യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ആളപായമില്ലാതെ സൈനികരുടെ ഒളിത്താവളങ്ങൾ കണ്ടെത്താൻ ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലത്തിൽ, ശത്രു ഡ്രോണുകളുടെ സാമീപ്യം തിരിച്ചറിയാനും അവയിലെ ദൃശ്യങ്ങൾ തത്സമയം ചോർത്താനുമായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് യുക്രൈൻ. റഷ്യൻ ഡ്രോണുകളിൽ നിന്നുള്ള വീഡിയോ സിഗ്നലുകൾ തത്സമയം പിടിച്ചെടുത്ത്, ഡ്രോൺ ക്യാമറയിലൂടെ എന്താണോ കാണുന്നത് അത് യുക്രൈനിയൻ സൈനികർക്ക് നേരിട്ട് കാണിച്ചുകൊടുക്കാൻ ശേഷിയുള്ള ‘ഡി-വിഷൻ എസ്ഡിആർ’ (D-Vision SDR) എന്ന അത്യാധുനിക ഉപകരണമാണ് യുക്രൈനിയൻ എൻജിനീയറിങ് സംഘം വികസിപ്പിച്ചത്. കീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന CODE380 എന്ന വാർത്താവിനിമയ ഉപകരണ നിർമാണ കമ്പനിയാണ് ഒന്നര വർഷത്തെ പ്രവൃത്തികൾക്ക് ഒടുവിൽ ഇത് പുറത്തിറക്കിയത്.
ഡി-വിഷൻ എസ്ഡിആർ 500 മുതൽ 8,700 MHz വരെയുള്ള റേഡിയോ സ്പെക്റ്റ്രം യാതൊരുവിധ ‘ബ്ലൈൻഡ് സ്പോർട്ടുകളും’ ഇല്ലാതെ സ്കാൻ ചെയ്യുന്നു. സാധാരണ ഡിറ്റക്ടറുകൾ അനലോഗ് റിസീവറുകൾ ട്യൂൺ ചെയ്താണ് പ്രവർത്തിക്കുന്നതെങ്കിൽ, സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് റേഡിയോ (SDR) സാങ്കേതികവിദ്യയിലാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ശത്രു ഡ്രോണുകളുടെ ഫ്രീക്വൻസി മാറിയാലും പുതിയ ഹാർഡ്‌വെയർ ആവശ്യമില്ലാതെ കോഡിംഗിലൂടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്ത് ഉപകരണം പരിഷ്കരിക്കാൻ സാധിക്കും. മാസം രണ്ടു തവണയെങ്കിലും ഇതിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭ്യമാക്കാറുണ്ട്.
നിലവിൽ യുക്രൈൻ സൈന്യം ഈ ഉപകരണം പരീക്ഷണാടിസ്ഥാനത്തിൽ യുദ്ധമുഖത്ത് ഉപയോഗിക്കുന്നുണ്ട്. സൈനികരിൽ നിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനി കൂടുതൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നൽകിവരുന്നു. റഷ്യയിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, മറഞ്ഞിരിക്കുന്ന സൈനികർക്ക് ശത്രു ഡ്രോണുകൾ തങ്ങളെയാണോ ലക്ഷ്യമിടുന്നത് എന്ന് മനസ്സിലാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും ഈ സാങ്കേതികവിദ്യ വലിയ തോതിൽ സഹായകമാകുന്നുണ്ട്.
ശത്രു ഡ്രോണുകളിലെ ദൃശ്യങ്ങൾ ചോർത്തുന്ന വിദ്യയിൽ ഡി-വിഷൻ എസ്ഡിആറിന് പുറമെ മറ്റ് ചില ഉപകരണങ്ങളും യുക്രൈൻ ഉപയോഗിക്കുന്നുണ്ട്. ബബായ് (Babai) എന്ന യുക്രൈനിയൻ കമ്പനി വികസിപ്പിച്ച ‘വൈഡുൻ 7.5’ (Vydun 7.5) എന്ന ഉപകരണത്തിനും കിലോമീറ്ററുകൾക്കപ്പുറമുള്ള റഷ്യൻ ഡ്രോണുകളുടെ ദൃശ്യങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഇതിനുപുറമെ, ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി മറ്റ് ചില അപൂർവ്വ സാങ്കേതികവിദ്യകളും യുക്രൈൻ യുദ്ധരംഗത്ത് പരീക്ഷിച്ചുവരുന്നു.
ഇത്തരത്തിൽ മറ്റൊരു പ്രധാന മുന്നേറ്റമാണ് Ptashka Drones നിർമ്മിച്ച ‘കേൾക്കാൻ കഴിവുള്ള’ ഡ്രോണുകൾ. തങ്ങളുടെ ഫൈബർ-ഓപ്റ്റിക് എഫ്പിവി (FPV) ഡ്രോണുകളിൽ മൈക്രോഫോണുകൾ ഘടിപ്പിച്ചാണ് ഇവർ ഈ അപൂർവ്വ ശേഷി കൈവരിച്ചത്. ശത്രുക്കൾ കടന്നുപോകാൻ സാധ്യതയുള്ള ഇടങ്ങളിൽ ചലിക്കാതെ കാത്തിരുന്ന് (‘zhdun’ അല്ലെങ്കിൽ ‘വെയിറ്റർ’ ഡ്രോണുകൾ) ശബ്ദവിവരങ്ങൾ ശേഖരിക്കാൻ ഇവയ്ക്ക് കഴിയും. 20 മുതൽ 30 മീറ്റർ അകലെയുള്ള സംസാരിക്കുന്ന ശബ്ദങ്ങളും 50 മുതൽ 200 മീറ്റർ വരെയുള്ള വാഹനങ്ങളുടെ ശബ്ദങ്ങളും തിരിച്ചറിയാൻ ഈ ഡ്രോണുകൾക്ക് സാധിക്കും.


