായി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. നീലകണ്ഠൻ എത്തിയെങ്കിലും, മണ്ഡലത്തിൽ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും യു.ഡി.എഫിന് ഇനിയും വേഗത കൈവരിക്കാനായിട്ടില്ല.

വികസന വിഷയങ്ങൾ ഉയർത്തി എൽ.ഡി.എഫ് മുന്നേറുമ്പോൾ അതിനെ പ്രതിരോധിക്കാൻ കൃത്യമായ തന്ത്രങ്ങളില്ലാതെ യു.ഡി.എഫ് മന്ദഗതിയിലാണ്. ​ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് യു.ഡി.എഫ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും, സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതാക്കൾക്കിടയിൽ ശക്തമായ അതൃപ്തി നിലനിൽക്കുന്നതായാണ് സൂചന.

തിരഞ്ഞെടുപ്പ് അടുത്തിട്ടും പാർട്ടിക്കുള്ളിലെ വിഭാഗീയത പരിഹരിക്കാൻ കഴിയാത്തത് പ്രവർത്തകർക്കിടയിലും നിരാശ പടർത്തുന്നുണ്ട്. ഗ്രൂപ്പ് തർക്കങ്ങളും പ്രചാരണത്തിലെ മെല്ലെപ്പോക്കും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുമ്പോൾ, ചിട്ടയായ പ്രവർത്തനത്തിലൂടെ ഉദുമ നിലനിർത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.