...
Home News International യുകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി ആലോചിക്കുന്നതായി റിപ്പോർട്ട്

യുകെയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജി ആലോചിക്കുന്നതായി റിപ്പോർട്ട്

2024 ലെ പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി പ്രധാനമന്ത്രിയായ സ്റ്റാർമർക്ക് , രണ്ട് വർഷത്തിനുള്ളിൽ അംഗീകാരം കുറഞ്ഞതും ആഭ്യന്തര ഭിന്നതകൾ രൂക്ഷമായതും പാർട്ടിക്ക് തിരിച്ചടിയായി.

146

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തൽ. ഡെയ്‌ലി മെയിൽ പത്രപ്രവർത്തകൻ ഡാൻ ഹോഡ്ജസിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാർമർ തന്റെ സ്ഥാനമൊഴിയൽ സംബന്ധിച്ച് ആലോചിക്കുന്നതായി ഒരു കാബിനറ്റ് മന്ത്രി സൂചിപ്പിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യം തുടരാനാവില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടെന്നും, “സ്വന്തം നിബന്ധനകളിൽ മാന്യമായി പിന്മാറാൻ” ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി പ്രധാനമന്ത്രിയായ സ്റ്റാർമർക്ക് , രണ്ട് വർഷത്തിനുള്ളിൽ അംഗീകാരം കുറഞ്ഞതും ആഭ്യന്തര ഭിന്നതകൾ രൂക്ഷമായതും പാർട്ടിക്ക് തിരിച്ചടിയായി. തദ്ദേശ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനവും സമ്മർദ്ദം വർധിപ്പിച്ചു.

സമീപകാലത്ത് നാല് ജൂനിയർ മന്ത്രിമാർ രാജിവെച്ചതോടെ പ്രതിസന്ധി കൂടുതൽ ശക്തമായി. ബിബിസി റിപ്പോർട്ടുകൾ പ്രകാരം 80-ലധികം ലേബർ എംപിമാർ സ്റ്റാർമറിനെ രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, 100-ലധികം എംപിമാർ നേതൃത്വം മാറ്റം ഇപ്പോൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രിയാവട്ടെ, താൻ രാജിവയ്ക്കില്ലെന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. “രാജ്യം ഭരണത്തിൽ തുടർച്ച പ്രതീക്ഷിക്കുന്നു, അതാണ് സർക്കാർ ചെയ്യുന്നത്” എന്ന് സ്റ്റാർമർ പറഞ്ഞു.
2016 ലെ ബ്രെക്സിറ്റ് റഫറണ്ടത്തിന് ശേഷമുള്ള യുകെ രാഷ്ട്രീയ അസ്ഥിരതയുടെ തുടർച്ചയായാണ് നിലവിലെ സാഹചര്യം വിലയിരുത്തപ്പെടുന്നത്. മുൻ പ്രധാനമന്ത്രിമാരായ തെരേസ മെയ് , ബോറിസ് ജോൺസൺ , ലിസ് ട്രസ് എന്നിവരുടെ രാജികൾ ഉൾപ്പെടെ രാജ്യത്ത് തുടർച്ചയായ രാഷ്ട്രീയ പ്രതിസന്ധികൾ നേരത്തെ ഉണ്ടായിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.