തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കന്റോണ്‍മെന്റ് എസ്‌ഐക്കും ചട്ടവിരുദ്ധമായി ഫേസ്ബുക്ക് പോസ്റ്റിട്ട സിഐക്കുമെതിരെ കര്‍ശന നടപടി ഉറപ്പായി. സംഭവത്തില്‍ എസ്‌ഐ ജി. ഗോകുലിനോടും സിഐ സതീഷിനോടും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടി.
എസ്‌ഐ ഗോകുല്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണെന്നും, സിഐ സതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് സേനാ ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍. ഇരുവര്‍ക്കുമെതിരെയുള്ള വകുപ്പുതല നടപടികളുടെ ഭാഗമായാണ് വിശദീകരണം തേടിയിരിക്കുന്നത്.
വിവരങ്ങള്‍ ഇങ്ങനെ
- സിഐയുടെ മടങ്ങിവരവ്: എസ്എഫ്‌ഐയുമായുള്ള ഏറ്റുമുട്ടലിനും വിവാദങ്ങള്‍ക്കും പിന്നാലെ അവധിയില്‍ പ്രവേശിച്ചിരുന്ന കന്റോണ്‍മെന്റ് സിഐ സതീഷ് കുമാര്‍ അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിച്ചു. സിഐയുടെ തിരിച്ചുവരവിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
- കമ്മീഷണറുടെ താക്കീത്: യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ സിഐ സതീഷിനെ നേരിട്ട് വിളിപ്പിച്ച സിറ്റി പൊലീസ് കമ്മീഷണര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എസ്എഫ്‌ഐക്കെതിരെ മോശം പദങ്ങള്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് കമ്മീഷണര്‍ താക്കീത് നല്‍കിയത്. പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നടപടികള്‍ ഉണ്ടാകരുതെന്നും കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ സിഐ വിവാദ പോസ്റ്റ് പിന്‍വലിക്കുകയും അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
- എസ്എഫ്‌ഐ പ്രതിഷേധം തുടരും: സിഐ സതീഷിനും എസ്‌ഐ ഗോകുല്‍ ഗോപനും എതിരായ പ്രതിഷേധങ്ങളും ക്യാമ്പയിനുകളും ശക്തമായി തുടരാനാണ് എസ്എഫ്‌ഐയുടെ തീരുമാനം. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഉണ്ടായ പൊലീസ് അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ക്യാമ്പസുകളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി.


