...
Home News International വയനാട് ദുരന്തം; മൂന്നു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കാമെന്ന് യുകെ മലയാളി

വയനാട് ദുരന്തം; മൂന്നു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കാമെന്ന് യുകെ മലയാളി

അതേസമയം ,ഭൂമി നല്‍കുന്ന കാര്യം സിബു ഭാര്യയോടും മക്കളോടും സൂചിപ്പിച്ചപ്പോള്‍ ഏവരും പറഞ്ഞത് ഒരേകാര്യം, നല്ലതല്ലേ വെറുതെ കിടക്കുന്ന സ്ഥലം ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നായിരുന്നു.

239

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി ഇന്ന് തീരുമാനം എടുത്തു. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കാനാണ് സർക്കാർ തീരുമാനം .

ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ തങ്ങൾക്ക് സാധിക്കുന്നപോലെ വയനാടിന് പലതരത്തിലുള്ള സഹായങ്ങളുമായി എത്തുകയാണ്

യുകെ മലയാളിയും പൊതു പ്രവര്‍ത്തകനുമായ കേറ്ററിംഗിലെ സിബു ജോസഫ് തന്റെ നാടായ തൃശൂരിലെ മാളയില്‍ ഉള്ള തന്റെ സ്ഥലത്തില്‍ നിന്നും മൂന്നു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കാമെന്നു അറിയിച്ചു. ആശിച്ചു വാങ്ങിയ സ്ഥലമാണ് സിബു ഇപ്പോള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

മാർക്കറ്റ് വിലയിൽ സെന്റിന് ഒന്നേകാല്‍ മുതല്‍ ഒന്നര ലക്ഷം രൂപ വിലയുള്ള വാഹനമെത്തുന്ന റോഡുള്ള ഭൂമിയാണിത്. വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തില്‍ ആ നാട് ഉപേക്ഷിച്ചു ഒരു വീട് വയ്ക്കണം എന്നാഗ്രഹിക്കുന്ന കുടുംബത്തിന് സ്ഥലം സ്വന്തമായില്ലെങ്കില്‍ തന്റെ സ്ഥലം പൂര്‍ണ രേഖകളോടെ എഴുതി നല്‍കാമെന്നു സിബു പറയുന്നു.

നേരത്തെ കേരളം പ്രളയ ദുരന്തത്തിൽ ആയപ്പോഴും കോവിഡ് മഹാമാരിക്കാലത്തും ഒക്കെ തന്നെക്കൊണ്ടാവും വിധം സഹായം നല്‍കിയ വ്യക്തിയാണ് സിബു. ഇപ്പോഴും കെയര്‍ ഹോമില്‍ ജോലി ചെയ്യുന്ന സിബുവും കേറ്ററിംഗ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നഴ്സായ ഭാര്യ ഷേര്‍ളിയും മൂന്നു മക്കളുള്ള കുടുംബത്തിനായി ജോലി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്.

നാട്ടില്‍ ജോലി ചെയ്ത കാലത്തു ആശിച്ചു വാങ്ങിയ സ്ഥലമാണ് സിബു ഇപ്പോള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ബാംഗ്ലൂരില്‍ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത കാലത്തു ഒന്നര പതിറ്റാണ്ട് മുന്‍പാണ് ഈ സ്ഥലം സിബു വാങ്ങുന്നത്. യുകെയില്‍ വരണമെന്ന് അതിയായ ആഗ്രഹത്തോടെ എത്തിയ ആളല്ല സിബു. ഭാര്യ യുകെയില്‍ എത്തി നാല് വര്‍ഷം കഴിഞ്ഞാണ് പാസ്പോർട്ട് പോലും സ്വന്തമാക്കിയത്. എന്നും നാടൊരു മോഹം തന്നെയായിരുന്നു എങ്കിലും ഇപ്പോള്‍ നാട്ടിലേക്കൊരു മടക്കം ഉറപ്പില്ലാത്ത നിലയില്‍ ആയിരിക്കുകയാണ്.

അതേസമയം ,ഭൂമി നല്‍കുന്ന കാര്യം സിബു ഭാര്യയോടും മക്കളോടും സൂചിപ്പിച്ചപ്പോള്‍ ഏവരും പറഞ്ഞത് ഒരേകാര്യം, നല്ലതല്ലേ വെറുതെ കിടക്കുന്ന സ്ഥലം ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ എന്നായിരുന്നു. ഇദ്ദേഹത്തിന്റെ മക്കളായ കീല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ആന്‍ജെല്‍, എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ അലീന, എട്ടില്‍ പഠിക്കുന്ന അലന്‍ എന്നിവര്‍ക്കും ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതില്‍ പൂര്‍ണ സന്തോഷമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.